Film News
ഫൈറ്റിനിടക്ക് മമ്മൂക്കാ, സൂപ്പറാണെന്ന് പറഞ്ഞാല്‍ പിന്നെ തകര്‍ക്കും, 'ഇവന്മാരെക്കൊണ്ട്...., വാ ഒന്നൂടി ചെയ്യാം' എന്ന് പറയും: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 29, 05:50 pm
Tuesday, 29th November 2022, 11:20 pm

ഫൈറ്റ് ചെയ്യുന്ന സീനാണെങ്കില്‍ തന്നെയും അബു സലിമിനേയും ഭീമന്‍ രഘുവിനേയും മമ്മൂട്ടിക്ക് വിശ്വാസമാണെന്ന് പറയുകാണ് നടന്‍ ബാബുരാജ്. അതിനൊപ്പം ഒന്ന് പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ പിന്നെ മമ്മൂട്ടി തകര്‍ക്കുമെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

‘മമ്മൂക്കയുടെ കൂടെ കുറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഫൈറ്റ് ചെയ്യുമ്പോള്‍ എന്നേയും അബു സലിമിനേയും രഘുവേട്ടനേയും മമ്മൂക്കക്ക് ഭയങ്കര വിശ്വസമാണ്. ഞങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് മമ്മൂക്കക്ക് അറിയാം, കംഫര്‍ട്ടാണ്. പിന്നെ മമ്മൂക്ക സൂപ്പര്‍ എന്നൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ തകര്‍ക്കും. ‘ഇവന്മാരെക്കൊണ്ട്…., വാ ഒന്നൂടി ചെയ്യാം’ എന്ന് പറയും. ഭയങ്കര ട്രെയ്‌നിങ്ങാണ്. അടുത്തിടെ ഹൈദരബാദില്‍ വെച്ച് കണ്ടപ്പോള്‍ രണ്ടാമതും ട്രെയ്‌നിങ് തുടങ്ങി എന്ന് പറഞ്ഞിരുന്നു. അതാണ് നമ്മുടെയൊക്കെ ഒരു ഊര്‍ജം.

രാജമാണിക്യത്തിലേക്ക് അദ്ദേഹം നേരിട്ടാണ് എന്നെ വിളിക്കുന്നത്. മമ്മൂക്ക തന്ന വേഷമാണ്. ഇഷ്ടപ്പെട്ടാല്‍ അവരെ മമ്മൂക്ക കുറേ കാലം കൂടെ കൊണ്ട് നടക്കും. ആ സിനിമ ഹിറ്റായി തിയേറ്ററില്‍ ഓടുമ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ചിരുന്നു. ഇക്ക പടം നന്നായി ഓടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ കണ്ടോയെന്ന് ചോദിച്ചു. കണ്ടെന്ന് പറഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ചോദിച്ചു. പടം ഹിറ്റാവുമെന്ന് തോന്നുന്നു എന്ന് ഞാന്‍ മറുപടി പറഞ്ഞു. എടാ ഹിറ്റാവും എന്ന് തോന്നുന്നു എന്നല്ല പടം ഹിറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്,’ ബാബുരാജ് പറഞ്ഞു.

പഴയ സിനിമകളില്‍ സ്ഥിരമായി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൊണ്ട് കുട്ടികള്‍ തന്നെ കാണുമ്പോള്‍ ഓടി മറയാറുണ്ടെന്നും അത് വിഷമം ഉണ്ടാക്കിയതിനേക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

”സ്ഥിരമായിട്ട് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഒക്കെ എന്നെ പേടിയായിരുന്നു. എന്നെ കാണുമ്പോള്‍ ആ പരിസരത്ത് വരില്ലായിരുന്നു. അത് എനിക്ക് വിഷമം ഉണ്ടാക്കും. കാരണം പോസിറ്റീവ് ചെയ്യുന്ന കഥാപാത്രങ്ങളെ ആയിരുന്നു കുട്ടികള്‍ക്ക് ഇഷ്ടം.

അതിനേക്കുറിച്ച് ക്യാപ്റ്റന്‍ രാജു ചേട്ടനും എന്നോട് പറഞ്ഞിട്ടുണ്ട്. ഭയങ്കരമായിട്ട് ശാപം കിട്ടുന്ന സംഭവമാണ് നമ്മള്‍ ചെയ്യുന്നതെന്നും ആളുകള്‍ അറിയാതെ നമ്മളെ ശപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രം ആളുകളില്‍ ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നത് കൊണ്ടാണല്ലോ അത്തരം റെസ്പോണ്‍സ്. അതുകൊണ്ട് ചെയ്യുന്ന കഥാപാത്രം അതിന്റെ തീവ്രതയില്‍ ചെയ്യണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വില്ലനെ കണ്ട് ആളുകള്‍ ചിരിക്കരുതല്ലോ,” ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: baburaj talks about the fight scene with mammootty