| Monday, 21st November 2022, 11:08 am

ബാബുരാജാണ് എറിയാന്‍ പോകുന്നത്, ഒന്നും പറയാന്‍ പറ്റില്ലെന്ന് ക്യാമറമാനോട് പറഞ്ഞു, ആ സീനില്‍ ഞാന്‍ പറക്കുകയായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി, ബാബുരാജ്, ജാഫര്‍ ഇടുക്കി എന്നിവര്‍ അഭിനയിച്ച് ഈ മാസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് കൂമന്‍. നീണ്ട ഇടവേളക്ക് ശേഷം തിയേറ്റര്‍ റിലീസിനെത്തുന്ന ജീത്തു ജോസഫ് ചിത്രം കൂടിയാണിത്. മികച്ച പ്രതികരണം സിനിമ നേടുകയും ചെയ്തു.

കൂമന്റെ ചിത്രീകരണ വേളയിലെ രസകരമായ അനുഭവങ്ങളും, സന്ദര്‍ഭങ്ങളും പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരങ്ങളായ ബാബുരാജും ആസിഫ് അലിയും.

‘ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ആസിഫ് അലിയെ കണ്ടത്തിലെ ചെളിയിലേക്ക് വലിച്ചെറിയണം. അതെങ്ങനെ ചെയ്യണമെന്ന് ഡയറക്ടറോട് ചോദിച്ചു. അതൊന്നും അറിയില്ല. ഫോഴ്സായിട്ട് എറിഞ്ഞാല്‍ മതി. പക്ഷെ ചെളിയില്‍ പോയി വീഴണമെന്ന് ഡയറക്ടര്‍ പറഞ്ഞു. രാവിലെ നല്ല വെയിലായിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് മഴ പെയ്തു. അങ്ങനെ സീനിന്റെ തുടര്‍ച്ചയൊക്കെ ആകപ്പാടെ നഷ്ടപ്പെട്ടു.

അങ്ങനെ നിലത്ത് ടാര്‍പ്പ ഒക്കെ ഇട്ടാണ് ബാക്കി ഷൂട്ട് ചെയ്തത്. ഒന്ന് വീണ് എണീറ്റാല്‍ ഉണങ്ങി പോകുന്ന ചെളിയായിരുന്നു അവിടെ. വീണ്ടും ദേഹം നനച്ചൊക്കെയാണ് അഭിനയിച്ചത്. ആസിഫ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുവായിരുന്നു,’ ബാബുരാജ് പറഞ്ഞു.

തന്നെ വലിച്ചെറിയാന്‍ പോകുന്നത് ബാബുരാജ് ആണെന്ന് അറിഞ്ഞപ്പോഴുണ്ടായ ആശങ്കയെക്കുറിച്ച് ആസിഫ് അലിയും പറഞ്ഞു.

‘ക്യാമറമാന്‍ കുറുപ്പ് ഫ്രെയിം വെച്ചിട്ട് എന്റെ അടുത്ത് വന്ന് ചോദിച്ചു. എടാ നിന്നെ ഇവിടെ നിന്ന് എറിഞ്ഞാല്‍ അവിടെ പോയല്ലെ വീഴൂ? ബാബുരാജ് ആണ് എറിയാന്‍ പോകുന്നത് അതൊന്നും പറയാന്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു. അത് സത്യമായി വന്നു. ആ സീന്‍ നോക്കിയാല്‍ കാണാം, ഞാന്‍ പറന്നു പോകുന്നത്. അത് ഒറ്റ ടേക്കില്‍ തീര്‍ത്തു,’ ചിരിച്ചുകൊണ്ട് ആസിഫ് പറഞ്ഞു.

ബിഗ് സ്‌ക്രീനിലെ ബാബുരാജ്, ആസിഫ് കോമ്പോ മുമ്പും കയ്യടികള്‍ നേടിയിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണീ ബീ, ഹണീ ബീ2, അസുരവിത്ത് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Content Highlight: Baburaj and Asif Ali share interesting experiences during the shooting of Kooman

Latest Stories

We use cookies to give you the best possible experience. Learn more