| Saturday, 26th August 2023, 1:35 pm

'100ലധികം പടങ്ങള്‍ ഡയലോഗില്ലാതെ ചെയ്തു; ആ ചിത്രത്തിന് മുമ്പ് സിനിമ നിര്‍ത്താമെന്ന് ആലോചിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമാജീവിതത്തില്‍ നൂറില്‍ അധികം പടങ്ങള്‍ ഒരു ഡയലോഗ് പോലുമില്ലാതെ അഭിനയിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ബാബുരാജ്. സിനിമ ഇഷ്ടമായിരുന്നെന്നും പക്ഷേ ശരിയായ വഴി കാണിച്ച് തരാന്‍ ഗോഡ്ഫാദറില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോള്‍ട്ട് ആന്റ് പെപ്പറില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമ നിര്‍ത്തിയാലോ എന്ന് ആലോചിച്ചുണ്ടെന്നും നടന്‍ തുറന്ന് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഒരു ഡയലോഗ് പോലുമില്ലാതെ വെറുതെ നിന്ന് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഈയടുത്ത് ഞാന്‍ കണക്കുകൂട്ടിയിട്ടുണ്ടായിരുന്നു. എന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള പടങ്ങളുമുണ്ട്. ഇടക്ക് ഞാനും വാണിയും (വാണി വിശ്വനാഥ്) അതിന്റെ കണക്കെടുക്കും. ഒരു സീനിലൊക്കെ വന്ന് പോകുന്ന സംഭവമുണ്ട്. എനിക്ക് 100 പടങ്ങള്‍ക്ക് മേലെ മിണ്ടാതെ നിന്ന പടങ്ങളുണ്ടാകും.

സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. സിനിമയില്‍ നില്‍ക്കണമെന്നുണ്ടായിരുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്ന് അടുത്ത വര്‍ഷം തന്നെ ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തു. ഏതെങ്കിലും രീതിയില്‍ സിനിമയില്‍ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ നമുക്ക് ശരിയായ വഴി കാണിച്ച് തരാന്‍ ഗോഡ്ഫാദറൊന്നുമില്ലായിരുന്നു.

മഹാരാജാസിലെ പഠനം കഴിഞ്ഞ് ലോ കോളേജില്‍ വന്നതിന് ശേഷമാണ് ഹനീഫിക്കയുടെ ഭീഷ്മാചാര്യയില്‍ വിളിക്കുന്നത്. അത് കഴിഞ്ഞ് കോളേജില്‍ ചെല്ലുമ്പോള്‍ അടുത്ത പടമേതാണെന്ന് ചോദിക്കുമ്പോള്‍ നമുക്ക് പടമില്ലാത്ത അവസ്ഥയാണ്.

ഇങ്ങനെയൊക്കെ സക്‌സസ് ആകും എന്ന പ്രതീക്ഷ ഉള്ളില്‍ ഉണ്ടാകാം. സോള്‍ട്ട് ആന്റ പെപ്പര്‍ മുമ്പ് സിനിമ മതിയെന്ന് ചിന്തിച്ചിരുന്നു,’ ബാബുരാജ് പറഞ്ഞു.

താന്‍ മുതിര്‍ന്ന അഭിഭാഷകരുടെ ജൂനിയറായി ജോലി ചെയ്തിട്ടുണ്ടെന്നും കേസുകള്‍ക്കിടയിലും സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. താന്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരുപാട് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

‘പത്ത് വര്‍ഷം വക്കീലായി പ്രാക്ടീസ് ചെയ്തിരുന്നു. അന്ന് ഞാന്‍ പി.വി പ്രഭാകരന്‍ എന്ന് പറയുന്ന വലിയ വക്കീലിന്റെ ജൂനിയറാണ്. സാറിന്റെ പെറ്റായിരുന്നു. കൊലപാതകക്കേസൊക്കെ പഠിച്ച് കോടതിയിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴായിരിക്കും എവിടെ നിന്നെങ്കിലും വിളി വരുന്നത്. തല്ലുക്കൊള്ളുന്ന സീനായിരിക്കും. എങ്കിലും ഞാന്‍ അതില്‍ പോയി കറക്റ്റായി തല്ല് കൊണ്ട് ശമ്പളം പോലും ചോദിക്കാതെ തിരിച്ചെത്തും.

സാറെന്നെ ലൊക്കേഷനില്‍ വന്ന് പൊക്കിയിട്ടുണ്ട്. ഒരു കേസ് ഞാന്‍ പഠിച്ച് വെച്ചിരിക്കുന്നു. പക്ഷേ എന്നെ കാണുന്നില്ല. സാറ് വീട്ടില്‍ വിളിച്ചപ്പോള്‍ അവന്‍ പോയിട്ട് വന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സാറ് വണ്ടിയെടുത്ത് വന്ന് എന്നെ പിടിച്ച് കൊണ്ടുപോയി. ഞാന്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരുപാട് സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെനിക്ക്,’ ബാബുരാജ് പറഞ്ഞു.

സനല്‍ വി.ദേവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് ബാബുരാജിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഇന്ദ്രജിത്ത്, സരയു, നൈല ഉഷ എന്നിവരും മറ്റ് പ്രധാനപ്പെട്ട വേഷങ്ങള്‍ ചിത്രത്തില്‍ ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHTS: Baburaj say he acted several cinemas without any dialouge

We use cookies to give you the best possible experience. Learn more