Entertainment
എന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് എന്ന് കരുതിയപ്പോൾ ഇരുപത്തി രണ്ടാമത്തെ ടേക്കാണ് അവർക്ക് ഒക്കെയായത്, പടം ഉപേക്ഷിക്കാമെന്നടക്കം തോന്നി: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 23, 03:27 am
Sunday, 23rd June 2024, 8:57 am

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ബാബുരാജ്. വില്ലൻ കഥാപാത്രങ്ങളിൽ ഒരുപാട് വേഷങ്ങൾ ചെയ്ത ബാബുരാജിന് അതിൽ നിന്ന് മാറ്റിയത് സംവിധായകൻ ആഷിഖ് അബുവാണ്. ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ്‌ പെപ്പർ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ശേഷം ചില സിനിമകളിൽ പതിവിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായി ബാബുരാജ് പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജോജിയിലെ താരത്തിന്റെ കഥാപാത്രം.

ജോജിയിൽ അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബാബുരാജ്. ആദ്യമായി ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവിടെ തുടരണോ എന്ന് ആലോചിച്ചിരുന്നുവെന്നും ഫസ്റ്റ് ടേക്ക് ആണ് ഏറ്റവും ബെസ്റ്റ് ടേക്ക് എന്നായിരുന്നു തന്റെ ധാരണയെന്നും ബാബുരാജ് പറഞ്ഞു. എന്നാൽ ഫഹദ് ഫാസിലൊക്കെ കൂളായി കുറെ ടേക്ക് ചെയ്യുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്നും ബാബുരാജ് പറഞ്ഞു.

‘ഞാൻ അതുവരെ വിചാരിച്ചത് എന്റെ ഫസ്റ്റ് ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്നാണ്. ആദ്യത്തെ മൂന്ന് ടേക്ക് കഴിഞ്ഞാൽ കൊള്ളില്ല എന്ന് കരുതിയിരുന്ന ഞാൻ അവിടെ ചെന്നപ്പോൾ ഇരുപത്തി രണ്ടാമത്തെ ടേക്ക് ഒക്കെയാണ് ബെസ്റ്റ് ആയിട്ട് ചെയ്യുന്നത്. അതാണ് അവർ തെരഞ്ഞെടുക്കുന്നത്.

കാരണം നമ്മുടെ കുഴപ്പമല്ല. പുതിയ അഭിനേതാക്കൾ ഒരുപാട് പേരുണ്ടായിരുന്നു അതിനകത്ത്. ആദ്യം ഒരു മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇത് സെറ്റ് ആവില്ലെന്ന്. പോയേക്കാം, വേണ്ട എന്നൊക്കെ തോന്നി. പടം മതിയാക്കാം എന്നൊക്കെ ഞാൻ ഉണ്ണി മായയോട് പറഞ്ഞു.

എന്നാൽ ആ നേരം ഫഹദ് വന്ന് കാണിക്കുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ഫഹദ് പതിനഞ്ച് ടേക്ക് പതിനാറ് ടേക്ക് ഒക്കെ എടുത്ത് കഴിഞ്ഞ് കൂളായി ഇരുന്നിട്ട് ആ നെക്സ്റ്റ് എന്ന് പറയുകയാണ്.

അപ്പോഴാണ് എനിക്ക് മനസിലായത്, ഈ സ്കൂൾ ഇങ്ങനെയാണ്. നമ്മൾ അവിടെയും പഠിക്കണമല്ലോ. ഞാൻ ആദ്യമായിട്ടായിരുന്നു അവിടെ. ഇപ്പോൾ അതൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ്. എല്ലാം പഠിച്ചുകൊണ്ടിരിക്കുകയാണലോ ഇപ്പോൾ,’ബാബുരാജ് പറയുന്നു.

Read More: ഏട്ടന്റെ അടുത്ത ചിത്രം ഒരു ആക്ഷൻ പടമാണ്, അതിലും ക്ലീഷേയും ക്രിഞ്ചും ഉണ്ടെങ്കിൽ പുള്ളിയെ വെറുതെ വിടരുത്: ധ്യാൻ ശ്രീനിവാസൻ

Content Highlight: Baburaj About Shooting Experience Of Joji Movie