| Saturday, 15th June 2024, 8:24 pm

വില്ലനായി തന്നെ തീരണമായിരുന്നു; ഈ രൂപം കൊണ്ടായിരിക്കാം അന്ന് ആ കഥാപാത്രത്തിലേക്ക് വിളിച്ചത്: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് നിരവധി സിനിമകളുടെ ഭാഗമായ താരമാണ് ബാബുരാജ്. ഒരുപാട് കാലം മലയാളത്തില്‍ സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന നടനായി താരം മാറിയിരുന്നു. വില്ലന്‍ കഥാപാത്രത്തില്‍ നിന്ന് ബാബുരാജിന് മോചനം നല്‍കിയത് ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രമാണ്.

അതിന് ശേഷം സ്ഥിരമായി കോമഡി വേഷങ്ങള്‍ തന്നെയായിരുന്നു ബാബുരാജിനെ തേടിവന്നത്. 2011ല്‍ ഇറങ്ങിയ ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌കരന്‍ ചിത്രം ജോജിയിലെ പനച്ചല്‍ ജോമോന്‍ എന്ന കഥാപാത്രമാണ് ബാബുരാജിന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം. ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

എന്തുകൊണ്ടായിരുന്നു കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ മാത്രമായി ഒതുങ്ങി പോയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബാബുരാജ്. ഒരുപക്ഷെ തന്റെ രൂപം കൊണ്ടായിരിക്കാം അന്ന് അത്തരം കഥാപാത്രത്തിലേക്ക് മാത്രമായി തന്നെ വിളിച്ചതെന്നാണ് താരം പറയുന്നത്.

റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പോലെയുള്ള വലിയ സാധ്യതകളൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും സിനിമയില്‍ മാറ്റി പരീക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലെന്നുമാണ് ബാബുരാജ് പറയുന്നത്.

‘ഒരുപക്ഷെ നമ്മുടെ രൂപം കൊണ്ടായിരിക്കാം അന്ന് അത്തരം കഥാപാത്രത്തിലേക്ക് മാത്രമായി നമ്മളെ വിളിച്ചത്. പിന്നെ ഇന്നത്തെ പോലെയുള്ള വലിയ സ്‌കോപ്പുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പണ്ട് എല്ലാം ചെന്നൈയിലായിരുന്നു. അവിടെ പോവുക, ഇടി കൊള്ളുക, തിരിച്ചു വരികയെന്നത് മാത്രമാണ് നമുക്ക് ചെയ്യാന്‍ ഉണ്ടായിരുന്നത്.

മാറ്റി പരീക്ഷിക്കുകയെന്നത് അന്ന് പറഞ്ഞിരുന്നില്ല. ഒരാള്‍ കോമഡി ചെയ്താല്‍ അയാള്‍ പിന്നെ ജീവിതാവസാനം വരെ കോമഡി തന്നെ ചെയ്ത് മുന്നോട്ട് പോവുകയെന്ന രീതിയാണ് ഉണ്ടായിരുന്നത്. വില്ലനാണെങ്കില്‍ വില്ലനായി തന്നെ തീരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പുതുതായി വരുന്ന സംവിധായകരെല്ലാം മാറ്റി പരീക്ഷിക്കുകയാണ്. അങ്ങനെ മാറ്റി പരീക്ഷിക്കുമ്പോള്‍ നമുക്ക് എല്ലാം പ്രകടിപ്പിക്കാന്‍ കഴിയുകയാണ്,’ ബാബുരാജ് പറഞ്ഞു.


Content Highlight: Baburaj Is Answering The Question Why He Was Limited To Villain Roles In The Beginning Of His Career

We use cookies to give you the best possible experience. Learn more