സിനിമ തിയേറ്ററില്‍ എത്താന്‍ വൈകി, അപ്പോഴേക്കും അതിലെ പല തമാശകളും ഔട്ട് ഡേറ്റഡ് ആയി; വിജയമാകാതിരുന്ന സിനിമയെക്കുറിച്ച് ബാബുരാജ്
Entertainment
സിനിമ തിയേറ്ററില്‍ എത്താന്‍ വൈകി, അപ്പോഴേക്കും അതിലെ പല തമാശകളും ഔട്ട് ഡേറ്റഡ് ആയി; വിജയമാകാതിരുന്ന സിനിമയെക്കുറിച്ച് ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th May 2021, 7:13 pm

ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് കോഫി. എന്നാല്‍ ബ്ലാക്ക് കോഫി വലിയ വിജയമാവാതിരുന്നതിന്റെ കാരണം പറയുകയാണ് ബാബുരാജ്.

‘ബ്ലാക്ക് കോഫിയുടെ നിര്‍മാതാക്കള്‍ കുക്ക് ബാബുവിന്റെ കഥാപാത്രത്തിന് ഇനിയും സാധ്യതയുണ്ടെന്ന് പറഞ്ഞ് സമീപിച്ചപ്പോള്‍ ചെയ്യണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. വാണിയും ചോദിച്ചു അത് ചെയ്യണോയെന്ന്. ഞാന്‍ ആദ്യമായി എഴുതി സംവിധാനം ചെയ്ത സിനിമ ‘ഗ്യാങ്’ ആയിരുന്നു.

പിന്നീട് മനുഷ്യമൃഗവും ബ്ലാക്ക് ഡാലിയയും ചെയ്തു. അവസരം വരുമ്പോഴേ നമ്മുടെ ആഗ്രഹങ്ങള്‍ നടക്കൂ. അതുകൊണ്ട് ബ്ലാക്ക് കോഫി ചെയ്യാന്‍ തീരുമാനിച്ചു. ആഷിഖിനോടും ശ്യാമിനോടും ജാമ്യം എടുത്തിട്ടാണ് തുടങ്ങിയത്. 2018ല്‍ ചെയ്ത സിനിമ തിയേറ്ററില്‍ എത്താന്‍ വൈകി. അപ്പോഴേക്കും അതിലെ പല തമാശകളും ഔട്ട് ഡേറ്റഡ് ആയി,’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറയുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ചാണ് ബാബുരാജ് ബ്ലാക്ക് കോഫിയെടുത്തത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രങ്ങളായ കാളിദാസനും ബാബുവും മായയും മൂപ്പനുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്.

ബാബുവെന്ന കുക്കിന്റെ വേഷമാണ് സിനിമയുടെ രണ്ട് ഭാഗങ്ങളിലും ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പോലെത്തന്നെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും വേഷമിട്ടിരിക്കുന്നു.

എന്നാല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഉണ്ടായിരുന്ന ആസിഫ് അലിയുടെയും മൈഥിലിയുടെയും കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിന്റെ കാരണം ബാബുരാജ് നേരത്തേ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തിരക്കഥ എഴുതിത്തുടങ്ങിയപ്പോള്‍ ആസിഫ് അലിയുടെയും മൈഥിലിയുടെയും വേഷങ്ങള്‍ക്ക് കഥയില്‍ സ്ഥാനമുണ്ടായിരുന്നെന്നും എന്നാല്‍ മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിര്‍ത്തേണ്ടി വന്നതാണെന്നും ബാബുരാജ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Baburaj says about black cofee movie