ആര്‍.ഡി.എക്‌സിന് ശേഷം മഹിമ നമ്പ്യാര്‍ – ഷെയ്ന്‍ നിഗം ജോഡി ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. ആന്റോ ജോസ് പെരേരയും എബി ജോസ് പെരേരയും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് സാന്ദ്രാ തോമസാണ്.
ലിറ്റില്‍ ഹാര്‍ട്ട്സില്‍ ബാബുരാജും രമ്യ സുവിയും മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ സുവിയെ കുറിച്ച് പറയുകയാണ് ബാബുരാജ്.
‘എന്റെ കൂടെ അഭിനയിക്കുന്ന രമ്യ സുവി കുറച്ച് ടെന്‍ഷന്‍ കൂടുതലുള്ള ആളായിരുന്നു. ഞാന്‍ പണ്ട് ചെയ്തിട്ടുള്ള കഥാപാത്രങ്ങളാണ് ആളുടെ മനസില്‍ അപ്പോള്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ ബസില്‍ പോകുമ്പോള്‍ എന്റെ തോളിലേക്ക് ചായുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു.
അത് മൂന്നോ നാലോ ടേക്കായപ്പോള്‍ ആള്‍ക്ക് വലിയ പ്രശ്‌നമായി. എനിക്ക് കാര്യം മനസിലായി. പിന്നെ പറഞ്ഞുപറഞ്ഞാണ് ഒന്നു സെറ്റായി വരുന്നത്. ആ സമയത്ത് ഞാന്‍ ഇടക്ക് ഓരോന്നും പറഞ്ഞ് പേടിപ്പിക്കാന്‍ തുടങ്ങി. ഇന്നാണ് ഞാന്‍ രാത്രി വീട്ടില്‍ വന്നിട്ടുള്ള സീന്‍ ഷൂട്ട് ചെയ്യുന്നതെന്നൊക്കെ പറഞ്ഞു. അങ്ങനെയൊരു സീനുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഉണ്ടെന്ന് പറയും (ചിരി).
അത് രമ്യയോട് പറഞ്ഞില്ലേയെന്ന് ചോദിക്കുമ്പോള്‍ ഉടനെ കണ്ണും നിറച്ച് കൊണ്ട് സാന്ദ്രയുടെ അടുത്തേക്ക് ഓടും. ഇങ്ങനെയൊരു സീനുണ്ടോയെന്ന് ചോദിക്കാന്‍ പോകുന്നതാണ്. പടമൊക്കെ കഴിഞ്ഞു, പക്ഷെ ഇപ്പോള്‍ അത് പറഞ്ഞാലും വേണമെങ്കില്‍ രമ്യ പേടിക്കും,’ ബാബുരാജ് പറയുന്നു.
ചിത്രത്തില്‍ നായികയായി എത്തിയ മഹിമയെ കുറിച്ചും താരം സംസാരിക്കുന്നു. താന്‍ ഇത്രത്തോളം എനര്‍ജിയുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്. തിയേറ്ററില്‍െ പോയി സംസാരിക്കാന്‍ തനിക്ക് ചമ്മലാണെന്നും എന്നാല്‍ മഹിമ അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മഹിമ ആള് പൊളിയാണ്. ഇത്ര എനര്‍ജിയുള്ള ഒരു പെങ്കൊച്ചിനെ ഞാന്‍ കണ്ടിട്ടില്ല. തിയേറ്ററിലൊക്കെ പോയാല്‍ എനിക്ക് സത്യത്തില്‍ ചമ്മലാണ്. നമ്മള്‍ അതൊന്നും പഠിച്ചിട്ടില്ലല്ലോ. മഹിമ തിയേറ്ററില്‍ ചാടികയറി സംസാരിക്കും. പിന്നെ നമ്മള്‍ പിടിച്ചു വലിച്ച് തിരിച്ച് കൊണ്ടുവരണം.
അതിന്റെ ഇടയില്‍ ഒരു കാസര്‍കോടുക്കാരനെ കണ്ടു. പിന്നെ അവള്‍ കാസര്‍കോടുകാരിയായി. അവന്റെ കൂടെയിറങ്ങി പോകുമോയെന്ന് പോലും ഞങ്ങള്‍ക്ക് സംശയമായിരുന്നു (ചിരി). അത്രയും എനര്‍ജിയുള്ള കുട്ടിയാണ് മഹിമ. അവളെ എന്ത് പറഞ്ഞാലും ഉടനെ കറക്ട് കൗണ്ടറുമായി വരും. മഹിമയെ ഓരോന്നും പറയുകയെന്നതായിരുന്നു ഞങ്ങളുടെ രസം,’ ബാബുരാജ് പറയുന്നു.