ഇത്രയും വലിയൊരു കഥാപാത്രം കിട്ടിയപ്പോൾ റിയാക്ട് ചെയ്യാൻ മറന്നുപോയി, ആഷിഖ് തിരക്കഥ വായിക്കാൻ തന്നപ്പോൾ ഞാൻ വായിച്ചില്ല: ബാബുരാജ്
Entertainment
ഇത്രയും വലിയൊരു കഥാപാത്രം കിട്ടിയപ്പോൾ റിയാക്ട് ചെയ്യാൻ മറന്നുപോയി, ആഷിഖ് തിരക്കഥ വായിക്കാൻ തന്നപ്പോൾ ഞാൻ വായിച്ചില്ല: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th June 2023, 6:31 pm

ജോജി എന്ന ചിത്രത്തിന്റെ കഥ കേട്ട ആവേശത്തിൽ താൻ മറുപടി പറയാൻ നിൽക്കാതെ തിരികെ പോയെന്ന് നടൻ ബാബുരാജ്. ശ്യാം പുഷ്ക്കരൻ തിരികെ വിളിച്ചപ്പോൾ ഫഹദ് സമ്മതിച്ചോ എന്നാണ് താൻ ആദ്യം ചോദിച്ചതെന്നും സോൾട്ട് ആൻഡ് പെപ്പറിന്റെ തിരക്കഥ താൻ വായിച്ച് നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്യാമിന്റെയും (ശ്യാം പുഷ്ക്കരൻ) ഉണ്ണിമായയുടെയും കല്യാണത്തെപ്പറ്റി പറയുകയാണെങ്കിൽ ഞാൻ ഒരു ബ്രോക്കർ ആയിട്ട് വരും. ഉണ്ണിമായയുടെ സഹോദരൻ എന്റെ ഫ്രണ്ട് ആണ്. ശ്യാം എങ്ങനെയുണ്ടെന്നൊക്കെ അവൻ എന്നോട് തിരക്കി. ഒന്നും നോക്കണ്ട, അടിപൊളി എഴുത്തുകാരൻ ആണെന്ന് ഞാൻ പറഞ്ഞു. ആ ഒരു സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ട്.

ഒരിക്കൽ ജിമ്മിൽ വെച്ച് കണ്ടപ്പോൾ, പടം ഒക്കെ ഇഷ്ടംപോലെ ചെയ്യുന്നുമുണ്ട്, തനിക്കിപ്പോൾ ഒരു സ്നേഹവും ഇല്ലല്ലോയെന്ന് ഞാൻ ശ്യാമിനോട് ഒരു തമാശക്ക് പറഞ്ഞു. ഇല്ല ചേട്ടാ ഞങ്ങൾ ഇപ്പോൾ ചേട്ടനെവെച്ച് ഒരു പടം ആലോചിക്കുന്നുണ്ടെന്ന് പുള്ളി പറഞ്ഞു. ഞാൻ ഓർത്തു ചുമ്മ പറഞ്ഞതാണെന്ന്.

ഒരു ദിവസം പോത്തന്റെ (ദിലീഷ് പോത്തൻ) കോൾ വന്നു, ഒരു കഥയുണ്ട് കേൾക്കാൻ വരുമോയെന്ന് ചോദിച്ചു. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ പോത്തനും ശ്യാമും കൂടി കഥപറഞ്ഞു. ഞാൻ കഥയൊക്കെ കേട്ട് ശരിയെന്ന് പറഞ്ഞ്‌ അവിടുന്ന് പോന്നു. ഒന്നും പറയാതിരുന്നതെന്താണെന്ന് ചോദിച്ച്‌ ശ്യാം എന്നെ വിളിച്ചു. സംഭവിച്ചതെന്താണെന്നുവെച്ചാൽ ഇത്രയും വലിയൊരു കഥാപാത്രം എനിക്ക് തന്നിട്ട് ഒരു ആവേശത്തിൽ റിയാക്ട് ചെയ്യാൻ മറന്നുപോയി. ഫഹദ് സമ്മതിച്ചോ എന്നാണ് പിന്നെ എന്റെ അടുത്ത ചോദ്യം. ഫഹദിന് എപ്പോഴേ സമ്മതമാണെന്ന് അവർ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ചാടിക്കേറി ഓക്കേ പറഞ്ഞു,’ ബാബുരാജ് പറഞ്ഞു.

സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് ആഷിഖ് അബുവും താനും പാചകം ചെയ്യുന്നതിനിടയിലാണ് ‘ബാബു’ എന്ന കഥാപാത്രത്തിനെപ്പറ്റി വിവരിച്ചതെന്നും കഥാപാത്രം നന്നായി പാചകം ചെയ്യുന്ന വ്യക്തിയാണെന്ന് ആഷിഖ് പറഞ്ഞെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.

‘സോൾട്ട് ആൻഡ് പെപ്പർ ചെയ്തപ്പോൾ ആഷിഖ് അബു എനിക്ക് സ്ക്രിപ്റ്റ് കാണിച്ചുതന്നു. അപ്പോൾ ഞാൻ ഓർത്തു പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന്. കാരണം ഞാൻ ആദ്യമായിട്ട് ചെയ്യാൻ പോകുന്ന ഒരു വ്യത്യസ്തമായ വേഷം, അതിൽ ഇത്ര വായിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞു. ഞാനും ആഷിഖും കൂടി കടയിൽ പോയി സാധനങ്ങൾ വാങ്ങിയിട്ട് ഭക്ഷണം ഉണ്ടാക്കി. ഇതിനിടയിൽ ‘ചേട്ടാ ഇതാണ് ചേട്ടന്റെ കഥാപാത്രമെന്ന്’ ആഷിഖ് എന്നോട് പറഞ്ഞു. ഞാൻ ആ സിനിമയിൽ ഒരു പാചകക്കാരനാണ്. ആഷിഖ് തിരക്കഥ വായിക്കാൻ തന്നപ്പോൾ ഞാൻ വായിച്ചിലായിരുന്നു. ഇങ്ങനെയൊക്കെ ഓരോ കഥാപാത്രങ്ങൾ നമ്മുടെ അടുത്തേക്ക് വന്ന് ചേരുകയാണ്,’ ബാബുരാജ് പറഞ്ഞു.

Content Highlights: Baburaj on Ashiq Abu, Shyam Pushkaran and Dileesh Pothan