മുന്‍കാലങ്ങളില്‍ കുടുംബചിത്രങ്ങളില്‍ ബലാത്സംഗം സീനുകളും കാബറേയും നിര്‍ബന്ധമായിരുന്നു എന്ന് നടന്‍ ബാബുരാജ്. എന്നാല്‍ ഇന്ന് സിനിമയില്‍ അത്തരം രംഗങ്ങള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജി കൈലാസിന്റെ ഒരു സിനിമയില്‍ താന്‍ ഒരു ബലാത്സംഗ സീന്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പലരും ഇപ്പോഴും താന്‍ യഥാര്‍ത്ഥത്തില്‍ ബലാത്സംഗം ചെയ്തു എന്നാണ് കരുതുന്നത് എന്നും താരം പറഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കാനെന്ന പോലെ അതിലിപ്പോള്‍ ദുഃഖമുണ്ടെന്നാണ് താന്‍ അവരോട് പറയാറുണ്ടെന്നും ബാബുരാജ് അഭിമുഖത്തില്‍ പറയുന്നു.
‘ഇപ്പോള്‍ സിനിമയില്‍ ഏറ്റവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ബലാത്സംഗ സീനുകള്‍. പണ്ടത്തെ കുടുംബ ചിത്രങ്ങളില്‍ രണ്ട് ബലാത്സംഗവും ഒരു കാബറേയും നിര്‍ബന്ധമാണ്. അന്ന്, ചെറുപ്പത്തില്‍ നമ്മളെ സിനിമ കാണിക്കാന്‍ കൊണ്ടു പോകുമ്പോള്‍ ആ സീന്‍ വരുമ്പോള്‍ തല താഴ്ത്തി ഇരിക്കെടാ, കണ്ണടച്ച് ഇരിക്കെടാ എന്നൊക്കെ പറയും. അപ്പോഴൊന്നും എനിക്ക് മനസിലാവില്ല എന്താണ് സംഭവമെന്ന്. നമ്മള്‍ അത് കഴിയുന്നത് വരെ കണ്ണടച്ച് ഇരിക്കേണ്ട അവസ്ഥയാണ്.
കുടുംബ ചിത്രങ്ങളില്‍ അത് നിര്‍ബന്ധമാണ്. ഇപ്പോഴല്ലേ അതൊക്കെ മാറിയത്. ഞാന്‍ ഒരു ബലാത്സംഗ സീന്‍ ചെയ്തിട്ടുള്ളത് ഷാജി കൈലാസിന്റെ ഒരു പടത്തിലാണ്. ആ സിനിമയില്‍ ഞാന്‍ ഒരു പ്രൊഫസര്‍ ആയിരുന്നു. പക്ഷേ ഇപ്പോഴത്തെ പിള്ളേര് ഞാന്‍ ഇത് യഥാര്‍ത്ഥത്തില്‍ മഹാരാജാസ് കോളേജില്‍ ചെയ്തു എന്ന് പറഞ്ഞ് നടക്കുകയാണ്. ഞാന്‍ ഈ കഥയൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കും.
ഇത് ആ സിനിമയില്‍ വന്ന ഒരു സംഭവം മാത്രമാണ്. പിന്നെ എന്നെ കുറിച്ച് അങ്ങനെ പറയുന്നത് ഇപ്പോള്‍ എനിക്കും ഇഷ്ടമായി തുടങ്ങി. കാരണം നല്ലത് മാത്രം പറഞ്ഞാല്‍ പോരല്ലോ, മോശമായി പറയാനും ആളുകള്‍ വേണ്ടേ. അതുകൊണ്ട് എന്നെ കുറിച്ച് എന്തും പറയാം. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതിനിപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. ഞാനതൊക്കെ കേട്ട് ചിരിക്കും. ഞാന്‍ പറ്റുമെങ്കില്‍ ചിലപ്പോള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ ഇപ്പോള്‍ എനിക്കും അതില്‍ ദുഖമുണ്ടെന്നും ചെയ്യാന്‍ പാടില്ലായിരുന്നു എന്നുമൊക്കെ പറയും,’ബാബുരാജ് പറഞ്ഞു.
content highlights: Baburaj talks about the family films of the past