മുൻകാല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ബാബുരാജ്. തനിക്ക് ധാരാളം യുവ നടന്മാരുടെ കൂടെ അഭിനയിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് ബാബുരാജ് പറഞ്ഞു. മുൻകാലങ്ങളിൽ ഷൂട്ടിങ്ങിനുശേഷം മുതിർന്ന താരങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇന്ന് ആർക്കും അതിന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ ഗണപതി, സംവിധായകൻ മുർഫി ദേവസ്സി എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.
‘ധാരാളം യുവ നടന്മാരുടെ കൂടെ അഭിനയിക്കാൻ പറ്റി എന്നുള്ളതാണ് ‘നല്ല നിലാവുള്ള രാത്രിയിൽ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം. കാരണം ഇവരുടെ കൂടെ അഭിനയിക്കുമ്പോഴാണ് ഓരോ കാലഘട്ടത്തിലെയും മാറ്റങ്ങൾ അറിയാൻ സാധിക്കുന്നത്.
പണ്ട് കുതിരവട്ടം പപ്പു ചേട്ടൻ, ശങ്കരാടി ചേട്ടൻ, ബഹദൂർ ഇക്ക തുടങ്ങിയ മുതിർന്ന നടന്മാരുടെ കൂടെ അഭിനയിച്ചു. അവർക്ക് ശേഷമുള്ള നടന്മാരുടെ കൂടെയും അഭിനയിക്കാൻ പറ്റി. ഇപ്പോൾ ഗണപതി വരെയുള്ളവരിൽ എത്തി നിൽക്കുന്നു. അപ്പോഴാണ് ജനറേഷനിൽ ഉള്ള മാറ്റങ്ങൾ അറിയാൻ കഴിയുന്നത്.
ഗണപതിയും ഞാനും ഹണി ബീ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വളരെ ചെറിയ പയ്യൻ ആയിരുന്നെന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞിട്ടുണ്ട്. യുവ അഭിനേതാക്കളുമായി അടുക്കുക എന്നുള്ളത് വളരെ വലിയൊരു കാര്യമാണ്,’ അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ മുതിർന്ന നടന്മാരുമൊത്ത് സംസാരിച്ചിരിക്കുമായിരുന്നെന്നും ഇന്നതിന് ആർക്കും സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പണ്ട് ഞങ്ങൾ വട്ടം കൂടിയിരുന്ന് സംസാരിക്കുമായിരുന്നു. ആ സദസ്സ് കൈകാര്യം ചെയ്യുന്നത് ചിലപ്പോൾ ഇന്നസെന്റ് ചേട്ടൻ ആയിരിക്കും. എല്ലാവരും ഓരോ കഥകൾ പറയും. മുകേഷ് ചേട്ടൻ ഒക്കെ ഉണ്ടായിരിക്കും. ബാക്കി എല്ലാവരും കേൾവിക്കാരായിട്ടിരിക്കും. ഇപ്പോൾ അങ്ങനെയല്ല, സമയം വളരെ കുറച്ചേ ലഭിക്കുന്നുള്ളൂ. എല്ലാവരും അവരവരുടെ സമയം കഴിഞ്ഞാൽ റൂമിൽ പോകും. ആരുമായിട്ടും ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല, ബാബുരാജ് പറഞ്ഞു.
നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുർഫി ദേവസിയാണ്. ചെമ്പൻ വിനോദ്, ബിനു പപ്പു, ജിനു ജോസ്, റോണി ഡേവിഡ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.