| Friday, 14th June 2024, 8:41 am

പതിനഞ്ച് ടേക്കും കഴിഞ്ഞ് കൂളായി ഇരിക്കുന്ന ഫഹദിനെ കണ്ടപ്പോഴാണ് ആ സ്കൂൾ ഇങ്ങനെയാണെന്ന് ഞാനറിഞ്ഞത്: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങിയ നടനാണ് ബാബുരാജ്. പിന്നീട് മലയാളത്തിൽ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടനായി ബാബുരാജ് മാറിയിരുന്നു. നെഗറ്റീവ് കഥാപാത്രത്തിൽ നിന്ന് ബാബു രാജിന് ഒരു മോചനം നൽകിയത് ആഷിഖ് അബു ഒരുക്കിയ സാൾട്ട് ആൻഡ്‌ പെപ്പർ എന്ന ചിത്രമായിരുന്നു.

ആഷിഖ് അബുവിന്റെ തന്നെ ആദ്യത്തെ ചിത്രമായ ഡാഡി കൂൾ എന്ന സിനിമയിലും പതിവിൽനിന്ന് വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രത്തെയായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. ബാബുരാജിന് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സാൾട്ട് ആൻഡ്‌ പെപ്പറിലെ കഥാപാത്രം താരത്തിന് നിരവധി പ്രശംസകൾ നേടികൊടുത്തിരുന്നു.

ദിലീഷ് പോത്തൻ ഒരുക്കിയ ജോജി എന്ന ചിത്രത്തിലും ഗംഭീര പ്രകടനമായിരുന്നു ബാബുരാജ് കാഴ്ച്ചവെച്ചത്. ജോജിയിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബാബുരാജ്. ആദ്യമായി ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവിടെ തുടരണോ എന്ന് ആലോചിച്ചിരുന്നുവെന്നും ഫസ്റ്റ് ടേക്ക് ആണ് ഏറ്റവും ബെസ്റ്റ് ടേക്ക് എന്നായിരുന്നു തന്റെ ധാരണയെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ ഫഹദ് ഫാസിലൊക്കെ കൂളായി കുറെ ടേക്ക് ചെയ്യുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്നും ബാബുരാജ് പറഞ്ഞു.

‘ഞാൻ അതുവരെ വിചാരിച്ചത് എന്റെ ഫസ്റ്റ് ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്നാണ്. ആദ്യത്തെ മൂന്ന് ടേക്ക് കഴിഞ്ഞാൽ കൊള്ളില്ല എന്ന് കരുതിയിരുന്ന ഞാൻ അവിടെ ചെന്നപ്പോൾ ഇരുപത്തി രണ്ടാമത്തെ ടേക്ക് ഒക്കെയാണ് ബെസ്റ്റ് ആയിട്ട് ചെയ്യുന്നത്. അതാണ് അവർ തെരഞ്ഞെടുക്കുന്നത്.

കാരണം നമ്മുടെ കുഴപ്പമല്ല. പുതിയ അഭിനേതാക്കൾ ഒരുപാട് പേരുണ്ടായിരുന്നു അതിനകത്ത്. ആദ്യം ഒരു മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇത് സെറ്റ് ആവില്ലെന്ന്. പോയേക്കാം, വേണ്ട എന്നൊക്കെ തോന്നി. പടം മതിയാക്കാം എന്നൊക്കെ ഞാൻ ഉണ്ണി മായയോട് പറഞ്ഞു.

എന്നാൽ ആ നേരം ഫഹദ് വന്ന് ഫഹദ് കാണിക്കുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ഫഹദ് പതിനഞ്ച് ടേക്ക് പതിനാറ് ടേക്ക് ഒക്കെ എടുത്ത് കഴിഞ്ഞ് കൂളായി ഇരുന്നിട്ട് ആ നെക്സ്റ്റ് എന്ന് പറയുകയാണ്. അപ്പോഴാണ് എനിക്ക് മനസിലായത്, ഈ സ്കൂൾ ഇങ്ങനെയാണ്. നമ്മൾ അവിടെയും പഠിക്കണമല്ലോ. ഞാൻ ആദ്യമായിട്ടായിരുന്നു അവിടെ. ഇപ്പോൾ അതൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ്. എല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണലോ ഇപ്പോൾ,’ബാബുരാജ് പറയുന്നു.

Content Highlight: Baburaj Talk About Joji Movie Experience

We use cookies to give you the best possible experience. Learn more