| Saturday, 13th June 2020, 7:51 pm

ഒടുവില്‍ കുഞ്ഞു ഡ്രാഗണുകള്‍ പുറത്തേക്ക്; അപൂര്‍വ്വമായ സംഭവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തെ അപൂര്‍വ ഇനം ജീവികളായ ബേബി ഡ്രാഗണുകളെ ഇനി മനുഷ്യര്‍ക്ക് നേരില്‍ കാണാം. സ്ലൊവെനിയയിലെ ലബോറട്ടറിയാലാണ് മൂന്ന് ബേബി ഡ്രാഗണുകളെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. സ്ലൊവെനിയയിലെ പൊസ്റ്റൊജ്‌ന ലബോറട്ടറിയിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്.

2016 ല്‍ മുട്ട വിരിയിച്ച് നാലു വര്‍ഷത്തോളം രഹസ്യമായി സംരക്ഷിക്കപ്പെട്ട ബേബി ഡ്രാഗണുകളെയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. Olm,proteus angiuh എന്നീ പേരുകളിലറിയപ്പെടുന്ന ഇവയെ ബേബി ഡ്രാഗണുകള്‍ എന്നാണ് പൊതുവെ വിളിക്കാറ്.

ജലജീവികളായ ബേബി ഡ്രാഗണുകള്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പ്രത്യുല്‍പാദനം നടത്തുക. 100 വര്‍ഷമാണ് ഇവയുടെ ആയുസ്. പിങ്ക് നിറത്തില്‍ കാണപ്പെടുന്ന ഈ ജീവികള്‍ക്ക് കാഴ്ച ശക്തിയില്ല. നാലു കാലുകളാണിവയ്ക്കുള്ളത്. തെക്കന്‍ യൂറോപ്പ് കാര്‍സ്റ്റ് മേഖലയിലെ വെള്ളത്തിനടിയിലെ ഇരുണ്ട ഗുഹകളിലാണ് ഇവ കാണപ്പെടുന്നത്. 35 സെന്റിമീറ്റര്‍ വരെയാണ് ഇവയുടെ പരമാവധി ശരീര വളര്‍ച്ച. വര്‍ഷങ്ങളോളം ഇവയ്ക്ക് ഭക്ഷണമില്ലാതെ കഴിയാന്‍ പറ്റും.

2016 ലാണ് ലാബില്‍ ഇവയുടെ 64 മുട്ടകള്‍ വിരിയിച്ചത്. ഇതില്‍ 21 എണ്ണം അതിജീവിച്ചു. ഇവയിലുള്‍പ്പെട്ടതാണ് ഇപ്പോള്‍ ലാബിലെ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ബേബി ഡ്രാഗണുകള്‍.

വിരിയിച്ചെടുത്ത ഡ്രാഗണുകളുടെ സുരക്ഷയ്ക്കായി രഹസ്യമായി ഇവയെ ലാബ് അധികൃതര്‍ സൂക്ഷിക്കുകയായിരുന്നു. ഒരു ദിവസം 30 സന്ദര്‍ശകരെ മാത്രമേ ഇവയെ കാണാന്‍ അനുമതി നല്‍കുകയുള്ളൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more