തന്നെ കുറിച്ച് പല കഥകളും സിനിമാ മേഖലയില്‍ പ്രചരിക്കുന്നുണ്ടെന്നും, അതിന്റെ ഭാഗമായി നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്നും പറയുകയാണ് നടന്‍ ബാബുരാജ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘മലയാളത്തില്‍ ഒരു വര്‍ഷം അമ്പത് സിനിമയാണ് ഇറങ്ങുന്നത് എങ്കില്‍, ഒരു ഇരുപത്തഞ്ചെണ്ണത്തില്‍ എന്നെ വേണ്ടായെന്ന് പറയും. വേറെ ആരുമല്ല പറയുന്നത് പ്രൊഡ്യൂസേഴ്‌സ് തന്നെയാണ്. സിനിമാ മേഖലയില്‍ എന്നെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ അങ്ങനെയായിരുന്നു. അതുകൊണ്ടാണ് എന്നെ ഒഴിവാക്കിയിരുന്നത്.
ഒരു പത്ത് സിനിമയില്‍ എന്നെ ഡയറക്ടര്‍ വേണ്ടായെന്ന് പറയും. മൂന്ന് സിനിമയില്‍ കണ്‍ട്രോളിങ് ടീം എന്നെ വേണ്ടെന്ന് പറയും. അങ്ങനെ ബാക്കി വരുന്ന കുറച്ച് സിനിമ മാത്രമേ ഞാന്‍ ചെയ്തിരുന്നുള്ളു. കാരണം എന്നെ ചിത്രീകരിച്ചിരുന്നത് ഒരു ഭീകര ജീവിയായിട്ടാണ്. അതിന്റെ കാരണം എന്താണെന്ന് എനിക്ക് പോലും അറിയില്ല.
ഒന്നാമത് നടക്കാത്ത കാര്യങ്ങളാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്. പലതും കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നിട്ടുണ്ട്. അതാണ് ഇന്‍ഡസ്ട്രിയിലെ പ്രധാനപ്പെട്ട ഒരുകാര്യം. ഈ കാര്യം ഞാന്‍ ഒരു ദിവസം മമ്മൂക്കയോട് പറഞ്ഞു. നിന്നെ കുറിച്ച് ആര് എന്തുപറഞ്ഞാലും വിശ്വസിക്കുമല്ലോ, നീ അതങ്ങോട്ട് ആസ്വദിക്ക് എന്ന് മമ്മൂക്ക പറഞ്ഞു.
അതുകൊണ്ട് പല കഥാപാത്രങ്ങളും നഷ്ടമായിട്ടുണ്ട്. പലരും പിന്നീട് പറഞ്ഞിട്ടുണ്ട് ആ കഥാപാത്രം നിനക്ക് വേണ്ടി വെച്ചതായിരുന്നു എന്നൊക്കെ. നീ ഒരു പ്രശ്‌നക്കാരനാണ് എന്നും പറഞ്ഞാണ് ഒഴിവാക്കിയത് എന്നും. എന്തൊക്കെ വന്നാലും നമുക്ക് വിധിച്ചത് നമുക്ക് തന്നെ കിട്ടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പുതിയ പിള്ളേരുടെ പടത്തിലൊക്കെ അഭിനയിക്കുമ്പോള്‍ അവര്‍ പറയും ചേട്ടനെക്കുറിച്ച് ഇങ്ങനെ ഒന്നുമല്ല കേട്ടത് എന്ന്. എന്തെങ്കിലുമൊക്കെ പറയാന്‍ വേണ്ടിയാണ് ആളുകള്‍ ഓരോന്ന് പറയുന്നത്. ഞാന്‍ മഹാരാജാസ് കോളേജിലാണ് പഠിച്ചത്. അവിടെ കുറച്ച് രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെയൊക്കെ പുതിയ വേര്‍ഷന്‍ കഥകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരാറുണ്ട്. അപ്പോള്‍ അതാണ് ലോകം. സിനിമയില്‍ ഞാന്‍ അഭിനയിച്ച ചില സീനൊക്കെ റിയല്‍ ലൈഫില്‍ നടന്നതാണ് എന്ന തരത്തിലും കഥകള്‍ പ്രചരിക്കുന്നുണ്ട്,’ ബാബുരാജ് പറഞ്ഞു
ആദ്യ കാലങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ തനിക്ക് ഹാസ്യവും വഴങ്ങമെന്ന് ബാബുരാജ് തെളിയിച്ചു. നവംബറില്‍ പുറത്തിറങ്ങിയ ജീത്തു ജോസഫിന്റെ കൂമനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
content highlight: baburaj talks about his filim career