| Saturday, 7th December 2013, 10:59 am

രാഷ്ട്രീയത്തിലെ പുതുമോടിക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

[]ദല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ” ആം ആദ്മി പാര്‍ട്ടി ” ഗണ്യമായ തോതില്‍ സീറ്റ് നേടുകയോ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ ദേശീയ പാര്‍ട്ടികല്‍ക്ക് അനായാസേന ജയിച്ച് ഭരണിത്തിലേറാനുള്ള സാധ്യതകളെ ഇല്ലാതാക്കുയോ ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും ജാനാധിപത്യം കളിക്കുന്ന പാര്‍ട്ടികള്‍ക്കും അതൊരു രാഷ്ട്രീയമായ താക്കീതും മുന്നറിയിപ്പുമായിരിക്കും. സാധാരണ ജനങ്ങള്‍ അവര്‍ക്ക് കിട്ടിയ രാഷ്ട്രീയ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് വ്യവസ്ഥാപിത രാഷട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുന്ന ഒന്നായിരിക്കും അത്. കാര്യങ്ങള്‍ എല്ലാ കാലത്തും പഴയതുപോലെയാവില്ല എന്നതിന്റെ കൃത്യമായ സൂചനയാണത്. ആ നിലയ്ക്ക് അത് സാധാരണ ജനങ്ങളുടെ രാഷ്ട്രീയമായ തീരുമാനമായിരിക്കും.

അത് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതുപോലെ അത്ര അരാഷ്ട്രീയമല്ല. രാഷ്ട്രീയം മടുത്ത പൊതുജനങ്ങള്‍ പ്രകടിപ്പിക്കുന്ന അരാഷ്ട്രീയമായ പ്രകോപനവുമല്ല. അത് വരും നാളുകളില്‍ നമ്മുടെ ജനാധിപത്യ ശ്രമം അനുശാസിക്കാന്‍ പോവുന്ന അസംഘടിതരുടെ സംഘം ചേരലായിരിക്കും. ഏതെങ്കിലും തരത്തില്‍ സാമ്പത്തിക വര്‍ഗങ്ങളായോ സാമുദായിക വര്‍ഗങ്ങളായോ തൊഴില്‍പരമായ ഉച്ചനീചത്തങ്ങളുടെ പേരില്‍ വര്‍ഗങ്ങളായോ ബ്രാന്‍ഡല്ലാത്തവരുടെ സംഘം ചേരല്‍. സാമാന്യനീതിയ്ക്കുവേണ്ടി അവസരങ്ങള്‍ക്കുവേണ്ടി അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ തെരുവുകളില്‍ ഒന്നിക്കും, നിയമനിഷേധങ്ങള്‍ക്ക് വശംവദരാവും, ഭരണകൂടത്തെ പിടിച്ചുലയ്ക്കും. സംഘം ചേരലിന്റെ ആവേശത്തില്‍ അവര്‍ നിയമാനുസൃതമോ അല്ലാതെയോ സ്ഥാപിക്കപ്പെട്ട ഭരണകൂടങ്ങളെ തകിടും മറിക്കും. ആള്‍ക്കൂട്ടത്തിന് എന്തുമാകാം- സൃഷ്ടിക്കാം, പുനസൃഷ്ടിക്കാം, ത
കര്‍ത്തെറിയാം. ആള്‍ക്കൂട്ടത്തിനൊരു സംഘടാന രൂപം ആവശ്യമില്ല, മാനിഫെസ്റ്റോ വേണ്ട, ദീര്‍ഘകാല ലക്ഷ്യം വേണ്ട. സംഘടനകളെ മടുത്തതുകൊണ്ട് സംഘം ചേരാന്‍ നിര്‍ബന്ധിതരായവരാണവര്‍. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ സുസംഘടിതരാവുന്നതിനോടും അവര്‍ക്കെതിര്‍പ്പുണ്ട്.

