Film News
എന്തിനാണ് ഇതൊക്കെ ഇങ്ങനെ വലിച്ചുകേറ്റുന്നതെന്ന് ചോദിക്കും, എത്ര കോടിയുണ്ടാക്കിയെങ്കിലും മമ്മൂട്ടി പട്ടിണിയാണ്: ബാബു സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 06, 11:58 am
Tuesday, 6th June 2023, 5:28 pm

അഭിനയം പോലെ തന്നെ എപ്പോഴും മലയാള സിനിമയില്‍ ചര്‍ച്ചയാവാറുള്ളതാണ് മമ്മൂട്ടിയുടെ ആരോഗ്യവും സൗന്ദര്യവും. ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയും ശരീര പരിപാലനത്തിലൂടെയുമാണ് അദ്ദേഹം ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്.

മമ്മൂട്ടിയുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് നടന്‍ ബാബു സ്വാമി. കാരറ്റ് ജ്യൂസ്, കക്കിരിക്ക മുതലായ പച്ചക്കറികളൊക്കെ മമ്മൂട്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും രാവിലെ ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചാല്‍ മതിയെന്ന് തന്നെ ഉപദേശിക്കാറുണ്ടെന്നും ബാബു സ്വാമി പറഞ്ഞു.

വേണമെങ്കിലും വേണ്ടെങ്കിലും രണ്ട് ലിറ്റര്‍ വെള്ളം ദിവസവും കുടിക്കണമെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ബ്ലാക്ക് ടീ, കാരറ്റ് ജ്യൂസ്, കക്കിരിക്ക ഇതൊക്കെയാണ് മമ്മൂട്ടി തിന്നുന്നത്. ഡാഡി കൂള്‍ ഷൂട്ടിനിടക്ക് ഞങ്ങള്‍ ഒന്നിച്ചിരിക്കുകയാണ്. സ്വാമി രാവിലെ എന്താണ് കഴിക്കുന്നത് എന്ന് ചോദിച്ചു. ദോശ, ഇഡ്ഡലി, പുട്ട്, ഉപ്പുമാവ്, ചപ്പാത്തി എന്ന് ഞാന്‍ പറഞ്ഞു. എന്തിനാ ഇതൊക്കെ ഇങ്ങനെ വലിച്ചു കേറ്റാന്‍ നിക്കുന്നത് എന്ന് ചോദിച്ചു.

ഒരു സ്‌നേഹത്തില്‍ ചോദിക്കുന്നതാണ്. പിന്നെ രാവിലെ എന്താണ് കഴിക്കുന്നത് എന്ന് ചോദിച്ചു. സ്വാമിക്ക് ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചാല്‍ പോരേ എന്ന് ചോദിച്ചു. പിന്നെ സ്വാമി ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. വേണമെങ്കിലും വേണ്ട എന്നാണെങ്കിലും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം എന്ന് പറഞ്ഞു.

ഒരു ഗ്ലാസ് ഓട്‌സ് കുടിച്ചാല്‍ മതി. ഇതൊന്നും വലിച്ചുകേറ്റണ്ട എന്ന് പറയും. അത് സത്യവുമാണ്. മമ്മൂട്ടി എത്ര കോടിയുണ്ടാക്കി എന്ന് പറഞ്ഞാലും ആള് പട്ടിണിയാണ്,’ ബാബു സ്വാമി പറഞ്ഞു.

Content Highlight: babu swami about the food habits of mammootty