നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ടല്ലോ എന്നാണ് ലാലേട്ടന്റെ പാട്ട് കേട്ട് മമ്മൂക്ക പറഞ്ഞത്: ബാബുരാജ്
Entertainment
നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ടല്ലോ എന്നാണ് ലാലേട്ടന്റെ പാട്ട് കേട്ട് മമ്മൂക്ക പറഞ്ഞത്: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2024, 8:13 am

മമ്മൂട്ടിയും മോഹന്‍ലാലും മലയാളസിനിമയുടെ നെടുംതൂണുകളാണെന്ന് പറയുകയാണ് ബാബുരാജ്. രണ്ട് പേരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അത്രയും കാര്യങ്ങള്‍ ആര്‍ക്കും പെട്ടെന്ന് പഠിച്ചെടുക്കാന്‍ പറ്റില്ലെന്നും ബാബുരാജ് പറഞ്ഞു. എവിടെ പോയാലും തന്റെ ഫിറ്റ്‌നസ്സും ആരോഗ്യവും ശ്രദ്ധിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും, ഏത് പരിപാടിയാണെങ്കിലും അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ആളാണ് മോഹന്‍ലാലെന്നും ബാബുരാജ് പറഞ്ഞു.

അമ്മയുടെ പ്രോഗ്രാമിന് വേണ്ടി മണിക്കൂറുകളോളം ഡാന്‍സ് പരശീലിക്കുകയും അതിന് ശേഷം പത്ത് പാട്ടുകള്‍ പാടി പ്രാക്ടീസ് ചെയ്ത ആളാണ് മോഹന്‍ലാലെന്നും ബാബുരാജ് പറഞ്ഞു. മോഹന്‍ലാലിന്റെ പാട്ട് കേട്ടിട്ട് നല്ല ഇംപ്രൂവ്‌മെന്റ് ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്കയും ലാലേട്ടനും മലയാളസിനിമയുടെ രണ്ട് നെടുംതൂണുകളാണ്. രണ്ട് പേരുടെയടുത്ത് നിന്നും ധാരാളം പഠിക്കാനുണ്ട്. ഒരിക്കലും ആര്‍ക്കും അത് മുഴുവന്‍ പഠിച്ചു തീരാന്‍ കഴിയില്ല. ഈ പ്രായത്തിലും മമ്മൂക്ക ഫിറ്റ്‌നസ്സും, ആരോഗ്യവും ശ്രദ്ധിക്കുന്നത് കാണുമ്പോള്‍ നമുക്ക് അത്ഭുതമാണ്. എവിടെപ്പോയാലും പുള്ളി അത് മെയിന്റയിന്‍ ചെയ്യാന്‍ എങ്ങനെയെങ്കിലും ശ്രമിക്കും. ഇപ്പുറത്ത് ലാലേട്ടനും അതുപോലെ തന്നെയാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ് അവര്‍ രണ്ടും.

അമ്മയുടെ പ്രോഗ്രാമിന് വേണ്ടി ലാലേട്ടന്‍ മണിക്കൂറുകളോളം ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പുള്ളിക്ക് വേണമെങ്കില്‍ ഇതൊന്നും ചെയ്യണ്ട എന്ന് വിചാരിച്ച് വെറുതെയിരിക്കാം. ഡാന്‍സും പ്രാക്ടീസ് ചെയ്തിട്ട് സ്റ്റേജില്‍ പാടേണ്ട പത്ത് പാട്ടും പാടി പ്രാക്ടീസ് ചെയ്തിട്ടാണ് പുള്ളി റെസ്റ്റെടുത്തത്. ലാലേട്ടന്റെ പാട്ട് കേട്ടിട്ട് ‘നല്ല ഇംപ്രൂവ്‌മെന്റുണ്ടല്ലോ ലാലേ’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അവര്‍ തമ്മിലുള്ള ബന്ധം അങ്ങനെയാണ്,’ ബാബുരാജ് പറഞ്ഞു.

Content Highlight: Baburaj about the bond between Mohanlal and Mammootty