ഇക്കാലമത്രയും സ്വന്തം കാര്യത്തിനായി നേതാക്കള്‍ അവരെ ഉപയോഗപ്പെടുത്തുകയും ഖണ്ഡിക്കുകയും കൊള്ളടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നേതൃത്വങ്ങളേയും നേതാക്കളേയും അവിശ്വസിക്കുന്നരവാണ് അവര്‍. അതുകൊണ്ട് തന്നെ ഏതെങ്കിലും നേതാക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തവരും ഏതെങ്കിലും നേതാക്കള്‍ക്ക് വിധേയരല്ലാത്തവരുമാണ് അവര്‍. ആരാച്ചാരന്മാരില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്നവരാണ് അവര്‍. ആളുകള്‍ ആരെങ്കിലും നീട്ടുന്ന കുരുക്കില്‍ തലയിട്ടു അത്മഹത്യയ്ക്കവര്‍ ഒരുങ്ങില്ല. ഇത്തരം രാഷ്ട്രീയമായ അരാഷ്ട്രീയതയാണ് ഇത്തരം സംഘം ചേരലിന്റെ പ്രത്യയശാസ്ത്രം.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ എന്തായാലും നാളെ അറിയാന്‍ പോവുന്ന തിരഞ്ഞെടുപ്പുഫലം എന്തായാലും ഈ അസംഘടിതര്‍ സംഘടിതരാവുന്നതിന്റെ അമ്പരപ്പ് ഫലങ്ങളില്‍ ഉണ്ടാവും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് നേടാന്‍ കഴിയാത്തത്ര ഭീമമായ മുന്നേറ്റം ദല്‍ഹിയില്‍ കഴിഞ്ഞ ആറുമാസം മുന്‍പ് പൊടുന്നനയെ ഉണ്ടായ ആം ആദ്മി പാര്‍ട്ടി നേടും. സീറ്റുകളുടെ എണ്ണം കൊണ്ട് മാത്രമല്ല, വോട്ടുകളുടെ എണ്ണം കൊണ്ടും. ഇതിനെ തടയിടാന്‍ നേതാക്കളും പരിവാരങ്ങളും അനുചരന്മാരും ഫണ്ടും പരസഹായങ്ങളും ഉള്ള പാര്‍ട്ടികള്‍ക്ക് കഴിയുകയുമില്ല. കാരണം നിരാശയില്‍ നിന്നുണ്ടായ നീറ്റലാണ് ഇവരെ നിലനിര്‍ത്തുന്നതും നയിക്കുന്നതും. രാജ്യതലസ്ഥാനത്തുണ്ടാവുന്ന രാഷ്ട്രീയത്തിന്റെ ഇടര്‍ച്ചകള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാന്‍ അധികസമയം വേണ്ടിവരില്ല. കാട്ടുതീ ഏതെങ്കിലും നിമയത്തിന് വിധേയമല്ലാത്തുപോലെ ജനസഹസ്രങ്ങളുടെ മനസിലെ തീയും കാറ്റത്ത് പറക്കുന്നതും പടരുന്നതുമാണ്. കേട്ടുകേള്‍വികളാണതിന്റെ കരുത്തും ചാലകശക്തിയും വിവരവിനിമയത്തില്‍ ഉണ്ടായ വമ്പന്‍ കുതിപ്പുകള്‍ ഇതിനെ ത്വരിപ്പിക്കുന്നു. വസന്തമായും ശരത്തായും ഹേമന്തമായും ലോകമെങ്ങുമുള്ള രാജ്യഭരണസിരാകേന്ദ്രങ്ങള്‍ ഈ അടുത്തകാലങ്ങളില്‍ പ്രകമ്പനം കൊണ്ടത് അതിന്റെ പാഠങ്ങളാണ്. പല സ്ഥലങ്ങളിലും ഉണ്ടായതുപോലെ ഒരു പൊട്ടിത്തെറിയില്‍ അതവസാനിക്കുമെന്നും ഭരണവര്‍ഗങ്ങള്‍ക്ക് കൂടുതല്‍ ചൂഷണങ്ങള്‍ക്കായി ഇവസരം നല്‍കിക്കൊണ്ട് സാമാന്യ ജനവിഭാഗങ്ങളും ഈ അങ്കക്കലി തീരുമെന്നും കരുതുന്നത് മൗഢ്യമാണ്. ഇന്നത്തെ രീതിയില്‍ നിലവിലുള്ള എല്ലാ ബഹുജന സംഘടനകളുടേയും ്ടിത്തറ തകര്‍ത്തുകൊണ്ടിരി്കകും ഈ മനുഷ്യസുനാമി പിന്‍വാങ്ങുന്നത്..

