| Sunday, 14th February 2010, 11:42 am

മരിച്ചവരുടെ കല്യാണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗോളിയയില്‍ മാര്‍ക്കോ പോളോയെ അമ്പരപ്പിച്ച ഒരു കാര്യം മരിച്ചവര്‍ തമ്മിലുള്ള കല്യാണമാണ്. നമുക്കൊക്കെ അതൊരു തമാശയോ മുഴുത്ത കള്ളമോ ആയി തോന്നിയേക്കാം. എന്നാല്‍ അതൊരു പച്ചപരമാര്‍ഥമാണ്. ഭൂമിയില്‍ പിറന്നവരാരും വിവാഹം കഴിക്കാതിരിക്കരുതെന്ന തത്വശാസ്ത്രമാണത്. അവര്‍ മരിച്ചാലും വിവാഹം കഴിച്ചിരിക്കണം. പരലോകത്ത് എന്നാലേ സമാധാനത്തോടെ കഴിയാന്‍ പറ്റൂ.[]

രണ്ട് പുരുഷന്‍മാരുണ്ടെങ്കില്‍ അവരിലൊരാള്‍ക്ക് മരിച്ച ഒരാണ്‍കുട്ടിയുണ്ടെങ്കില്‍ അയാള്‍ മരിച്ച മകനു പറ്റിയ മരിച്ച ഒരു പെണ്‍കുട്ടിയുള്ള പിതാവിനെ തിരയുന്നു. ഈ പെണ്‍കുട്ടി വിവാഹം കഴിക്കാതെ മരിച്ചവളായിരിക്കണം.

അതായത് ഒരു ” കന്യാമരണം” സംഭവിച്ചവള്‍ . അക്കാര്യത്തില്‍ വലിയ നിര്‍ബന്ധമുണ്ട്. പാതിവ്രത്യ ശങ്ക പോലുള്ള ഒന്ന്. പിന്നെ രണ്ട് പിതാക്കന്‍മാരും ചേര്‍ന്ന് മരിച്ച മക്കളെ വിവാഹം കഴിപ്പിക്കുന്നു. ഇത് വെറുമൊരു ചടങ്ങല്ല. ജീവിച്ചിരിക്കുന്നവരുടെ കല്യാണം പോലെ വിപുലമായ ഏര്‍പ്പാടാണ്. ഇതിന് വിവാഹ രേഖകളും സ്ത്രീധനവും എല്ലാം ഉണ്ട്. മരിച്ചവരുമായി ആശയ വിനിമയം നടത്തുന്ന ഒരു പൂജാരിയും ഈ കല്യാണത്തിലുണ്ടാകും. വിവാഹത്തിന്റെ അടുത്ത ചടങ്ങ് വിവാഹ രേഖകള്‍ കത്തിച്ച് കളയലാണ്. അതില്‍ നിന്നുയരുന്ന പുക മരിച്ചവരുമായി സംവദിക്കും.

ഇതൊക്കെ കഴിഞ്ഞാണ് വിവാഹ സദ്യ. മരിച്ചവരുടെ പ്രതിമകള്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച ഒരു പ്രതിമയില്‍ നഗര പ്രദക്ഷിണം നടത്തുന്നു. നാട് മുഴുനും അത് കൊണ്ട് നടക്കും. അതിനു ശേഷം വിപുലമായ സദ്യയുണ്ടാകും. അതുകഴിഞ്ഞ് ഈ പ്രതിമകള്‍ തീയില്‍ എരിച്ച് കളയുന്നു. ഈ തീജ്വാലകള്‍ വിവാഹ സന്ദേശം പരലോകത്തെത്തിക്കുന്നു.

ദഹനം കൊണ്ട് ഈ വിവാഹബന്ധം വേര്‍പ്പെടില്ല. രണ്ട് കുടുംബങ്ങളും സമ്മാനങ്ങളും മറ്റും കലാകാലങ്ങളില്‍ കൈമാറിക്കൊണ്ടിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിര്‍ വരമ്പുകള്‍ അവരങ്ങിനെയാണ് മായ്ച്ചു കളയുന്നത്.

ഈ വിവാഹ ബന്ധവും ആ വഴിയുള്ള കുടുംബ ബന്ധവും ഒരു കാലത്തും അവസാനിക്കുന്നില്ല. മരിച്ചവര്‍ തമ്മിലുള്ള ബന്ധമായത് കൊണ്ട് അവരൊരിക്കലും പിണങ്ങിപ്പിരിയുകയുമില്ല. കലഹമില്ല, കള്ളമില്ല, ഒളിച്ചോട്ടമില്ല. പരസ്ത്രീ സംഗമമോ പരപുരുഷ സംഗമമോ ഇല്ല. പേറും പൊറുപ്പും അസഹ്യദുഖവും ബാല പീഡകളും ബാല മരണങ്ങളും വൈധവ്യവും വിരഹവും ഇല്ല, പ്രവാസവുമില്ല.

We use cookies to give you the best possible experience. Learn more