| Tuesday, 29th November 2022, 6:24 pm

അന്നെനിക്ക് കാറുണ്ട്, പക്ഷെ ലൊക്കേഷനിലേക്ക് കൊണ്ടുപോകില്ല; എ.സി കാറുണ്ടെന്നറിഞ്ഞാല്‍ പിന്നെ സിനിമ കിട്ടില്ല: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാവരില്‍ നിന്നും ‘ഇടി കൊള്ളുന്ന’ ചെറിയ വില്ലന്‍ വേഷങ്ങളിലൂടെ എത്തി, പിന്നീട് കോമഡി താരമായും സ്വഭാവ നടനായുമൊക്കെ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. 1994ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരം പക്ഷെ 2011ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

കരിയറിന്റെ തുടക്കകാലത്ത് ജൂനിയര്‍ ആര്‍ടിസ്റ്റായും ചെറിയ വില്ലന്‍ വേഷങ്ങളിലും തുടര്‍ച്ചയായി അഭിനയിക്കേണ്ടി വന്നപ്പോഴും സിനിമയില്‍ പിടിച്ചുനിര്‍ത്തിയ കാര്യമെന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ബാബുരാജ്.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”’എത്രയോ പേര് നമ്മുടെ കൂടെ സിനിമയില്‍ വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴും സമകാലീനനായി കൂടെ ഫീല്‍ഡില്‍ നില്‍ക്കുന്നത് അബു സലിം മാത്രമാണ്. അബു സലിമിന്റെ പേര് എടുത്തുപറയാന്‍ കാരണം, എന്റടുത്ത് അബു സലിമിന്റെ നമ്പര്‍ ചോദിച്ചാലും അബു സലിമിനോട് എന്റെ നമ്പറ് ചോദിച്ചാലും കൊടുക്കും.

ഇന്നത്തെ കാലത്താണെങ്കില്‍ ആരും കൊടുക്കില്ല, കാരണം രണ്ട് പേരും ഒരുപോലുള്ള വേഷമാണല്ലോ ചെയ്യുന്നത്. പക്ഷെ അന്ന് അങ്ങനെയൊന്നുമില്ല. ഞങ്ങള്‍ ഒരേ ചങ്ങാത്തത്തില്‍ പോകുന്ന ആളുകളായിരുന്നു.

ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ വലിയ പാടാണ്. ഞാന്‍ സിനിമയില്‍ വന്നത് ഇതില്‍ നിന്നും എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചല്ല. അന്നെനിക്ക് സ്വന്തമായി കാറുണ്ടായിരുന്നു. എ.സി കാറൊക്കെയാണ്.

പക്ഷെ ഞാനീ കാറ് മാറ്റിവെച്ച് ലൊക്കേഷനിലേക്ക് നടന്നുപോകും. കാരണം എ.സി കാറുംകൊണ്ട് ലൊക്കേഷനില്‍ ചെന്നാല്‍ പിന്നെ എന്നെ ഒരു വേഷത്തിനും വിളിക്കില്ല. അന്ന് അങ്ങനെയാണ്. ഒരാള്‍ സിനിമ പ്രൊഡ്യൂസ് ചെയ്താല്‍ പിന്നെ അയാളെ അഭിനയിക്കാന്‍ വിളിക്കില്ല.

ഞാന്‍ ആദ്യമായി നിര്‍മിച്ച സിനിമയില്‍ എന്റെ പേര് വെച്ചിട്ടില്ല. കൊച്ചിന്‍ ഫിലിംസ് എന്നാണ് വെച്ചത്. കാരണം എന്റെ പേര് വെച്ചാല്‍ പിന്നെ പടം കിട്ടില്ല എന്ന് മാഫിയ ശശി മാസ്റ്റര്‍ വരെ പറഞ്ഞു. ഇന്ന് അങ്ങനെയല്ല, കാലം മാറി,” ബാബുരാജ് പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് ബാബുരാജിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ.

Content Highlight: Baburaj says though he had his own car, he didn’t brought that to locations

We use cookies to give you the best possible experience. Learn more