വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ബാബുരാജ്. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ബാബുരാജിന് അതില്‍ നിന്ന് മാറ്റിയത് സംവിധായകന്‍ ആഷിഖ് അബുവാണ്. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
തന്റെ പങ്കാളിയും നടിയുമായ വാണി വിശ്വനാഥിനെക്കുറിച്ച് സംസാരിക്കുകയാണ് ബാബുരാജ്. വാണിയെ ഈയടുത്ത് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ്ബിലേക്ക് വിളിച്ചെന്ന് ബാബുരാജ് പറഞ്ഞു. അതിഗംഭീര കാസ്റ്റാണ് ആ സിനിമയുടേതെന്നും താനാണ് ആ സിനിമ ചെയ്യാന്‍ വാണിയെ നിര്‍ബന്ധിച്ചതെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍, ആഷിക് അബു പോലുള്ള ഗംഭീര ക്രൂവാണ് ആ സിനിമയിലുള്ളതെന്നും ബാബുരാജ് പറഞ്ഞു. തന്നെയാണ് അവര്‍ ആദ്യം വിളിച്ച് ഇക്കാര്യം പറഞ്ഞതെന്നും വാണിക്ക് ആ സിനിമയില്‍ വേഷമുണ്ടെന്നറിഞ്ഞപ്പോള്‍ തനിക്ക് ചെറിയൊരു അസൂയ തോന്നിയെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. തനിക്ക് കിട്ടിയ വേഷമായിരുന്നു അതെന്ന് വാണിയോട് പറഞ്ഞെന്നും അവള്‍ക്ക് കൊടുക്കുകയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ വാണി അതിന് കൗണ്ടര്‍ അടിച്ചെന്നും ബാബുരാജ് പറഞ്ഞു.
അത്തരം സ്‌കൂളില്‍ നിന്ന് പലതും പഠിക്കാന്‍ കഴിയുമെന്നും അവരുടെ കൂടെ അഭിനയിക്കുന്നത് എപ്പോഴും നല്ലൊരു അനുഭവമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. താന്‍ പണ്ട് വിചാരിച്ചത് ഫസ്റ്റ് ടേക്കാണ് ബെസ്റ്റെന്നാണെന്നും എന്നാല്‍ അവര്‍ക്ക് വേണ്ടത് കിട്ടുന്നതുവെര ചെയ്യുന്നത് പുതിയൊരു അനുഭവമാണെന്നും ബാബുരാജ് പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ബാബുരാജ്.
‘വാണിക്ക് ഈയടുത്ത് ഒരു സിനിമ കിട്ടി, റൈഫിള്‍ ക്ലബ്ബെന്നാണ് ആ സിനിമയുടെ പേര്. ആഷിക് അബുവാണ് അതിന്റെ ക്യാമറ. ശ്യാം പുഷ്‌കര്‍, ദിലീഷ് നായര്‍, സുഹാസ് എന്നിവരാണ് സ്‌ക്രിപ്റ്റ്. കാസ്റ്റ് നോക്കിയാല്‍ ദിലീഷ് പോത്തന്‍, ദര്‍ശന, വിജയരാഘവന്‍ എന്നിവര്‍. എനിക്ക് ഇതൊക്കെ കേട്ടപ്പോള്‍ ‘ഇവള്‍ക്ക് ഇത്രയും നല്ല പടത്തില്‍ ചാന്‍സോ’ എന്ന് ആലോചിച്ച് അസൂയ തോന്നി.
എനിക്ക് കിട്ടിയ വേഷമാണ്, ഞാന്‍ പോകുന്നില്ല, നീ ചെയ്‌തോ എന്ന് ഞാന്‍ വാണിയോട് പറഞ്ഞു. അതിന് അവള്‍ ‘പണ്ട് എനിക്ക് കിട്ടിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിങ്ങളല്ലേ ചെയ്തത്’ എന്ന് കൗണ്ടറടിച്ചു. അത്തരം സ്‌കൂളില്‍ വര്‍ക്ക് ചെയ്യുന്നത് എപ്പോഴും പുതിയൊരു അനുഭവമാണ്. കാരണം, ഞാനൊക്ക പണ്ട് പഠിച്ചുവെച്ചത് ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്കെന്നാണ്. എന്നാല്‍ അവരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ക്ക് വേണ്ടത് നമ്മുടെയടുത്ത് നിന്ന് കിട്ടുന്നതുവരെ എടുക്കും,’ ബാബുരാജ് പറയുന്നു.
Content Highlight: Baburaj about Vani Viswanath’s character in Rifle Club movie