| Thursday, 6th June 2024, 8:22 pm

ആ ഡയലോഗ് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു; ഞാന്‍ വിക്രം സിനിമയുടെ സെറ്റില്‍ നിന്നിറങ്ങി: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ വിക്രത്തിനെ നായകനാക്കി സുനില്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷന്‍ ഡ്രാമ ചിത്രമാണ് റെഡ് ഇന്ത്യന്‍സ്. വിക്രത്തിന് പുറമെ വിജയരാഘവന്, പ്രീത വിജയകുമാര്‍, ദേവന്‍, അബു സലിം തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമാണ് ഇത്.

ഈ സിനിമയില്‍ ജംബോ ശങ്കര്‍ എന്ന കഥാപാത്രമായി എത്തിയത് ബാബുരാജായിരുന്നു. റെഡ് ഇന്ത്യന്‍സിന്റെ ഷൂട്ടിങ്ങിന്റെ ഇടയില്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.

‘ഇന്നത്തെ സിനിമയല്ല പണ്ടത്തേത്. ഇന്ന് സിനിമയില്‍ ഒരുപാട് ചാന്‍സുകളുണ്ട്. ഇപ്പോള്‍ സിനിമ മൊത്തം എറണാകുളത്തേക്ക് മാറി. പണ്ട് കോടമ്പാക്കത്തും മറ്റും പോകണമായിരുന്നു. മാത്രമല്ല, അന്ന് അവര്‍ക്കൊക്കെ ഫിക്‌സ്ഡ് ആക്ടേഴ്‌സ് ഉണ്ടാകും.

പണ്ട് ഫിലിമിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. അത് ഒരുപാട് എക്‌സ്‌പെന്‍സീവുമാണ്. അതുകൊണ്ട് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്യുമ്പോള്‍ പ്രൊഡ്യൂസര്‍ സിനിമ എത്ര ഫിലിമില്‍ തീര്‍ക്കണമെന്നാണ് പ്ലാന്‍ ചെയ്യുക. അതുകൊണ്ട് അഭിനയിച്ച് പരിചയമുള്ളവരെയാണ് മിക്കപ്പോഴും അവര്‍ കൊണ്ടുവരിക.

ഡയലോഗ് പറയാനും അങ്ങനെയുള്ള ആളുകളെ മാത്രമാണ് എടുക്കുക. അതുപോലെ നമ്മള്‍ ഒരു ഡയലോഗ് പറഞ്ഞ് തെറ്റിച്ചാല്‍ അതിന് റീ ടേക്ക് ഉണ്ടാകില്ല. ഡയലോഗ് പറയാന്‍ സാധിക്കുന്ന മറ്റൊരാള്‍ക്ക് അവസരം കൊടുക്കുകയാണ് ചെയ്യുക.

ഞാന്‍ വിക്രം ഹീറോയായ റെഡ് ഇന്ത്യന്‍സ് എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഇതുപോലെ ഒരു സംഭവമുണ്ടായിരുന്നു. അന്ന് തമിഴ് ആളെ കൊണ്ട് ഡയലോഗ് പറയിപ്പിക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ ആണെങ്കില്‍ ഈ ചാന്‍സ് എനിക്കാണെങ്കില്‍ ഡയലോഗ് പറയാമായിരുന്നു എന്ന ചിന്തയിലാണ്.

മൂന്നും നാലും ടേക്കായപ്പോള്‍ ആ ഡയലോഗ് ഞാന്‍ പറയട്ടെ സാറേയെന്ന് ഡയറക്ടറോട് ചോദിച്ചു. ടേക്ക് എടുക്കുന്നതിന്റെ ഇടയിലാണ് ഇത്. ആ ഡയലോഗ് അദ്ദേഹം തന്നെ പറയട്ടെയെന്ന് ഡയറക്ടര്‍ പറഞ്ഞു. അതെന്താണ് ഞാന്‍ പറഞ്ഞാല്‍, അതിലെന്താണ് കുഴപ്പമെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അത് വേണ്ടെന്ന് പറഞ്ഞതോടെ ഞാന്‍ അവിടുന്ന് തിരിച്ചു വന്നു,’ ബാബുരാജ് പറഞ്ഞു.


Content Highlight: Baburaj Talks About Vikram’s Red Indians Movie

We use cookies to give you the best possible experience. Learn more