മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഗോള്‍ഡ്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. സിനിമയില്‍ ബാബുരാജും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അല്‍ഫോണ്‍സ് തന്റെ നാട്ടുകാരനാണെന്നും അതുകൊണ്ട് നേരത്തെ തന്നെ അറിയാമെന്നും പറയുകയാണ് താരം. എഡിറ്റിങ് ടേബിളിലാണ് അല്‍ഫോണ്‍സ് സിനിമകള്‍ ഉണ്ടാകുന്നത് എന്നും ബാബുരാജ് പറഞ്ഞു. ഗോള്‍ഡിന്റെ വിശേഷങ്ങള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് താരം.
‘അല്‍ഫോണ്‍സ് പുത്രന്‍ എന്റെ നാട്ടുകാരനാണ്. എന്റെയും അല്‍ഫോണ്‍സിന്റെയും അച്ഛന്‍മാര്‍ നല്ല സുഹൃത്തുക്കളാണ്. ഞാനൊക്കെ പിള്ളാരായിരുന്ന കാലത്ത് പുത്രേട്ടന്‍ (അല്‍ഫോണ്‍സ് പുത്രന്റെ അച്ഛന്‍) ഇങ്ങനെ സ്റ്റൈലായി നടക്കുന്ന ആളായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കമല്‍ ഹാസന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.
അദ്ദേഹത്തിന്റെ മകനാണല്ലോ അല്‍ഫോണ്‍സ്. അവന്റെ പടങ്ങള്‍ എനിക്ക് മിസ്സായിട്ടുണ്ട്. ഗോള്‍ഡിലേക്ക് എന്നെ വിളിക്കുന്നത് ലിസ്റ്റിനാണ്. ചേട്ടാ ഇതുപോലെ ഒരു സിനിമ ഉണ്ടെന്ന് പറയുന്നു. അപ്പോള്‍ തന്നെ ഞാന്‍ അല്‍ഫോണ്‍സിനെ വിളിക്കുന്നു. ആ സമയത്ത് ഞാനും അല്‍ഫോണ്‍സും ചെന്നൈയിലുണ്ടായിരുന്നു.
അങ്ങനെ അല്‍ഫോണ്‍സ് എന്റെ വീട്ടില്‍ വരുന്നു. സിനിമയുടെ ഏകദേശ കഥ എന്നോട് പറയുന്നു. ഞാന്‍ സിനിമക്ക് ഓക്കെ പറഞ്ഞു. എന്നാല്‍ ലൊക്കേഷനില്‍ വന്നപ്പോഴാണ് പറഞ്ഞ കഥ കുറച്ചൊക്കെ മാറുന്നത്. അതാണ് അല്‍ഫോണ്‍സ് പുത്രന്‍ സിനിമ.
അല്‍ഫോണ്‍സിന്റെ സിനിമകള്‍ എല്ലാം എഡിറ്റിങ് ടേബിളിലാണ് ഉണ്ടാകുന്നത് എന്നാണ് എല്ലാരും പറയുന്നത്. എനിക്ക് അതിശയം തോന്നിയ ഒരു കാര്യമുണ്ട്. കട്ട് പറഞ്ഞതിനുശേഷവും നമ്മള്‍ പറയുന്ന കാര്യങ്ങളും അദ്ദേഹം സിനിമയില്‍ യൂസ് ചെയ്തിട്ടുണ്ട്. ഞാനും പൃഥ്വിയും ഷോട്ടിന് ശേഷം പറഞ്ഞ പല കാര്യങ്ങളും സിനിമയിലുണ്ട്.
ഡബ്ബിങ്ങിന് വന്നപ്പോഴാണ് ഇങ്ങനത്തെ പല കാര്യങ്ങളുമുണ്ട് എന്ന് ഞാന്‍ അറിയുന്നത്. സിനിമ എന്താണെന്ന് ചോദിച്ചാല്‍ അതൊരു അല്‍ഫോണ്‍സ് പുത്രന്‍ പടം എന്നാണ് പറയാനുള്ളത്. എന്നോട് മാത്രമല്ല രാജുവിനോട് ചോദിച്ചാലും ഇതുമാത്രമെ പറയാനുള്ളു,’ ബാബുരാജ് പറഞ്ഞു.
CONTENT HIGHLIGHT: BABURAJ TALKS ABOUT GOLD AND ALPHONSE PUTHREN