ടി.എ ഷാഹിദിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമാണ് രാജമാണിക്യം. ബെല്ലാരി രാജയായി മമ്മൂട്ടി ആദ്യാവസാനം വരെ തകര്‍ത്ത ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. അതുവരെ കാണാത്ത ഗെറ്റപ്പും സ്ലാങ്ങും കൊണ്ട് മമ്മൂട്ടി രാജമാണിക്യത്തില്‍ നിറഞ്ഞാടുകയായിരുന്നു. ഇന്നും ആരാധകര്‍ക്കിടയില്‍ ആവേശമാണ് രാജമാണിക്യം.
ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിക്രമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബുരാജായിരുന്നു. രാജമാണിക്യത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാബുരാജ്. ടി.എ ഷാഹിദിന്റെ ഡയലോഗുകളെല്ലാം ഒരു ഗിവ് ആന്‍ഡ് ടേക്ക് പോലെയായിരുന്നുവെന്ന് ബാബുരാജ് പറഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വണ്ടി തടഞ്ഞ് സ്റ്റേഷനിലേക്ക് വരാന്‍ പറയുന്ന സീന്‍ വായിച്ച് താന്‍ ടെന്‍ഷനായെന്ന് ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ ഓപ്പോസിറ്റ് നിന്നുകൊണ്ട് ഈ ഡയലോഗ് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റുമോ എന്നാലോചിച്ചായിരുന്നു ടെന്‍ഷനെന്ന് ബാബുരാജ് പറഞ്ഞു. താന്‍ ആ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ മമ്മൂട്ടി തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടതെന്ന് ബാബുരാജ് കൂട്ടിച്ചേര്‍ത്തു. ആ സിനിമ ഹിറ്റാണോ അല്ലയോ എന്ന് മനസിലാകാതിരുന്ന സമയത്ത് മമ്മൂട്ടി തന്നെ വിളിച്ച് അത് ഹിറ്റായെന്ന് പറഞ്ഞെന്നും ബാബുരാജ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം പറഞ്ഞത്.
‘ടി.എ. ഷാഹിദാണ് രാജമാണിക്യത്തിന്റെ റൈറ്റര്‍. പുള്ളിയുടെ ഡയലോഗ്‌സ് എല്ലാം ഒരു ഗിവ് ആന്‍ഡ് ടേക്ക് പോലെയാണ്. ഒരു ക്യാരക്ടറിന്റെ ഡയലോഗിന് മറ്റേ ക്യാരക്ടര്‍ കൗണ്ടറടിക്കുക എന്ന ലൈനായിരുന്നു. ആ സിനിമയില്‍ മമ്മൂക്കയുടെ വണ്ടി തടയുന്ന സീനിലെ ഡയലോഗ് ഇന്നും ഹിറ്റാണ്. ‘അതിലല്ല ഇതില്‍’ എന്ന് പറയുന്ന ഡയലോഗ് വായിച്ചിട്ട് ഇത് എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് ആലോചിച്ച് ടെന്‍ഷനായി. എങ്ങനെയോ ഒരുവിധം അത് പറഞ്ഞൊപ്പിച്ചപ്പോള്‍ മമ്മൂക്ക എന്നെ നോക്കി ചിരിക്കുകയായിരുന്നു.
സിനിമ റിലീസായ സമയത്ത് ഞാന്‍ തൃശ്ശൂരായിരുന്നു. പടം കണ്ട ശേഷം ഞാന്‍ മമ്മൂക്കയെ വിളിച്ചിട്ട് പടം കണ്ടെന്ന് പറഞ്ഞു. ‘നിനക്കെന്താ തോന്നുന്നേ, പടം ഹിറ്റാണോ?’ എന്ന് പുള്ളി ചോദിച്ചു. ഹിറ്റാകുമായിരിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘ഹിറ്റാകുമായിരിക്കും എന്നല്ല, പടം ഹിറ്റായി’ എന്നാണ് മമ്മൂക്ക അത് കേട്ടിട്ട് പറഞ്ഞത്. അതോടെ എനിക്കും കോണ്‍ഫിഡന്‍സായി,’ ബാബുരാജ് പറഞ്ഞു.
Content Highlight: Baburaj about Rajamanikyam movie and Mammootty