ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് രാജമാണിക്യം. 2005ല്‍ പുറത്തിറങ്ങിയ ഈ മമ്മൂട്ടി ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി ബെല്ലാരി രാജയെന്ന കഥാപാത്രമായി എത്തിയ രാജമാണിക്യം 2008 വരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു.
മമ്മൂട്ടിക്ക് പുറമെ റഹ്‌മാന്‍, മനോജ് കെ. ജയന്‍, പത്മപ്രിയ, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, രഞ്ജിത്ത്, സിന്ധു മേനോന്‍, സലിം കുമാര്‍, ഭീമന്‍ രഘു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. രാജമാണിക്യത്തില്‍ വിക്രമന്‍ എന്ന പൊലീസുകാരനായി എത്തിയത് നടന്‍ ബാബുരാജായിരുന്നു.
രാജമാണിക്യത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗിനെ കുറിച്ചും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് ബാബുരാജ്. അന്ന് മമ്മൂട്ടിയെന്ന് പറയുമ്പോള്‍ തന്നെ മുട്ടുകാല്‍ ഇടിക്കുന്ന സമയമായിരുന്നെന്നാണ് നടന്‍ പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.
‘രാജമാണിക്യത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഡയലോഗാണ് പൊലീസ് വണ്ടി കാണിച്ചിട്ട് ‘അതില്‍ അല്ല ഇതില്‍’ എന്ന് പറയുന്നത്. അതിന്റെ റൈറ്റര്‍ ടി.എ. ഷാഹിദാണ്. അദ്ദേഹത്തിന്റെ ഒരു പോളീസി, ഗിവ് ആന്‍ഡ് ടേക്ക് പോളീസിയാണ്. അത് ആ സിനിമ കണ്ടാല്‍ തന്നെ മനസിലാകും.
ഒരു ഡയലോഗ് അങ്ങോട്ട് പറയുന്നു, ഉടനെ തന്നെ അതിന്റെ കൗണ്ടര്‍ ഇങ്ങോട്ട് പറയുന്നു. ഞാന്‍ ഈ സ്‌ക്രിപ്റ്റ് കിട്ടിയതും ഉടനെ അത് വായിച്ചു നോക്കി. ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂക്കയാണ്. അന്ന് മമ്മൂക്കയെന്ന് പറയുമ്പോള്‍ മുട്ടുകാല്‍ ഇടിക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ടാണ് ആ ഡയലോഗുകള്‍ മൊത്തം പറയേണ്ടത്.
മമ്മൂക്കയോട് ഡയലോഗ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഞാന്‍ അതൊക്കെ പറഞ്ഞ് ഒപ്പിക്കുന്നുണ്ടല്ലോ എന്ന ചിന്തിയിലാകാം അദ്ദേഹം ചിരിച്ചത്. പിന്നീട് ആ സിനിമ റിലീസായ സമയത്ത് ഞാന്‍ തൃശ്ശൂരിലായിരുന്നു. ഞാന്‍ അന്ന് പടം കണ്ടിട്ട് മമ്മൂക്കയെ വിളിച്ചു.
‘പടം ഹിറ്റാണെന്നാണ് എല്ലാവരും പറയുന്നത്’ എന്ന് ഞാന്‍ പറഞ്ഞു. നീ കണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ കണ്ടുവെന്ന് പറഞ്ഞപ്പോള്‍ നിനക്ക് എന്താണ് തോന്നിയതെന്ന ചോദ്യം വന്നു. ഹിറ്റാവും എന്ന് മറുപടി നല്‍കിയപ്പോള്‍ ഹിറ്റാവും എന്നല്ലടാ സിനിമ ഹിറ്റാണ് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj Talks About Rajamanikyam And Mammootty