സീരിയസ് വേഷങ്ങളില്‍ നിന്നും ബാബുരാജ് കോമഡി റോളുകള്‍ ചെയ്യാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കോമഡി റോളിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് പറയുകയാണ് നടന്‍.
ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂളില്‍ താന്‍ ചെയ്ത സീരിയസ് റോള്‍ കണ്ടിട്ട് ആളുകള്‍ തിയേറ്ററില്‍ ചിരിച്ചുവെന്നും അതിന് ശേഷമാണ് കോമഡി റോളിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കോമഡി റോളുകള്‍ ചെയ്യാത്തതിനേക്കുറിച്ചും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.
”ആഷിഖ് അബുവിന്റെ ഡാഡി കൂളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സീരിയസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷേ ഞാന്‍ ചെയ്തിട്ട് അത് കോമഡി ആയിപ്പോയി. അത് കണ്ടിട്ട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി. വീക്ക് ഭര്‍ത്താവിന്റെ പോക്ക് ഭാര്യ എന്നൊക്കെയാണ് ഞാന്‍ അതില്‍ പറഞ്ഞ ഒരു ഡയലോഗ്.
അതൊക്കെ സീരിയസ് ആയിട്ട് പറഞ്ഞതാണ്. പക്ഷെ കാണുന്നവര്‍ക്ക് ചിരി വന്നു. ചേട്ടന്‍ കോമഡി നന്നായി ചെയ്യുന്നുണ്ടല്ലോയെന്നാണ് അവരൊക്കെ അന്ന് പറഞ്ഞത്. തിയേറ്ററില്‍ പടം എത്തിയപ്പോഴും ചിരിയാണ് എന്റെ കഥാപാത്രത്തിന് കിട്ടിയത്. അതാണ് കോമഡി റോളിലേക്കുള്ള തുടക്കം.
പിന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഓര്‍ഡിനറി, മായാമോഹിനി, ഹണി ബീ തുടങ്ങി കുറേ സിനിമയില്‍ കോമഡി റോള്‍ ചെയ്തു. കോമഡിക്ക് ഒരു കുഴപ്പമുണ്ട്, കുറേ കണ്ട് കഴിഞ്ഞാല്‍ ആള്‍ക്കാര്‍ക്ക് വേഗം മടുക്കും. അല്ലെങ്കില്‍ അതുപോലെയുള്ള മുഖമായിരിക്കണം. കണ്ടാല്‍ തന്നെ ചിരി വരുന്ന രൂപം ആവണം.
പിന്നീട് ഞാന്‍ തീരുമാനിച്ചു അതില്‍ നിന്ന് മാറണമെന്ന്. പിന്നെ വന്ന കുറേ സിനിമകളിലെ അത്തരം വേഷങ്ങള്‍ ഞാന്‍ വിട്ടു. കാരണം അങ്ങനെ നമ്മളെ ആള്‍ക്കാര്‍ ഓര്‍ക്കുന്നത് പ്രശ്‌നമാണ്. കാരണം ഇത്രയും കാലം സ്‌ക്രീനില്‍ എത്തിയിട്ട് കൊമേഡിയനായിട്ട് പിടിച്ച് നില്‍ക്കുന്നതില്‍ നിന്നും മാറി ചിന്തിക്കണമെന്ന് തോന്നി. അങ്ങനെ കുറച്ച് ഗ്യാപ്പ് എടുത്തിട്ടാണ് ജോജി ചെയ്യുന്നത്,” ബാബുരാജ് പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമനാണ് താരത്തിന്റെ അവസാന ചിത്രം. ആസിഫ് അലി നായകനായ ചിത്രത്തില്‍ മികച്ച പെര്‍ഫോമന്‍സായിരുന്നു താരം ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന ഗോള്‍ഡിലും താരം അഭിനയിക്കുന്നുണ്ട്.