പ്രൊഡ്യൂസറുടെ പണം കൊണ്ടാണ് നടന്‍മാരും സംവിധായകരുമടക്കം എല്ലാവരുടെയും സ്വപ്‌നങ്ങള്‍ നടക്കുന്നതെന്ന് നടന്‍ ബാബുരാജ്. പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനൊപ്പം സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് ബഹുമാനം ലഭിക്കുന്നത് കുറവാണെന്നും ബാബുരാജ് പറഞ്ഞു.
പണ്ടൊക്കെ നിര്‍മാതാക്കളെ കാണുമ്പോള്‍ അറിയാതെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കുമായിരുന്നു എന്നും ഇപ്പോള്‍ പ്രൊഡ്യൂസര്‍മാരെ മുണ്ടഴിച്ച് കാണിക്കുന്നവരാണ് ഉള്ളതെന്നും ബാബുരാജ് പറയുന്നു. സാന്ദ്ര തോമസ് ഒരു ടെറര്‍ പ്രൊഡ്യൂസറാണെന്ന ബാബുരാജിന്റെ പഴയ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം.
‘സാന്ദ്ര തോമസ് ഒരു ടെറര്‍ പ്രൊഡ്യൂസറാണെന്നാണ് ഞാന്‍ കരുതുന്നത്. ടെറര്‍ എന്ന് പറയുന്നത് അത് നല്ല അര്‍ത്ഥത്തിലാണ്. പ്രൊഡ്യൂസറോട് ഒരു ബഹുമാനം വേണം, ഇന്ന് സിനിമയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് അതാണ്. സിനിമ തുടങ്ങുന്നതിന് മുമ്പ് വരെ പ്രൊഡ്യൂസറെ കണ്ടാല്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കുന്നവര്‍ സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ മുണ്ടഴിച്ച് കാണിക്കലാകും.
പണ്ടൊക്കെ പ്രൊഡ്യൂസറെ കണ്ടാല്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമായിരുന്നു. ഇപ്പോ അങ്ങനെയൊന്നുമില്ല. ഈ പ്രൊഡ്യൂസറുടെ പണം കൊണ്ടാണ് ബാക്കിയുള്ളവരുടെ ഡ്രീമും മറ്റുമൊക്കെ നടക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ സാന്ദ്രയെ പോലൊരു പ്രൊഡ്യൂസര്‍ ആവശ്യമാണ്. സാന്ദ്രക്ക് അവരുടേതായ ഒരു കണക്കുകൂട്ടലുണ്ട്. അത് കൊണ്ട് തന്നെ സാന്ദ്ര ഒരു ടെറര്‍ പ്രൊഡ്യൂസറാണെന്ന എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ആ ടെറര്‍ നല്ല അര്‍ത്ഥത്തിലാണ്’. ബാബുരാജ് പറഞ്ഞു.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മിച്ച്
നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’യാണ് ബാബുരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ബാബുരാജിന് പുറമെ ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ മര്‍ഫി ദേവസ്സിയും പ്രഫുല്‍ സുരേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിഡ്സണ്‍ സി. ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോന്‍, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരന്‍, കലാസംവിധാനം ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് അമല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, മാര്‍ക്കറ്റിങ് പ്ലാനിങ് ഒബ്സ്‌ക്യുറ എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍ യെല്ലോടൂത്ത്, പി.ആര്‍.ഒ. സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
content highlights: Baburaj says producers don’t get respect