കള്ളുകുടിയന്‍ പ്രഭാഷണം നടത്തുകയാണ്; പേടിച്ചിട്ട് ഓര്‍ഡിനറിയുടെ സെക്കന്റ് ഹാഫില്‍ ഞാന്‍ അഭിനയിച്ചില്ല: ബാബുരാജ്
Entertainment
കള്ളുകുടിയന്‍ പ്രഭാഷണം നടത്തുകയാണ്; പേടിച്ചിട്ട് ഓര്‍ഡിനറിയുടെ സെക്കന്റ് ഹാഫില്‍ ഞാന്‍ അഭിനയിച്ചില്ല: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 4:05 pm

കുഞ്ചാക്കോ ബോബന്‍ – ബിജു മേനോന്‍ എന്നിവര്‍ ഒന്നിച്ച വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഓര്‍ഡിനറി. ഈ കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍, ആസിഫ് അലി, ശ്രിത ശിവദാസ്, ജിഷ്ണു തുടങ്ങി മികച്ച താരനിരയായിരുന്നു ഉണ്ടായിരുന്നത്.

ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലെ സ്ഥിരം യാത്രക്കാരനായ വക്കച്ചനായി എത്തിയിരുന്നത് ബാബുരാജായിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വക്കച്ചന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ബാബുരാജ്.

‘ഞാന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിട്ട് പിന്നെ നേരെ പോകുന്നത് ഓര്‍ഡിനറി എന്ന സിനിമയില്‍ അഭിനയിക്കാനാണ്. അതില്‍ വക്കച്ചന്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അയാള്‍ക്ക് ഗവി ബോയ് എന്നൊക്കെ പറഞ്ഞ് കുറേ ഡയലോഗുകളുണ്ടായിരുന്നു.

എനിക്കാണെങ്കില്‍ ആ സിനിമയോടെ എന്റെ പണി കഴിയുമെന്നൊക്കെയുള്ള ചിന്തയായിരുന്നു. ആളുകള്‍ ഇതിനൊക്കെ കൂവിയാല്‍ പ്രശ്‌നമാകില്ലേയെന്നാണ് ഞാന്‍ ചിന്തിച്ചത്. അങ്ങനെ വിചാരിച്ച് സിനിമയുടെ സെക്കന്റ് ഹാഫില്‍ എന്നെ കാണാനില്ല.

അപ്പോള്‍ ഞാന്‍ മായാമോഹിനിയെന്ന പടത്തില്‍ അഭിനയിക്കാന്‍ വേണ്ടി പോയിരിക്കുകയായിരുന്നു. എന്നെ ഈ സിനിമയിലെ ആളുകളൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ആകെ ടെന്‍ഷനിലായിരുന്നു. പക്ഷെ സിനിമ തിയേറ്ററില്‍ റിലീസായതോടെ കാണുന്നത് ആളുകള്‍ എല്ലാത്തിനും ചിരിക്കുന്നതും കൈയ്യടിക്കുന്നതുമാണ്.

പിന്നെ വക്കച്ചന്‍ ആളൊരു കള്ളുകുടിയനാണെങ്കിലും പകല്‍ വളരെ ഡീസന്റായിരുന്നു. അയാള്‍ പ്രത്യേകിച്ചും ആലേലൂയ സ്‌തോത്രക്കാരനാണ്. അതൊക്കെയായിരുന്നു ആ സിനിമയുടെ അവസാനമുള്ളത്. അയാള്‍ അവസാനം നന്നായിട്ട് പ്രഭാഷണമൊക്കെ നടത്തുന്നതായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പേടിച്ചിട്ട് അതിനൊന്നും ഞാന്‍ നിന്നു കൊടുത്തില്ല,’ ബാബുരാജ് പറഞ്ഞു.


Content Highlight: Baburaj says he did not go for acting the second half of Ordinary because of fear