| Wednesday, 31st May 2023, 6:42 pm

'നടേശാ കൊല്ലണ്ട' എന്ന് പറഞ്ഞിട്ട് എന്നെ ഫുട്ബോൾ അടിക്കുന്നപോലെയാണ് തല്ലിയത്: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നടനാണ് ബാബുരാജ്. ഇപ്പോൾ അത്തരം വേഷങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ് താരം. തന്റെ മുൻകാല സിനിമ നിമിഷങ്ങളും സഹ അഭിനേതാക്കളുമൊത്തുള്ള ഓർമകളും പങ്കുവെക്കുകയാണ് താരം.

രാവണപ്രഭു എന്ന ചിത്രത്തിൽ തന്നെ ഫുട്ബോൾ അടിക്കുന്നപോലെയാണ് തല്ലിയിരുന്നതെന്ന് പറയുകയാണ് ബാബുരാജ്. മമ്മൂട്ടിയും മോഹൻലാലും സംഘട്ടന രംഗങ്ങൾ വളരെ മനോഹരമായിട്ട് അഭിനയിക്കുമെന്നും പ്രജ എന്ന ചിത്രത്തിൽ ഒറ്റ ഷോട്ടിൽ ഒരു ഫൈറ്റ് രംഗം മോഹൻലാൽ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാവണപ്രഭു എന്ന ചിത്രത്തിൽ വിജയ രാഘവൻ ചേട്ടൻ തല്ലുകൊണ്ടിട്ട് പോകുന്ന രംഗം ഉണ്ട്. അപ്പോഴാണ് ഞാനൊക്കെ വന്നിറങ്ങുന്നത്, ആ സീനിൽ, ബാക്കി നടേശനും പിള്ളേരും നോക്കിക്കോളും എന്ന് പറഞ്ഞ്‌ മോഹൻ ലാലിലെ വെല്ലുവിളിക്കുന്നുണ്ട്. അപ്പോൾ ‘നടേശാ കൊല്ലണ്ട’ എന്നൊരു ഡയലോഗ് ഉണ്ട്. അത് നല്ല തമാശയാണ്. പിന്നീട് നടേശൻ എന്ന എന്റെ കഥാപാത്രത്തിനെ നിലത്ത് നിർത്തുന്നില്ല, ഫുട്ബോൾ അടിക്കുന്നപോലെയാണ് ആ രംഗത്തിൽ തല്ലുന്നത്. കനൽ കണ്ണൻ മാസ്റ്റർ ആയിരുന്നു ആ ചിത്രത്തിലെ ഫൈറ്റ് മാസ്റ്റർ. അന്ന് ആദ്യമായിട്ടായിരുന്നു ഞാൻ അദ്ദേഹത്തെ കാണുന്നത്. എനിക്ക് ആ സമയത്ത് ഫൈറ്റ് മാസ്റ്റർമാരൊക്കെ ആയിട്ട് നല്ല പരിചയമാണ്. രാവണപ്രഭുവിൽ മൂന്ന് ദിവസമാണ് ഫൈറ്റ് രംഗം ഷൂട്ട് ചെയ്തത്. നടുവൊക്കെ നല്ല വേദന ഉണ്ടായിരുന്നു.

‘നടേശാ കൊല്ലണ്ട’ എന്ന ഡയലോഗ് വളരെ ഹിറ്റായി. അത് ഇത്രക്കും ശ്രദ്ധേയമാകാൻ കാരണം, വളരെ മാസ്സ് കാണിച്ചുവരുന്ന ആൾ തല്ലുകൊണ്ട് അവശനായിട്ടാണ് തിരികെ പോകുന്നത് (ചിരിക്കുന്നു),’ ബാബുരാജ് പറഞ്ഞു.

പ്രജ എന്ന ചിത്രത്തിൽ മോഹൻ ലാലുമായിട്ടുള്ള ഫൈറ്റ് രംഗത്തിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചതെന്നും ആ രംഗം ഒറ്റ ഷോട്ടിലാണ് ഷൂട്ട് ചെയ്തതെന്നും ബാബുരാജ് പറഞ്ഞു.

‘പ്രജ എന്ന ചിത്രത്തിൽ ലാലേട്ടന്റെ ഞെട്ടിക്കുന്ന ഒരു ഫൈറ്റ് രംഗം ഉണ്ട്. അദ്ദേഹം ഒരു അംബാസിഡർ കാർ കുത്തിപൊളിക്കുന്ന രംഗം ഉണ്ട്. കാറിന്റെ പുറകിലുള്ള ചില്ല് പൊളിച്ചിട്ട് അദ്ദേഹം അകത്തു കയറുന്ന രംഗം ഒറ്റ ഷോട്ടിലാണ് ചെയ്തത്. അതൊക്കെ കണ്ടാൽ നമുക്ക് ഞെട്ടൽ വരും. ലാലേട്ടന് ഇതൊക്കെ വളരെ ഇഷ്ട്ടമുള്ള കാര്യങ്ങളാണ്. മമ്മൂക്കയും അതുപോലെയാണ്. ഒപ്പം ഫൈറ്റ് ചെയ്യുന്ന ആളുകൾ ഉണ്ടെങ്കിൽ മമ്മൂക്കയെ പിന്നെ പിടിച്ചാൽ കിട്ടില്ല. പണ്ടൊക്കെ മമ്മൂക്കയുടെ കൂടെ സ്ഥിരം ഫൈറ്റ് ചെയ്യുന്നത് ഞാനോ ഭീമൻ രഘു ചേട്ടനോ ആയിരിക്കും,’ ബാബുരാജ് പറഞ്ഞു.

Content Highlights: Baburaj on Fight scenes

We use cookies to give you the best possible experience. Learn more