മേപ്പാടി: അഭിനേത്രി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെ വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വെച്ച് ബോബിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ബോബിയെ പിടികൂടിയത്.
ബോബിയെ പുത്തൂര്‍വയല്‍ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം അന്വേഷണ സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ബോബി ചെമ്മണ്ണൂരിനെതിരായ നടപടിയില്‍ ആശ്വാസമെന്ന് ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി എന്നിവരുമായി സംസാരിക്കാന്‍ കഴിഞ്ഞെന്നും ഹണി റോസ് പറഞ്ഞു.
പരാതിയില്‍ നടപടിയുണ്ടാകുമെന്നും വിഷയം ഗൗരവമായി കണക്കിലെടുക്കുമെന്നും ഉറപ്പ് ലഭിച്ചതായും ഹണി റോസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇന്നലെ (ചൊവ്വാഴ്ച)യാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നല്‍കിയത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു.
തന്നെ ഒരു പ്രമുഖന്‍ പിന്തുടര്‍ന്ന് അധിക്ഷേപിക്കുന്നുവെന്നാണ് ഹണി റോസ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചത്.
ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലെന്ന വിവരം പുറത്തുവരുന്നത്.
Content Highlight: Baby Chemmannur in custody on Honey Rose’s complaint