2012ല്‍ കുഞ്ചാക്കോ ബോബന്‍ – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച ചിത്രമാണ് ഓര്‍ഡിനറി. തിയേറ്ററില്‍ വലിയ വിജയമായ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. നിഷാദ് കെ. കോയയുടെയും മനു പ്രസാദിന്റെയും തിരക്കഥയില്‍ സുഗീത് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഓര്‍ഡിനറി.
കുഞ്ചാക്കോ ബോബനും ബിജു മേനോനും പുറമെ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍, ആസിഫ് അലി, ശ്രിത ശിവദാസ്, ജിഷ്ണു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപ്പം ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ സ്ഥിരം യാത്രക്കാരനായ വക്കച്ചനായി ബാബുരാജും എത്തിയിരുന്നു.
വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന താരം ആദ്യമായി നര്‍മം നിറഞ്ഞ കഥാപാത്രമായി എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ്. രണ്ടാമതായി ബാബുരാജ് നര്‍മമുള്ള വേഷം ചെയ്തത് ഓര്‍ഡിനറിയില്‍ ആയിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് ബാബുരാജ്.
‘ഞാന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കഴിഞ്ഞിട്ട് പോകുന്നത് ഓര്‍ഡിനറി എന്ന സിനിമയിലേക്കാണ്. അതില്‍ ഗവി ബോയ് എന്നൊക്കെ പറഞ്ഞ് കുറേ ഡയലോഗുകളുണ്ട്. എനിക്കാണെങ്കില്‍ ഇതോടെ എന്റെ പണി കഴിയുമെന്ന ചിന്തയായിരുന്നു.
ആളുകള്‍ ഇതിനൊക്കെ കൂവിയാല്‍ പ്രശ്നമാകില്ലേയെന്ന് വിചാരിച്ച് സിനിമയുടെ സെക്കന്റ് ഹാഫില്‍ എന്നെ കാണാനില്ല. അപ്പോള്‍ ഞാന്‍ മായാമോഹിനിയെന്ന പടത്തിന് വേണ്ടി പോയിരിക്കുകയായിരുന്നു. എന്നെ ഇവരൊക്കെ വിളിക്കുന്നുണ്ടെങ്കിലും ആകെ ടെന്‍ഷനിലായിരുന്നു ഞാന്‍. പക്ഷെ സിനിമ തിയേറ്ററില്‍ വന്നതോടെ എല്ലാത്തിനും ആളുകള്‍ ചിരിയും കൈയ്യടിയുമായിരുന്നു.
ആ സിനിമയില്‍ ബസില്‍ ഇരിക്കുമ്പോള്‍ മുമ്പിലുള്ള ഒരു ഫോറിനറിന്റെ മുടി കത്തിക്കുന്നത് പോലെ കാണിക്കുന്ന ഒരു സീനുണ്ട്. അത് എല്ലാ വിഷുവിന്റെ സമയത്തും ഷെയര്‍ ചെയ്യുന്നത് കാണാം. അതൊക്കെ വെറുതെ ആ സ്‌പോട്ടില്‍ ചെയ്തതാണ്.
ഇത് കാണുമ്പോള്‍ ശരിക്കും ഒരു ബോംബ് പോലെയില്ലേ, ഞാന്‍ ഇങ്ങനെ കത്തിക്കുന്നത് കാണിക്കട്ടേയെന്ന് ചോദിക്കുകയായിരുന്നു. പക്ഷെ അത് ചെയ്ത് കഴിഞ്ഞ് വീട്ടിലെത്തി രാത്രി കിടക്കുമ്പോള്‍ ‘ദൈവമേ, മിക്കവാറും ഇന്നത്തോടെ ഷട്ടറിടേണ്ടി വരുമല്ലോയെന്ന്’ ചിന്തിച്ചു,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj Talks About Vakkachan In Ordinary Movie