| Sunday, 14th October 2018, 2:15 pm

ആ പെണ്‍കുട്ടി എന്റെ ചങ്കാണ്; ഡബ്യൂ.സി.സി ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്ന് ബാബു രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആക്രമണത്തെ അതിജീവിച്ച നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ബാബു രാജ്. ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലോടുമെന്ന പഴഞ്ചൊല്ല് മാത്രമാണ് താനുദ്ദേശിച്ചതെന്ന് ബാബു രാജ് പറഞ്ഞു. ആ പെണ്‍കുട്ടിയുടെ അവസ്ഥയെയാണ് താന്‍ അത്തരത്തില്‍ വ്യാഖ്യാനിച്ചത്. പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു കൊണ്ടാകാമെന്നും ബാബുരാജ് പറഞ്ഞു.

ഡബ്യൂ.സി.സി പ്രത്യേക അജണ്ട വെച്ചാണ് ഇതൊക്കെ പറയുന്നതെന്നും ബാബുരാജ് ആരോപിച്ചു. നടി എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്. ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്.


അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരെ സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

ഞാനുള്‍പ്പെടെയുള്ള എ.എം.എം.എ എക്സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാന്‍ തയ്യാറാണ്. അന്നത്തെ ആ ആക്രമണ സംഭവത്തില്‍ ആ കുട്ടിക്ക് പൂര്‍ണ പിന്തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും ഇത്തരം തെറ്റായ വ്യാഖ്യാനങ്ങള്‍ നടത്തുന്നതിനു പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു.

മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിളിച്ചെന്നായിരുന്നു സമ്മേളനത്തിലുന്നയിക്കപ്പെട്ട മറ്റൊരു വിമര്‍ശനം. എന്റെ ഭാര്യ ഒരു നടിയാണ്. നടിയെ നടിയെന്നല്ലാതെ മറ്റെന്തു വിളിക്കും? വക്കീലിനെ വക്കീലെന്നും ഡോക്ടറെ ഡോക്ടറെന്നു തന്നെയല്ലേ പറയുക? എ.എം.എം.എ എന്ന സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാലിനെതിരെ തിരിയുന്നതും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു.


അയാളെന്നും അദ്ദേഹമെന്നുമാണ് ലാലേട്ടനെ അവര്‍ വിശേഷിപ്പിച്ചത്. അത് തീര്‍ത്തും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു. വെറുതെ “ഓലപ്പാമ്പ്” കാണിച്ചു പേടിപ്പിക്കുകയാണ്. ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന ചെയ്ത അമ്പതു ലക്ഷത്തിനു പുറമേ ഒരു കോടി രൂപ കൂടി സമാഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്തു കൊണ്ട് അത്തരം വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബാബുരാജ് ചോദിച്ചു.

എ.എം.എം.എയുടെ നേതൃത്വത്തില്‍ നടന്ന ഒരു ചര്‍ച്ചക്കിടയില്‍ ബാബുരാജ് ആക്രമണത്തെ അതിജീവിച്ച നടിയെ അപമാനിക്കുന്ന തരത്തിലാണ് വിശേഷിപ്പിച്ചതെന്ന് ഡബ്യൂ.സി.സിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍വതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more