തനിക്ക് മമ്മൂട്ടിയോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ടെന്ന് നടൻ ബാബുരാജ്. മമ്മൂട്ടി ഇപ്പോഴും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം വർക്ക്ഔട്ടിനായി ഇപ്പോഴും നല്ല എഫർട്ട് ഇടുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് മമ്മൂക്കയോട് വല്ലാത്തൊരു അസൂയ തോന്നിയിട്ടുണ്ട്. ഈ കാലത്തും അദ്ദേഹം എത്ര മനോഹരമായിട്ടാണ് പെർഫോം ചെയ്യുന്നത്. മാത്രമല്ല, ഇപ്പോഴും അദ്ദേഹം വർക്ക്ഔട്ട് ചെയ്യുന്നത് കാണുമ്പോഴൊക്കെ എനിക്ക് സന്തോഷവും അതിലൂടെയുള്ള ഒരു അസൂയയും തോന്നിയിട്ടുണ്ട്.
എന്റെ ട്രെയ്നർ തന്നെയാണ് മിക്കവാറും അദ്ദേഹത്തിന്റെ ട്രെയ്നർ ആകുന്നത്. കൊറോണയുടെ സമയത്തു ഓൺലൈൻ ആയിട്ട് മമ്മൂക്ക വർക്ക്ഔട്ട് ചെയ്യുന്നത് ഓൺലൈൻ ആയി കണ്ടിട്ടുണ്ട്. ഞാൻ അദ്ദേഹത്തിന് ഒരു ഹായ് ഒക്കെ കൊടുക്കും. ഞാൻ അദ്ദേഹത്തിന്റെ എഫർട്ടിനെപ്പറ്റി ആലോചിക്കും. നമ്മളെക്കൊണ്ട് പറ്റുമോ ഈ പ്രായത്തിൽ ഇതൊക്കെ ചെയ്യാൻ. അക്കാര്യത്തിൽ എനിക്ക് മമ്മൂക്കയോട് നല്ല അസൂയ തോന്നിയിട്ടുണ്ട്,’ ബാബുരാജ് പറഞ്ഞു.
അഭിമുഖത്തിൽ ബാബുരാജ് ചെയ്തിട്ടുള്ള കോമഡി കഥാപാത്രങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. സോൾട്ട് ആൻഡ് പെപ്പെർ എന്ന ചിത്രത്തിനു ശേഷം ധാരാളം കോമഡി കഥാപാത്രങ്ങൾ വന്നിട്ടുണ്ടെന്നും അറിഞ്ഞുകൊണ്ട് അതൊക്കെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കോമഡി വേഷങ്ങൾ ഞാൻ മനപ്പൂർവം ഒഴിവാക്കിയ ഒരു കാലഘട്ടം ഉണ്ട്. സോൾട്ട് ആൻഡ് പെപ്പറിന് ശേഷമാണ് മായാമോഹിനി, ഓർഡിനറി, ഹണീബീ എന്നീ ചിത്രങ്ങളൊക്കെ വന്നത്. എന്നെ ഒരു കൊമേഡിയൻ ആയിട്ട് എല്ലാവരും കൺസിഡർ ചെയ്യുമോ എന്ന് തോന്നിയപ്പോൾ ഞാൻ അതിൽനിന്നും പതുക്കെ വിട്ട് നിന്നു. അടുപ്പിച്ച് കുറെ ചാനലുകാർ ബെസ്റ്റ് കൊമേഡിയനുള്ള അവാർഡ് എനിക്ക് തന്നു,’ ബാബുരാജ് പറഞ്ഞു.