വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി പിന്നീട് കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ നടനാണ് ബാബുരാജ്. താരം അഭിനയിച്ച് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജോമോന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ബാബുരാജ് കാഴ്ച വെച്ചത്. ജോജിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആകാംക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് പിന്മാറിയാലോ എന്ന് ആലോചിച്ചിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.
ആദ്യ ടേക്കില്‍ തന്നെ ഷോട്ട് ഓക്കെയാക്കാന്‍ നോക്കുന്ന ആളാണ് താനെന്നും ജോജിയില്‍ കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ കാരണം 25 ടേക്ക് വരെ പോകേണ്ടി വന്നുവെന്നും ബാബുരാജ് പറഞ്ഞു. അടുപ്പിച്ച് മൂന്നുനാല് ദിവസം ഇത് തുടര്‍ന്നപ്പോള്‍ ഈ സിനിമയില്‍ നിന്ന് മാറുകയാണെന്ന് ഉണ്ണിമായയോട് പറഞ്ഞുവെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ജോജി എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍, ഫഹദ് ടീമൊക്കെയാണല്ലോ എന്ന ഫാക്ടറായിരുന്നു അതിന് പിന്നില്‍. പക്ഷേ ആ സിനിമയുമായി ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഒത്തുപോകാന്‍ എനിക്ക് പറ്റിയില്ല. കാരണം, ആദ്യ ടേക്കില്‍ തന്നെ എല്ലാം ഓക്കെയാക്കാന്‍ നോക്കുന്നയാളാണ് ഞാന്‍.
പക്ഷേ ഈ സിനിമയില്‍ ഓരോ ഷോട്ടും ഒരുപാട് ടേക്ക് പോകേണ്ടി വന്നു. കൂടെയുള്ള ആര്‍ട്ടിസ്റ്റുകളില്‍ ആരെങ്കിലും തെറ്റിക്കുന്നത് കൊണ്ടാണ് അത്. ചിലപ്പോ 25 ടേക്ക് വരെയൊക്കെ പോയിട്ടുണ്ട്. മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഇതുമായി ഒത്തുപോകാന്‍ പറ്റാതായി. ഞാന്‍ ഈ കാര്യം ഉണ്ണിമായയോട് പറഞ്ഞു, ഇത് നടപടിയാവുമെന്ന് തോന്നുന്നില്ല, ഞാന്‍ പോവുകയാണെന്ന്.
പക്ഷേ അവര്‍ എന്നെ നിര്‍ബന്ധിച്ച് അവിടെ നിര്‍ത്തി. സിനിമ കണ്ടപ്പോഴാണ് എന്ത് കിടിലമായിട്ടാണ് ഒരോ സീനും ചെയ്ത് വെച്ചിരിക്കുന്നത് എന്ന് മനസിലായത്. 22 ടേക്ക് പോയ സീനൊക്കെ വേറെ ലെവലിലാണ് പടത്തില്‍ ആഡ് ചെയ്തത്,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj shares the experience of Joji movie