ഫൈന്‍ ട്യുണിങ്ങിന്റെ കാര്യത്തില്‍ സംവിധായകനായ ദിലീഷ് പോത്തന്‍ ഒരു ഉസ്താദാണെന്ന് പറയുകയാണ് ബാബുരാജ്. ശ്യാം പുഷ്‌ക്കറാണെങ്കില്‍ വലിയ സ്‌ക്രിപ്റ്റുമായി വരുന്ന ആളല്ലെന്നും താരം പറയുന്നു. ഇരുവരെയും ചിത്രമായ ജോജിയില്‍ അഭിനയിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ബാബുരാജ്.
ഒപ്പം തന്റെ പങ്കാളിയായ വാണി വിശ്വനാഥിന് ഇരുവരുടെയും പുതിയ ചിത്രമായ റൈഫില്‍ ക്ലബില്‍ അവസരം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് ചെറിയ അസൂയ തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.
‘ടേക്ക് ഇരുപതോ ഇരുപത്തിയഞ്ചോ എന്നുള്ളതായിരുന്നില്ല. ഓരോ ഡയറക്ടര്‍മാരും വ്യത്യസ്തരാണ്. എല്ലാവര്‍ക്കും ഡയറക്ട് ചെയ്യാന്‍ സാധിക്കും. പക്ഷെ ഞാന്‍ കാണുന്ന ഏറ്റവും നല്ല ക്വാളിറ്റി ഫൈന്‍ ട്യൂണിങ്ങാണ്. ആ സമയത്ത് കണ്ണ് അങ്ങനെ പിടിക്കണ്ട, അല്ലെങ്കില്‍ ഇങ്ങനെ എടുത്ത് പറയണ്ടയെന്നൊക്കെ പറയുന്നതാണ് ഫൈന്‍ ട്യുണിങ്ങ്. ആ കാര്യത്തില്‍ പോത്തന്‍ ഉസ്താദാണ്. ഒരു കാര്യം പറഞ്ഞാല്‍ കറക്ടാകും.
ശ്യാം പുഷ്‌ക്കറാണെങ്കില്‍ വലിയ സ്‌ക്രിപ്റ്റുമായി വരുന്ന ആളല്ല അവന്‍. ഒരു ചെറിയ സ്‌ക്രിപ്റ്റ് കൈയ്യില്‍ ഉണ്ടാകും, അതുമായാണ് നമ്മളുടെ അടുത്ത് വന്നിരിക്കുക. ചേട്ടന്‍ ഇതെങ്ങനെ പറയുമെന്ന് വന്ന് ചോദിക്കും. നമ്മള്‍ മറുപടി പറഞ്ഞാല്‍ അതിന്റെ വേറെയൊരു വേര്‍ഷന്‍ എഴുതിയിട്ട് വരും. എന്നിട്ട് ചേട്ടാ ആ ഡയലോഗ് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് പറയും. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പോത്തന്‍ – ശ്യാം പുഷ്‌ക്കര്‍ സ്‌കൂള്‍.
ഇപ്പോള്‍ വാണിക്ക് ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇവരുടെ റൈഫില്‍ ക്ലബ് എന്ന പുതിയ സിനിമയില്‍ അവള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. അതില്‍ ആഷിക് അബുവാണ് ക്യാമറ. പോത്തന്‍ അഭിനയിക്കുന്നു, ശ്യാം പുഷ്‌ക്കറും ദിലീഷും സുഹാസുമെല്ലാം സ്‌ക്രിപ്റ്റ് എഴുതുന്നു. ഈ മൊത്തം ടീമും ആ സിനിമയിലുണ്ട്. എന്നോട് വാണി ഈ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ചെറിയ അസൂയ തോന്നി.
വാണിക്ക് ഇങ്ങനെയൊരു പടമോയെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് കിട്ടിയ വേഷമാണെന്നും വേണമെങ്കില്‍ നീ പോയി അഭിനയിച്ചോയെന്നും ഞാന്‍ വാണിയോട് പറഞ്ഞു. അപ്പോള്‍ അവള്‍ കൗണ്ടര്‍ ചെയ്യാന്‍ പറഞ്ഞത് ‘എനിക്ക് പണ്ട് കിട്ടിയിരുന്നതാണ് സോള്‍ട്ട് ഏന്‍ഡ് പെപ്പര്‍. അതില്‍ നിങ്ങള് പോയി അഭിനയിച്ചതാണ്’ എന്നാണ്,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj Talks About Rifle Club Movie