ഈ ജനക്കൂട്ടം ഇന്ന് ഇതുവരെ ഭരിച്ചുകൊണ്ടിരുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. അവര്‍ ദുരന്തം അുഭവിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവസരങ്ങള്‍ അവരില്‍ നിന്ന് തട്ടിപ്പറിക്കപ്പെട്ടപോലെ അവരെ നയിച്ചിരുന്ന നേതാക്കള്‍ എവിടെയായിരുന്നു എന്നാണവര്‍ ചോദിക്കുന്നത്. ഇന്ന് ഭരകക്ഷികള്‍ക്കെതിരാണ് ഭരണം കയ്യാളാന്‍ അരയുംതലയും മുറുക്കുന്നവര്‍ക്കെതിരാണ്, നാളെയത് അഴിമതി വാഴ്ച കണ്ടുകൊണ്ട് നിന്ന എല്ലാ പാര്‍ട്ടികള്‍ക്കും എതിരാവും. സാമാന്യ ജനങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്നവരും നടിക്കുന്നവരുമായ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പോലും ഈ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. “” ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന് “” വിളിച്ചു പറയാന്‍ മാത്രം എന്ത് വിശ്വാസ്യതയും സംഘടനാ ശേഷിയുമാണ് ഇത്രയും കാലും കൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ നേടിയിട്ടുള്ളത്. ഏത് ജനകീയ പ്രശ്‌നങ്ങളെയാണ് അവരേറ്റെടുത്തിട്ടുള്ളത്. ജനങ്ങുടെ ഏത് സമരത്തിനാണ് അവര്‍ നേതൃത്വം കൊടുത്തിട്ടുള്ളത്. ജനങ്ങളുടെ ഏത് സമരമുഖത്താണ് അവര്‍ ശക്തമായ പിന്തുണയുമായി എത്തിയിട്ടുള്ളത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും കവിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിവിധ ജനവിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ സമരങ്ങളോടും അകല്‍ച്ച കാണിച്ചിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെങ്ങിനെ ഈ ജനകീയ മുന്നേറ്റത്തിന് ആളും അര്‍ഥവും ദിശാബോധവും നല്‍കാന്‍ കഴിയും? അതിനെ എങ്ങിനെ പ്രത്യശാസ്ത്രത്തിന്റെ പടച്ചട്ടയണിയിക്കാന്‍ കഴിയും? ഇടുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിര അവര്‍ കുറേ പതിറ്റാണ്ടുകളായി ചടഞ്ഞിരിക്കുന്ന ദന്ത ഗോപുരങ്ങില്‍ നിന്ന് പടവുകള്‍ ഇറങ്ങി ജനമധ്യത്തിലേക്ക് എത്തുമ്പോഴേക്കും ജനങ്ങള്‍ അവരുടെ സ്വന്തം സമര രീതികളിലൂടെ വ്യവസ്ഥാപിത ഭരണക്രമങ്ങളെ തര്‍ത്തെറിഞ്ഞ് കഴിഞ്ഞിരിക്കും. സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷത്തിനുശേഷവും ഇടതുപക്ഷ പാര്‍ട്ടികളുടെ ആര്‍ഭാടങ്ങള്‍ നിറഞ്ഞ കേന്ദ്ര ഓഫീസുകള്‍ നിലനില്‍ക്കുന്ന ദല്‍ഹിയില്‍ എഴുപത് നിയമസഭാ സീറ്റുകളില്‍ പേരിനെങ്കിലും ഒന്നില്‍ ഒരു സ്ഥാനാര്‍ഥിയെ ഒറ്റയ്‌ക്കോ കൂട്ടായോ നിര്‍ത്താന്‍ പറ്റാത്ത ” ഉദരംഭരി” കളുടെയും അലസന്മാരുടേയും സംഘമാണത്. കൊടിയും ചിഹ്നവും ഉപയോഗിക്കാന്‍ ലജ്ജ അവരെ അനുവദിക്കുന്നില്ലെങ്കില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പം സമരരംഗത്തിറങ്ങാറുള്ള ഏതെങ്കിലും ആക്ടിവിസ്റ്റുകളെ സ്ഥാനാര്‍ഥികളാക്കി ഒരു ഭാഗ്യ പരീക്ഷണത്തിനെങ്കിലും അവര്‍ മുന്നിട്ടിറങ്ങേണ്ടതാണ്. സംസ്ഥാനങ്ങളില്‍ നിന്ന് പാട്ടമായും വാരമായും അളക്കുന്ന നെല്ലുകൊണ്ട് ആര്‍ഭാടമായി ജീവിക്കുന്ന ജന്മികളാണവര്‍. ഈ ജഡങ്ങളുടെ ജകൂത്വത്തില്‍ നിന്ന് നീതിയൊന്നും പ്രതീക്ഷിക്കാനില്ലെന്നും അവര്‍ കാലാ കാലങ്ങളായി തെളിയിച്ചുകൊണ്ടിരിക്കുന്നു. ജയിക്കാനും തോല്‍ക്കാനുമായി മത്സരിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയുടെ കൂടെക്കൂടി “” ഞാനും ഏമാനും കൂടി “” പകിട കളിച്ചു ജയിച്ചുവെന്ന് വിളിച്ചു പറയാന്‍ കോപ്പുകൂട്ടി നില്‍ക്കുന്നവരാണവര്‍.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഗതിനോക്കി രണ്ട് വമ്പന്‍മാരില്‍ ഒരു വമ്പന് “” ഹിപ് ഹിപ് ഹുറേ “” വിളിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണവര്‍. ബി.ജെ.പിയും മോദിയും അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനൊപ്പം ചേരുക എന്ന നിലപാടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. നിശബ്ദ നിഷ്പക്ഷമാവുന്നത് അതിനേക്കാള്‍ ക്രൂരമായ ഒരു തമാശയായിരിക്കും. ഇത്തരം അവസ്ഥയെ മുന്നില്‍ കണ്ടുകൊണ്ട് പ്രാദേശിക പാര്‍ട്ടികളുടെ ദേശീയ മുന്നണിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടായിരുന്നുവെന്ന് പറയുന്നതും അപകടകരമാണ്. ഈ പാര്‍ട്ടികളും അതിന്റെ നേതാക്കളും അരാജകവാദികളും അവസരവാദികളുമാണ്. അതത് പ്രദേശത്തിന്റെ തിണ്ണിടുക്കില്‍ ഉപജീവനം കഴിക്കുന്നവരാണവര്‍. സ്വന്തം ലോകത്തിന്റെ നാലതിരുകള്‍ക്കപ്പുറത്ത് വേറൊരു ലോകവും അവിടെ മനുഷ്യരുമുണ്ടെന്നറിയാത്ത അന്ധരും ബധിരരുമാണവര്‍. സ്വന്തം കുടുംബത്തിന്റേയും സമുദായത്തിന്റേയും താല്പര്യമാണ് അവരുടെ രാജ്യതാല്പര്യം. അവരുടെ സ്വാധീന മേഖലകള്‍ മാത്രമാണവരുടെ രാജ്യം.

