മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച താരമാണ് ബാബുരാജ്. പിന്നീട് നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന നടനായിരുന്നു ബാബുരാജ്.
ഈ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്ന് ബാബുരാജിന് മോചനം നല്‍കിയത് ആഷിഖ് അബു ഒരുക്കിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രമാണ്. എന്നാല്‍ അതിന് ശേഷം സ്ഥിരമായി കോമഡി വേഷങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തെ തേടിവന്നത്.
സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം അഭിനയിക്കുന്നത് ഓര്‍ഡിനറിയിലായിരുന്നു എന്ന് പറയുകയാണ് ബാബുരാജ്. അതിലെ വക്കച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ടെന്‍ഷനായിരുന്നുവെന്നും താരം പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.
‘ഞാന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ കഴിഞ്ഞിട്ട് പോകുന്നത് ഓര്‍ഡിനറി എന്ന സിനിമയിലേക്കാണ്. അതില്‍ ഗവി ബോയ് എന്നൊക്കെ പറഞ്ഞ് കുറേ ഡയലോഗുകളുണ്ട്. എനിക്കാണെങ്കില്‍ ഇതോടെ എന്റെ പണി കഴിയുമെന്ന ചിന്തയായിരുന്നു.
ആളുകള്‍ ഇതിനൊക്കെ കൂവിയാല്‍ പ്രശ്‌നമാകില്ലേയെന്ന് വിചാരിച്ച് സിനിമയുടെ സെക്കന്റ് ഹാഫില്‍ എന്നെ കാണാനില്ല. അപ്പോള്‍ ഞാന്‍ മായാമോഹിനിയെന്ന പടത്തിന് വേണ്ടി പോയിരിക്കുകയായിരുന്നു.
എന്നെ ഇവരൊക്കെ വിളിക്കുന്നുണ്ടെങ്കിലും ആകെ ടെന്‍ഷനിലായിരുന്നു ഞാന്‍. പക്ഷെ സിനിമ തിയേറ്ററില്‍ വന്നതോടെ എല്ലാത്തിനും ആളുകള്‍ ചിരിയും കൈയ്യടിയുമായിരുന്നു,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj Talks About Ordinary Movie