| Sunday, 22nd December 2024, 11:57 am

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഞാന്‍ അന്ന് വേണ്ടെന്ന് വെച്ച സിനിമ; അതിന് ഒരു കാരണവും ഉണ്ടായിരുന്നു: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍. 2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, ബാബുരാജ് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.

ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ബാബു എന്ന കഥാപാത്രത്തെയായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. ഡാഡി കൂള്‍ സിനിമയുടെ സമയത്ത് തനിക്ക് പാചകവുമായി ഒരു കണക്ഷനുണ്ടെന്ന് സംവിധായകന്‍ ആഷിക്കിന് മനസിലായിരുന്നെന്നും അതുകൊണ്ടാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് വിളിച്ചതെന്നും പറയുകയാണ് ബാബുരാജ്.

ആ സമയത്ത് താന്‍ മനുഷ്യമൃഗം എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നെന്നും അതുകൊണ്ട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ വേണ്ടെന്ന് വെച്ചിരുന്നെന്നും നടന്‍ പറഞ്ഞു. സിനിമ ഒഴിവാക്കാനായി പൈസ കൂടുതല്‍ ചോദിച്ചെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമക്ക് മുമ്പ് ഞാന്‍ ആഷിഖ് അബുവിന്റെ ഡാഡി കൂള്‍ എന്ന സിനിമ ചെയ്തിരുന്നു. അവിടെ വെച്ച് എനിക്ക് പാചകവുമായി ഒരു കണക്ഷനുണ്ടെന്ന് ആഷിക്കിന് മനസിലായിരുന്നു. ഒരിക്കല്‍ പെട്ടെന്നായിരുന്നു എന്നെ വിളിച്ചിട്ട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഒരു സിനിമയുണ്ടെന്ന് പറയുന്നത്.

ആ സമയത്ത് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. മനുഷ്യമൃഗം എന്നായിരുന്നു ആ സിനിമയുടെ പേര്. എങ്ങനെയെങ്കിലും ആ സിനിമ തീര്‍ക്കാനായി ഓടി നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ ആ സിനിമ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അത് വേണ്ടെന്ന് വെച്ചിരുന്നു.

അതിന് വേണ്ടി ഞാന്‍ പൈസ കുറച്ച് കൂടുതല്‍ ചോദിച്ചു. അങ്ങനെ പോകുകയാണെങ്കില്‍ പോകട്ടേയെന്ന് കരുതിയായിരുന്നു അത്. അങ്ങനെ അവസാനം ആ വീട്ടില്‍ പോകുമ്പോള്‍ അവിടെ ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്നു. അന്ന് ഷൈന്‍ ആഷിക്കിന്റെ അസിസ്റ്റന്റായിരുന്നു. അന്ന് ഞങ്ങള്‍ ആദ്യം ചെയ്തത് കലൂര്‍ മാര്‍ക്കറ്റില്‍ പോകുക എന്നതായിരുന്നു.

ഞങ്ങള്‍ താമസിച്ച സ്ഥലത്ത് നല്ല ഒരു അടുക്കള ഉണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ ആഷിക്കിനോട് നമുക്ക് എന്തെങ്കിലും ഉണ്ടാക്കിയാലോയെന്ന് ചോദിച്ചു. അങ്ങനെ അവന്റെ ബുള്ളറ്റില്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കലൂര്‍ മാര്‍ക്കറ്റില്‍ പോയി. അവിടുന്ന് കപ്പയും ബീഫും ചിക്കനും വാങ്ങി. ഇതൊക്കെ പാചകം ചെയ്യുന്നതിന്റെ ഇടയിലാണ് ഇവര് എന്നോട് ‘ചേട്ടാ, ഇത് തന്നെയാണ് ചേട്ടന്‍ ഈ പടത്തിലും ചെയ്യുന്നത്’ എന്ന് പറയുന്നത്,’ ബാബുരാജ് പറഞ്ഞു.

Content Highlight: Baburaj Talks About Salt And Pepper Movie

Latest Stories

We use cookies to give you the best possible experience. Learn more