സ്ഥാനമാനങ്ങല്‍ക്കുവേണ്ടി അവരെന്ത് കടംകൈയ്യും ചെയ്യും. അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനസഹസ്രങ്ങള്‍ തൊഴിലാളികളും കര്‍ഷകരും ചൂഷിതരുമാണ്. ചൂഷിതര്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങല്‍ക്കെന്ത് കൊണ്ട് ഇതുവരെ ഈ ജനലക്ഷങ്ങളെ ജനങ്ങളുടെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കെജ്‌രിവാള്‍ ആറ്മാസം കൊണ്ട് ചെയ്ത് തീര്‍ത്തത് അറുപത് വര്‍ഷം കൊണ്ട് എന്തുകൊണ്ട് ഈ പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല. പ്രത്യയശാസ്ത്ര വായാടിത്തം കൊണ്ട് പ്രസ്ഥാനം ഉണ്ടാവില്ല. അതിന് പ്രത്യാശയോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം. അടിയന്തിരാവകാശങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പം നിന്നാലെ ദീര്‍ഘകാല അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കായി ജനങ്ങളെ ഒപ്പം മുന്നോട്ടു നയിക്കാനാവൂ. നമുക്കിപ്പോള്‍ വിപ്ലവം വരെയുള്ള കാര്യങ്ങളെപറ്റി പറയാം. വിപ്ലവാനന്തരകാര്യങ്ങളെ കുറിച്ച് പിന്നീട് പറയാം.

