| Friday, 5th May 2023, 10:38 am

എട്ട് മണി മുതല്‍ മേക്കപ്പിട്ട് ഇരിക്കുകയാണ്, ആ നായക നടന്‍ വരുന്നില്ല, 12 മണി വരെ ഷൂട്ട് മുടങ്ങി: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താരങ്ങള്‍ സെറ്റുകളില്‍ പ്രശ്‌നമുണ്ടാക്കുന്നത് അടുത്തിടെ സിനിമാ മേഖലയില്‍ ചര്‍ച്ചയായിരുന്നു. കൃത്യസമയത്ത് സെറ്റില്‍ വരുന്നില്ലെന്നും സംവിധായകരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്.

ഈ സാഹചര്യത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായതിനെ പറ്റി സംസാരിക്കുകയാണ് നടന്‍ ബാബുരാജ്. സെറ്റില്‍ വന്ന് എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും വന്നില്ലെന്നും ബാബുരാജ് പറഞ്ഞു. വിളിക്കുമ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കി അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

‘എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പടത്തിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ആ പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഏഴുമണിക്ക് അവിടെ ചെന്ന് കാരവാനില്‍ കയറി ഇരുന്നു. എട്ടുമണിയായപ്പോള്‍ മേക്കപ്പ് ഇട്ടു. എപ്പോഴാണ് മോനേ തുടങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ചേട്ടന്‍ ഇപ്പോള്‍ മേക്കപ്പ് ഇടണ്ടായിരുന്നുവെന്ന്.

പത്ത് മണിയായി പതിനൊന്ന് പന്ത്രണ്ട് മണിയായി. ഇത്തിരി ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അതില്‍ അഭിനയിക്കേണ്ട നായകന്‍ ഫോണ്‍ എടുക്കുന്നില്ല. അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. വീട്ടില്‍ വിളിച്ചപ്പോള്‍ അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കും അറിയില്ല. അതൊക്കെ സിനിമക്ക് നല്ലതല്ല,’ ബാബുരാജ് പറഞ്ഞു.

സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്നും ബാബുരാജ് പറഞ്ഞു.

‘അമ്മയുടെ ഓഫീസില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോള്‍ പറയുന്നത് ഞാനിന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്‌സസൈസ്‌കാര്‍ ചെയ്‌സ് ചെയ്‌തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിര്‍ത്തി തുറന്നിരുന്നെങ്കില്‍ മലയാളം ഇന്‍ഡസ്ട്രി അന്ന് തീരും. നഗ്‌നമായ സത്യങ്ങളാണതൊക്കെ. ആ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്,’ ബാബുരാജ് പറഞ്ഞു.

Content Highlight: baburaj about his bad experience while shooting a movie

We use cookies to give you the best possible experience. Learn more