സിനിമകളിൽ നല്ല പ്രകടനം ചെയ്യുന്നവരെ ഏറ്റവും ആദ്യം അഭിനന്ദിക്കുന്നത് സുരാജ് ആയിരിക്കുമെന്ന് നടൻ ബാബുരാജ്. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്നെ സുരാജ് വിളിച്ച് അഭിനന്ദിച്ചെന്നും എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന നല്ല മനോഭാവമാണ് സിനിമയിലെ അദ്ദേഹത്തിന്റെ ഉയർച്ചക്ക് കാരണമെന്നും ബാബുരാജ് പറഞ്ഞു. പോപ്പർസ്റ്റോപ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സുരാജ് എന്നെ നേരിട്ട് വിളിക്കുന്ന ഒരു വ്യക്തിയാണ്. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രം കഴിഞ്ഞപ്പോൾ എനിക്ക് ധാരാളം ഫോൺ കോളുകൾ വന്നു. ചേട്ടാ ചേട്ടന് ഇത് തന്നെ വേണോ? വേറെ എന്തെങ്കിലുമൊക്കെ നോക്കിക്കൂടെ? എന്ന് സൂരജ് എന്നെ വിളിച്ചിട്ട് ചോദിച്ചു. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. ചേട്ടൻ ഇതെന്ത് ഭാവിച്ചാണ്, ഗംഭീര പ്രകടനം ആയിരുന്നെന്ന് സുരാജ് പറഞ്ഞു.
സുരാജ് കോമഡിയിൽനിന്നും മാറി സീരിയസ് കഥാപാത്രങ്ങൾ ചെയ്തപ്പോൾ ഞാൻ ജോജി ചെയ്ത സമയം ആയിരുന്നു. ‘എന്നെ ഇവിടെയും ജീവിക്കാൻ സമ്മതിക്കില്ലേയെന്ന്’ സുരാജ് വിളിച്ചിട്ട് ചോദിച്ചു ( ചിരിക്കുന്നു).
സിനിമയിൽ ആര് ഗംഭീര പ്രകടനം നടത്തിയാലും ആദ്യം വിളിക്കുന്നത് സുരാജ് ആയിരിക്കും. എല്ലാവരെയും, എന്നെ മാത്രമല്ല. അതാണ് ആ മനുഷ്യന്റെ ഒരു മഹത്വം. ആ മഹത്വം സുരാജിന്റെ മുന്നോട്ടുള്ള പോക്കിനെ സഹായിച്ചു. എല്ലാവരെയും പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന നല്ല മനോഭാവമാണ് സിനിമയിലെ അദ്ദേഹത്തിന്റെ ഉയർച്ചക്ക് കാരണം. ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ പുള്ളി ചെയ്തു. ദേശീയ അവാർഡ് വരെ വാങ്ങി.
രാജമാണിക്യം എന്ന ചിത്രത്തിൽ മമ്മൂക്കയെ തിരുവനന്തപുരം സ്ലാങ് പഠിപ്പിക്കാൻ വന്നതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഉയർച്ച ശ്രദ്ധേയമാണ്. നമ്മൾ മറ്റുള്ളവരെ അംഗരീകരിക്കാൻ പഠിക്കണം,’ ബാബുരാജ് പറഞ്ഞു.
Content Highhlights: Baburaj on Suraj Venjaramoodu