“” ഇഹലോകം “” മറന്ന് “” പരലോക””ത്തെക്കുറിച്ച് മതങ്ങള്‍ വാചാലമാവുന്നതുപോലെയാണ് ഇടതുകക്ഷികള്‍ ഇപ്പോള്‍ വിപ്ലവാനന്തര സ്വര്‍ഗത്തെപ്പറ്റി പറയുന്നത്. ഈ നരകത്തീയ്യില്‍ നിന്ന് തല്ക്കാലത്തേക്കെങ്കിലും ഒരു മോചനം വേണമെന്നാണ് സാമാന്യജനങ്ങള്‍ വിളിച്ചു പറയുന്നത്. സുവിശേഷങ്ങള്‍ പ്രസംഗിക്കുന്നതിനിടയില്‍ ആ നിലവിളി കേള്‍ക്കാനെങ്കിലും ഇടതുപക്ഷ പാര്‍ട്ടികള്‍ ക്ഷമ കാണിക്കണം. അത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് തടസ്സമാവില്ല. ജനങ്ങളുടെ സമരങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിജീവനത്തിനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

ഇതുവരെ രാഷ്ട്രീയത്തോട് ഒരുതരം അകല്‍ച്ച കാണിച്ചിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഈ തെരുവുകൂട്ടത്തിലൂടെ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. സ്ത്രീയും യുവാക്കളും വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പം രാഷ്ട്രീയത്തോട് ഒരു തരം ഐത്തം കാണിച്ചിരുന്ന നഗരങ്ങളിലെ മധ്യവര്‍ഗജനവിഭാഗങ്ങളും വോട്ടിങ് ശതമാനത്തിലുണ്ടായിരിക്കുന്ന വര്‍ധന രാഷ്ട്രീയത്തിന് പുറത്തുനിന്നിരുന്ന ഇവര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണ്. ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ചുമതലയല്ലെന്നും അത് മുഴുവന്‍ ജനങ്ങളുടേയും ബാധ്യതയാണെന്നും ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന ഭരണകൂടം ലഭിക്കും എന്നതിന് അര്‍ഥ വ്യാപ്തി വന്നുകൊണ്ടിരിക്കുന്നു. ഇതൊരു വലിയ കാര്യമാണ്. ആ നിലയ്‌ക്കെങ്കിലും മധ്യവര്‍ഗങ്ങളുടേയും സ്ത്രീകളുടേയും സാധാരണ മനുഷ്യരുടേയും ഈ രംഗപ്രവേശനത്തെ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

We use cookies to give you the best possible experience. Learn more