‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിലെ പൂരപ്പാട്ടിന്റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ ‘താനാരോ തന്നാരോ’ എന്ന ഗാനം നിര്‍മാതാവ് വേണ്ടെന്ന് വെച്ചിരുന്നെന്ന് നടന്‍ ബാബുരാജ്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഈ ഗാനം വേണ്ടെന്ന് സാന്ദ്ര തോമസ് പറഞ്ഞെന്നായിരുന്നു ബാബുരാജിന്റെ വാക്കുകള്‍.
ചിത്രത്തിന്റെ സംവിധായകന്‍ മുര്‍ഫി ദേവസ്സിയാണ് ഗാനരചന നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ മുര്‍ഫി ദേവസ്സിയും അഭിമുഖത്തില്‍ പങ്കെടുത്തു.
‘പെട്ടെന്ന് ആളുകളിലേക്ക് എത്തുന്ന ഗാനം വേണം എന്നായിരുന്നു മുര്‍ഫിക്ക് ആഗ്രഹം,’ ബാബുരാജ് പറഞ്ഞു.
‘ഇവരെയൊക്കെ വെച്ച് (ബിനു പപ്പു, ഗണപതി, റോണി ഡേവിഡ്, ജിനു ജോസഫ്, ബാബുരാജ്, ശ്രാവണ്‍ സത്യ, നിതിന്‍ ജോര്‍ജ്) ‘ശശികല ചാര്‍ത്തിയ ദീപാവലയം’ പോലുള്ള പാട്ടുകള്‍ പാടാന്‍ പറ്റില്ല. ഇവര്‍ക്ക് പറ്റിയ ഒരു പാട്ട് ഇതാണ് (ചിരിക്കുന്നു) ,’ മുര്‍ഫി ദേവസ്സി പറഞ്ഞു.
‘ഈ പാട്ട് കട്ട് ചെയ്യാമെന്ന് സാന്ദ്ര പറഞ്ഞു. അതിന്റെ ട്യൂണ്‍ നല്ലതാണെന്ന് ഞാന്‍ പറഞ്ഞു. കാരണം ഈ ഈണം എല്ലാ കാലഘട്ടത്തിലെയും ആളുകളുടെ മനസിലൂടെയും പോകുന്നതാണ്. അപ്പോള്‍ സാന്ദ്ര പറഞ്ഞു ഞാന്‍ ചെയ്യുന്ന സിനിമയില്‍ ഈ പാട്ട് പറ്റില്ലെന്ന്. ഞങ്ങള്‍ സംസാരിച്ച് സാന്ദ്രയെകൊണ്ട് സമ്മതിപ്പിച്ചു,’ ബാബുരാജ് പറഞ്ഞു.
സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് ഗാനരചന നിര്‍വഹിച്ചത് മുര്‍ഫി ദേവസ്സിയാണെന്ന് താന്‍ അറിയുന്നതിനും ഗാനത്തില്‍ അഭിനയിച്ചവര്‍ തന്നെ വരികള്‍ മാറ്റി എഴുതിയെന്നും ബാബുരാജ് പറഞ്ഞു.
‘സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് മുര്‍ഫി തന്നെയാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചതെന്ന് മനസിലായത്. പക്ഷെ ഞങ്ങള്‍ അതില്‍ അഭിനയിച്ചിരിക്കുന്നവരുടെ സംഭാവനയാണ് ഓരോ വരികളും,’ ബാബുരാജ് പറഞ്ഞു.