ലാലേട്ടന്റെ ആ ചിത്രത്തിലേക്ക് ഒന്നും പ്രതീക്ഷിക്കാതെ പോയി; പക്ഷെ എന്റെ ഡയലോഗ് കണ്ട് തലകറക്കം വന്നു: ബാബുരാജ്
Entertainment
ലാലേട്ടന്റെ ആ ചിത്രത്തിലേക്ക് ഒന്നും പ്രതീക്ഷിക്കാതെ പോയി; പക്ഷെ എന്റെ ഡയലോഗ് കണ്ട് തലകറക്കം വന്നു: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th June 2024, 10:04 pm

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രജ. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ കൊച്ചിന്‍ ഹനീഫ, ബിജു മേനോന്‍, മനോജ് കെ. ജയന് തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.

ബോളിവുഡ് താരം അനുപം ഖേര്‍ അതിഥി വേഷത്തില്‍ എത്തിയ പ്രജയില്‍ ബാബുരാജും ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. ഡി.ഐ.ജി ജോസഫ് മാടച്ചേരി ഐ.പി.എസായിട്ടാണ് ബാബുരാജ് പ്രജയില്‍ എത്തിയത്.

ഈ സിനിമയില്‍ ഒന്നും പ്രതീക്ഷിക്കാതെയാണ് താന്‍ പോയതെന്ന് പറയുകയാണ് താരം. പ്രജയില്‍ വലിയ വേഷം പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്‍ജി പണിക്കര്‍ കൊണ്ടുവന്ന ഡയലോഗ് കണ്ട് തലകറക്കം വന്നെന്നും ബാബുരാജ് പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രജയെന്ന സിനിമയില്‍ ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ പോകുന്നത്. ആ സിനിമയില്‍ അത്ര വലിയ വേഷം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ സെറ്റില്‍ നില്‍ക്കുമ്പോള്‍ പലരും കോസ്റ്റ്യൂമുമായി വരുന്നുണ്ട്. ഓരോ തവണ വരുമ്പോഴും അത് എനിക്കുള്ളതാകുമെന്ന് ഞാന്‍ വിചാരിക്കും.

എന്റെ കഥാപാത്രം എന്താണെന്ന് എനിക്ക് ആ സമയത്തൊന്നും അറിയില്ലായിരുന്നു. അവസാനം കിട്ടിയത് ഒരു ഡി.ഐ.ജിയുടെ യൂണീഫോമാണ്. അവര്‍ ഇതാണ് ബാബുരാജിന്റെ ഡ്രസെന്ന് പറഞ്ഞു. അതിട്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി.

അത് കഴിഞ്ഞാണ് രണ്‍ജിയേട്ടന്‍ ഒരു പേജ് ഡയലോഗുമായി വരുന്നത്. അതുകണ്ട് ഞാന്‍ ശരിക്കും ഞെട്ടി. ദൈവമേ ഇവരിത് നേരത്തെ പറഞ്ഞില്ലല്ലോയെന്ന് ഓര്‍ത്ത് എനിക്ക് തലകറക്കമൊക്കെ വന്നു. ഫസ്റ്റ് ഷോട്ട് അതായിരുന്നു,’ ബാബുരാജ് പറഞ്ഞു.


Content Highlight: Baburaj Talks About Praja Movie