അമിത പ്രതിഫലം വാങ്ങുന്നതില്‍ താരങ്ങളെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നടനും അമ്മ സംഘടനയുടെ എക്സിക്യൂട്ടിവ് മെമ്പറുമായ ബാബുരാജ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താരങ്ങള്‍ അമിത പ്രതിഫലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കേയാണ് ബാബുരാജിന്റെ പ്രസ്താവന. അമിത പ്രതിഫലം വാങ്ങുന്നതില്‍ താരങ്ങളെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഒരു സിനിമ ചെയ്യുമ്പോള്‍ ആ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിര്‍മാതാക്കള്‍ ആണെന്നും ബാബുരാജ് പറഞ്ഞു. ആര്‍ട്ടിസ്റ്റ് പറയുന്ന പ്രതിഫലത്തോട് യോജിക്കുന്നില്ലെങ്കില്‍ അയാളുടെ അടുത്തേക്ക് പോകേണ്ടതില്ലെന്നും എന്നാല്‍ അവരെ തന്നെ വേണം എന്ന് പറയുന്നതും ന്യായമല്ല ബാബുരാജ് പറഞ്ഞു.
‘ആര്‍ട്ടിസ്റ്റ് പറയുന്ന പ്രതിഫലത്തോട് യോജിക്കുന്നില്ലെങ്കില്‍ അയാളെ ആ സിനിമയില്‍ എടുക്കണ്ട. പ്രധാനപ്പെട്ട ഒരു നിര്‍മാതാവും അയാളുടെ അടുത്തേക്ക് പോകില്ല. പുതിയതായി വരുന്നവരാണ് പോകുന്നത്. അദ്ദേഹം അയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നു. സിനിമ വിജയമായില്ലെങ്കിലും 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുമ്പോള്‍ കൊടുക്കാന്‍ തയ്യാറുകുന്നു.
ഒരു ആര്‍ട്ടിസ്റ്റിനെവെച്ച് നോക്കുമ്പോള്‍ ശമ്പളം താഴേക്ക് പോയാല്‍ എപ്പോഴും താഴേക്ക് തന്നെ പോകും. അപ്പോള്‍ അതിനൊന്നും ആര്‍ട്ടിസ്റ്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ ആ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിര്‍മാതാക്കളും അതിന്റെ മാനേജര്‍മാരും കണ്‍ട്രോളര്‍മാരുമാണ്. എന്നാല്‍ അവര്‍ പറയുന്ന ചില കാര്യങ്ങള്‍ അന്ധമായി എതിര്‍ക്കുവാനും സാധിക്കില്ല.
പറയുന്ന ശമ്പളം കൊടുക്കാന്‍ പറ്റുകയുമില്ല, എന്നാല്‍ അവരെ തന്നെ വേണം എന്ന് പറയുന്നത് ന്യായമല്ല. ഈ പറയുന്നവര്‍ ലഹരിവരെ എത്തിച്ച് കൊടുക്കും ഡേറ്റ് കിട്ടാന്‍ വേണ്ടി. ഇന്‍ഡസ്ട്രിയിലേക്ക് പുതിയതായി വരുന്ന നിര്‍മാതക്കള്‍ക്കാണ് ഈ പ്രശ്നം വരുന്നത്. ഞാനൊക്കെ ഇരുപതാമത്തെ പടത്തിലാണ് ആദ്യമായി ശമ്പളം വാങ്ങുന്നത് അതും ആയിരം രൂപ.
എന്നാല്‍ ഇപ്പോഴത്തേ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലക്ഷങ്ങളാണ് കിട്ടുന്നത്. ആദ്യത്തെ സിനിമ അഭിനയിക്കാന്‍ വന്നാല്‍ തന്നെ അവര്‍ക്ക് യാത്രാ ചിലവും ഒരു മിനിമം ചാര്‍ജും ലഭിക്കും. പക്ഷെ പിന്നീട് അവര്‍ ചോദിക്കുന്നത് ലക്ഷങ്ങളാണ്,’ ബാബുരാജ് പറഞ്ഞു.
പ്രതിഫലത്തില്‍ വരുത്തിയ വര്‍ധനവ് സിനിമയെ ബാധിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് ബാബു രാജിന്റെ മറുപടിയായി ഇങ്ങനെയായിരുന്നു.
‘ഞാനെക്കെ സിനിമ ചെയ്യുന്ന സമയത്ത് സ്വന്തമായി റൂം എടുത്താണ് താമസിച്ചിരുന്നത്. ആഹാരം സ്വയം വാങ്ങിച്ചാണ് കഴിച്ചിരുന്നത് .ആ ബുദ്ധിമുട്ടൊന്നും ഇപ്പോഴത്തെ ആര്‍ട്ടിസ്റ്റുകള്‍ അനുഭവിക്കുന്നില്ല,’ബാബുരാജ് പറഞ്ഞു.