| Monday, 14th November 2022, 2:17 pm

അങ്ങനെ ഒടുവില്‍ ഗോള്‍ഡിന്റെ പണികള്‍ പൂര്‍ത്തിയായി; റിലീസ് വിവരങ്ങള്‍ പങ്കുവെച്ച് ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന്റെ റിലീസ് വിവരങ്ങള്‍ പങ്കുവെച്ച് നടന്‍ ബാബുരാജ്. ചിത്രത്തിന്റെ വര്‍ക്കുകളെല്ലാം പൂര്‍ത്തിയായെന്നും ഡിസംബറില്‍ റിലീസ് ചെയ്യുമെന്നുമാണ് ബാബുരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഗോള്‍ഡ്…പെര്‍ഫെക്ഷന് വേണ്ടി കുറച്ചധികം നാളായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രനും ടീമിനും അഭിനന്ദനങ്ങള്‍. ഡിസംബര്‍ റിലീസ്’ എന്നാണ് ബാബുരാജ് എഴുതിയിരിക്കുന്നത്.

അതേസമയം ഗോള്‍ഡിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം പങ്കുവെക്കുന്ന അല്‍ഫോണ്‍സ് പുത്രന്റെയോ പ്രധാന വേഷങ്ങളിലെത്തുന്ന നയന്‍താരയുടെയോ പൃഥ്വിരാജിന്റെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊന്നും ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാബുരാജ് റിലീസിനെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഗോള്‍ഡിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. മികച്ച ഒരു വിഭവം തയ്യാറാക്കുന്നതിന് വേണ്ടി എല്ലാ വര്‍ക്കുകളും പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ റിലീസ് വൈകുന്നതിനെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തുവിട്ടിരുന്നു. അതേസമയം ബാബുരാജിന്റെ വാക്കുകളെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഒറ്റ കാരണം തന്നെയാണ് ചിത്രത്തിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പും ഗോള്‍ഡിനുണ്ട്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍, മല്ലിക സുകുമാരന്‍, സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്ന റെജി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, തമിഴ്നാട്ടില്‍ റെക്കോഡ് വിതരണാവകാശ തുകയാണ് ഗോള്‍ഡിന് ലഭിച്ചത്. എസ്.എസ്. ഐ പ്രൊഡക്ഷന്‍സ് 1.25 കോടിക്കാണ് ഗോള്‍ഡിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കുന്ന വിതരണാവകാശത്തില്‍ റെക്കോര്‍ഡ് തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് റിലീസ് ചെയ്ത പ്രേമം ഉണ്ടാക്കിയ ഇമ്പാക്റ്റ് ആണ് ഇതിന് പ്രധാന കാരണം. കേരളത്തിനൊപ്പം അല്ലെങ്കില്‍ കേരളത്തിനേക്കാള്‍ ജനപ്രീതി നേടിയിരുന്നു പ്രേമം തമിഴ്നാട്ടില്‍. ചിത്രം 275 ദിവസങ്ങള്‍ വരെ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു.

Content Highlight: Baburaj says Gold movie will release in December

We use cookies to give you the best possible experience. Learn more