| Thursday, 22nd June 2023, 1:54 pm

തിലകന്‍ ചേട്ടന്റെ ഇളയ മകനായിരുന്നു ജോജു, അവന്‍ എന്റെ കൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് തനിക്കൊപ്പമാണ് ആദ്യമായി അഭിനയിക്കുന്നതെന്ന് ബാബുരാജ്. 1997ല്‍ തിലകന്‍ ലീഡ് റോളില്‍ വന്ന കുടിപ്പക എന്ന ഒരു സീരിയലില്‍ തന്റെ അനിയനായിട്ടാണ് ജോജു അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവം പിന്നീട് ജോജു തന്നെ ഓര്‍മപ്പെടുത്തിയപ്പോഴായിരുന്നു, അന്ന് കൂടെ അഭിനയിച്ചത് ജോജുവാണെന്നത് ബോധ്യപ്പെട്ടതെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബുരാജ്.

‘1997ല്‍ കുടിപ്പക എന്ന ഒരു സീരിയല്‍ ഉണ്ടായിരുന്നു. തിലകന്‍ ചേട്ടനാണ് ഹീറോ. സുകുമാരി ചേച്ചി ഉള്‍പ്പെടെ നിരവധി ആര്‍ട്ടിസ്റ്റുകള്‍ അതില്‍ അഭിനയിച്ചിരുന്നു. തിലകന്‍ ചേട്ടന് അതില്‍ ആറ് മക്കളുണ്ട്. ഒരു മകന്‍ ഞാനായിരുന്നു. അതില്‍ ഇളയ മകന്‍ ആയിട്ട് അഭിനയിച്ചത് ജോജുവാണ്.


ഒരു ദിവസം ജോജു എന്റെ അടുത്ത് വന്ന് പറഞ്ഞു, ചേട്ടനൊപ്പമാണ് ഞാന്‍ ആദ്യമായി അഭിനയിച്ചതെന്ന്. ഏത് ക്യാരക്ടറാണെന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് അന്ന്
തിലകന്‍ ചേട്ടന്റെ ഇളയ മകനായിട്ട് വന്നത് ഞാനാണെന്ന് ജോജു പറഞ്ഞത്.

സ്ഫടികം ജോണിച്ചേട്ടന്‍ ആയിരുന്നു മൂത്ത മകന്‍. അതിന്റെ ഇളയതായിരുന്നു ഞാന്‍. പിന്നെ ഷമ്മി, സുരേഷ് കൃഷ്ണ എന്നിവരൊക്കെ അതിന്റെ ഭാഗമായിരുന്നു. ആലുവയില്‍ നടന്ന ഒരു വിഷയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു റിയലിസ്റ്റിക് സബ്ജക്ടായിരുന്നു അത്,’ ബാബുരാജ് പറഞ്ഞു.

താന്‍ പണ്ട് നിര്‍മിച്ച ഒരു സിനിമയിലെ ബാലതാരമാണ് നിര്‍മാതാവ് സാന്ദ്ര തോമസെന്നും ബാബുരാജ് പറഞ്ഞു. സാന്ദ്ര തോമസും ബാബുരാജിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

‘എന്റെ ബാലതാരമായിരുന്നു സാന്ദ്ര. കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട ഐസ് ഫ്രൂട്ട് ഒക്കെ തിന്ന് നില്‍ക്കുന്ന കുട്ടി സാന്ദ്രയെ എനിക്ക് ഓര്‍മയുണ്ട്,’ ബാബു രാജ് പറഞ്ഞു.

എന്നാല്‍ അന്ന് ബാബുരാജിന് അത് ഓര്‍മയുണ്ടാകാന്‍ വഴിയില്ലെന്നും, അന്ന് അദ്ദേഹം
സെറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണെന്നും സാന്ദ്ര മറുപടി പറഞ്ഞു.

അതേസമയം, സനല്‍ വി. ദേവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പ്പിറ്റലാണ്’ ബാബുരാജിന്റെ പുതിയ ചിത്രം. ഇന്ദ്രജിത്ത്, സരയു, നൈല ഉഷ എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Content Highlight: Baburaj said that Joju George is acting with him for the first time

We use cookies to give you the best possible experience. Learn more