| Tuesday, 16th October 2018, 7:25 pm

A.M.M.Aയില്‍ വേറെ സൂപ്പര്‍ ബോഡിയുണ്ടോ, ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ പരസ്യമായി രംഗത്തുവരും; അടികൊള്ളുന്നത് മോഹന്‍ലാലിന്: ബാബുരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് നടന്‍ ബാബുരാജ്. സിദ്ദീഖിന് ദിലീപിനെ പിന്തുണക്കണമെങ്കില്‍ അത് വ്യക്തിപരമായി മതിയെന്നും സംഘടനയുടെ പേരില്‍ വേണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. A.M.M.Aയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ബാബുരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

“എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡി ഉണ്ടോ? ദിലീപിനെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ. അത് സംഘടനയുടെ പേരില്‍ വേണ്ട. A.M.M.A എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. അത് സമ്മതിക്കില്ല. ഇക്കാര്യം പൊതുവേദിയില്‍ പറയാനും മടിയില്ല. വ്യക്തിപരമായി പിന്തുണയ്ക്കട്ടെ. സംഘടനയുടെ പേരില്‍ വേണ്ട. അങ്ങനെ ചെയ്താല്‍ അതിനെതിരേ പരസ്യമായി രംഗത്തിറങ്ങും”- ബാബുരാജ് പറയുന്നു.


“ഇന്നലെ സിദ്ദീഖ് നടത്തിയ വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് മനസിലായിട്ടില്ല. ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത്. ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ്.. ആരുടെ സ്റ്റാന്‍ഡ് ആണ്. ഇതൊക്കെ തെറ്റായ തീരുമാനങ്ങളാണ് രണ്ടഭിപ്രായത്തിലേക്ക് പോകേണ്ട കാര്യമില്ല. അവസാനമായി പറയുകയാണ് ഒരു സൂപ്പര്‍ ബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ അത് നടപ്പില്ലെന്നും ബാബുരാജ് പറയുന്നു.

“ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണ്. തമിഴ് പത്രങ്ങളിലൊക്കെ വാര്‍ത്ത വന്നിരിക്കുന്നത്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാല്‍ ആണ്. ഇംഗ്ലീഷ് പത്രങ്ങളിലും വാര്‍ത്തയുണ്ട്. ഡബ്ല്യു.സി.സിയുമായുള്ള പ്രശ്‌നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ. ഇന്നലെ സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിത ചേച്ചിയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമുണ്ടോ? ബാബുരാജ് ചോദിക്കുന്നു.


അതേസമയം, നടന്‍ സിദ്ദീഖിനെ തള്ളി A.M.M.A നേതൃത്വം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം “A.M.M.A നേതൃത്വം അറിയാതെയെന്നും A.M.M.A നേതൃത്വം വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് സിദ്ദീഖ് സംഘടനയെ ഉപയോഗിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ മാസം 19ന് അവയ്ലബിള്‍ എക്സിക്യൂട്ടീവ് ചേരുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more