ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങിയ നടനാണ് ബാബുരാജ്. പിന്നീട് മലയാളത്തിൽ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടനായി ബാബുരാജ് മാറിയിരുന്നു. നെഗറ്റീവ് കഥാപാത്രത്തിൽ നിന്ന് ബാബു രാജിന് ഒരു മോചനം നൽകിയത് ആഷിഖ് അബു ഒരുക്കിയ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രമായിരുന്നു.
ലാൽജോസ് സംവിധാനം ചെയ്ത രണ്ടാംഭാവം എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ബാബുരാജ്. ചിത്രത്തിൽ ഒരു സീനിൽ കൈ ഒടിഞ്ഞിരിക്കുമ്പോഴാണ് അഭിനയിച്ചതെന്ന് ബാബുരാജ് പറയുന്നു. ലാൽജോസ് പറഞ്ഞത് കൊണ്ടാണ് ആ സീൻ അഭിനയിച്ചതെന്നും റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ലാൽജോസിന്റെ രണ്ടാംഭാവം എന്ന പടം. തിലകൻ ചേട്ടന് എന്തോ അസുഖമായിട്ട് അന്ന് ഷെഡ്യൂൾ ആയിരിക്കുന്ന ടൈം ആണ്. ഞാൻ അതിനകത്ത് ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആ സമയത്ത് ഞാൻ എന്റെ രണ്ട് കയ്യിലും മുഴുവൻ പ്ലാസ്റ്റർ ഇട്ട് ഇരിക്കുന്ന സമയമായിരുന്നു. ലാൽജോസ് ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു, ആ സീനിന്റെ സെക്കന്റ് ഷെഡ്യൂൾ തുടങ്ങാൻ പോവുകയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ദൈവമേ എന്റെ കൈ ഒടിഞ്ഞിരിക്കുകയാണല്ലോ ഞാൻ എങ്ങനെ അഭിനയിക്കുമെന്ന്.
പിന്നെ ലാൽ ജോസ് പറഞ്ഞത് കൊണ്ട് ഞാൻ ഈ കയ്യൊക്കെ വെച്ച് അഭിനയിക്കാനായി അവിടേക്ക് ചെന്നു. അവിടെ എത്തിയപ്പോൾ എന്നോട് പറഞ്ഞു, നമുക്കിത് ജസ്റ്റ് ഒന്ന് കട്ട് ചെയ്തിട്ട് ഷൂട്ട് കഴിഞ്ഞ ശേഷം ബാബു അപ്പോൾ തന്നെ തിരിച്ചു പോയിക്കോള്ളൂവെന്ന്.
അവിടെ എത്തിയപ്പോഴാണ് എനിക്ക് മനസിലായത്, ഞാൻ ഇങ്ങനെ ബുള്ളറ്റ് ഓടിച്ചിട്ട് എണീറ്റ് നിന്ന് തിലകൻ ചേട്ടനെ വെടി വെക്കുന്ന സീനാണെന്ന്. ഒന്ന് ആലോചിച്ച് നോക്ക്. തോക്കിന് നല്ല ഭാരമാണ്. അതിന്റെ കൂടെ ബുള്ളറ്റ് ഓടിക്കണം. അതിനൊപ്പം എണീറ്റ് നിന്ന് വെടിയും വെക്കണം. അത്രയും സാധനങ്ങളുണ്ട്.
ആദ്യത്തേത് ഞാൻ ചെയ്തു. പക്ഷെ അതിനകത്ത് എന്തോ പ്രശ്നം വന്നിട്ട് രണ്ടാമത് ഒരു ടേക്ക് കൂടെ എടുത്തിട്ട് പോവാമെന്ന് പറഞ്ഞു. അടുത്ത ടേക്കിൽ ഞാൻ എഴുന്നേറ്റ് നിന്ന് വെടിവെക്കുന്ന സമയത്ത് ഈ ബുള്ളറ്റ് ഇടിച്ചിടിച്ച് അങ്ങ് നിന്നു. ആ സീനൊക്കെ അങ്ങനെ തന്നെ ആ ചിത്രത്തിലുണ്ട്,’ബാബുരാജ് പറയുന്നു.
Content Highlight: Baburaj Shares His Experience In Randambavam Movie