| Tuesday, 6th December 2022, 5:09 pm

പപ്പയുടെ സ്വന്തം അപ്പൂസിലെ ആ റോളില്‍ നിന്ന് മുരളി പിന്മാറിയത് അവസാന നിമിഷം; വരാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും എത്തിയില്ല: ബാബു ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, മാസ്റ്റര്‍ ബാദുഷ, ശോഭന, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ്. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഡോ. ഗോപന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്.

എന്നാല്‍ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത് നടന്‍ മുരളിയെ ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നങ്ങളും മറ്റും കാരണം സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും പറയുകയാണ് പപ്പയുടെ സ്വന്തം അപ്പൂസിന്റെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍.

സഫാരി ചാനലിന് നല്‍കിയ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പപ്പയുടെ സ്വന്തം അപ്പൂസിന്റെ ഷൂട്ടിങ് ഉദയ സ്റ്റുഡിയോയുടെ ഫ്‌ളോറില്‍ തുടങ്ങി. ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ട്. പക്ഷെ സത്യത്തില്‍ സുരേഷ് ഗോപി ആയിരുന്നില്ല അതില്‍ അഭിനയിക്കേണ്ടിയിരുന്നത്.

അദ്ദേഹത്തിന് പകരം ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് മുരളിയെയായിരുന്നു. മുരളി ഓക്കെ പറഞ്ഞ് ഡേറ്റെല്ലാം ഫിക്‌സ് ചെയ്തിരുന്നു. പക്ഷെ പുള്ളി സിബി മലയിലിന്റെ വളയം എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. പാലക്കാടായിരുന്നു അതിന്റെ ലൊക്കേഷന്‍.

വരാം വരാം എന്ന് പറഞ്ഞിട്ടും പുള്ളി എത്തിയില്ല. ഇവിടെ മമ്മൂക്കയും മുരളിയുമായി ചെയ്യേണ്ടിയിരുന്ന കോമ്പിനേഷന്‍ സീനൊക്കെ ഒഴിവാക്കി ഒഴിവാക്കി ബാക്കി സീനുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

ഞാന്‍ പുള്ളി താമസിക്കുന്ന ഹോട്ടലില്‍ വരെ വിളിക്കും. ചിലപ്പൊ ഷൂട്ടിന് പോയതായിരിക്കും, ചിലപ്പൊ കിട്ടും. കുറച്ചുകൂടി ഇവിടെ വര്‍ക്കുണ്ട് എന്ന് പറയും.

അങ്ങനെയായപ്പോള്‍ പിന്നെ, ‘അയ്യോ, അങ്ങനെയാണെങ്കില്‍ ഒഴിവാക്ക്, പുള്ളിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകും. നമുക്ക് വേറെ ആരെയെങ്കിലും നോക്കാം,’ എന്ന് പറഞ്ഞു. അക്കൂട്ടത്തില്‍ നോക്കിയയാളാണ് സുരേഷ് ഗോപി.

പെട്ടെന്ന് പോയിട്ട്, കയറി വാ നാളെ ഷൂട്ടിങ്ങാണ് എന്ന് സുരേഷ് ഗോപിയോട് പറയാന്‍ ചെറിയ പേടിയുണ്ടായിരുന്നു. ആള് എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്ക് എന്ന് ഫാസിലിക്ക എന്നോട് പറഞ്ഞു.

മദ്രാസില്‍ തമ്പി കണ്ണന്താനത്തിന്റെ ഷൂട്ടിങ് അറ്റന്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സുരേഷ്. ഞാന്‍ നേരെ തമ്പി ചേട്ടനെ വിളിച്ചു. ഇങ്ങനെയൊരു പ്രശ്‌നമുണ്ട്, മുരളിയെയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ പുള്ളി ജോയിന്‍ ചെയ്തിട്ടില്ല. എന്താണെന്നറിയില്ല, വരുന്നുമില്ല വിളിച്ചിട്ട് എടുക്കുന്നുമില്ല, എന്ന് പറഞ്ഞു. സുരേഷ് ഗോപി വന്ന് ആ റോള്‍ ചെയ്യുകയാണെങ്കില്‍ നന്നായിരുന്നു എന്നും പറഞ്ഞു.

രണ്ട് ദിവസത്തേക്ക് ഞാന്‍ മാനേജ് ചെയ്ത് വിട്ടുതരാം, എന്ന് പുള്ളി പറഞ്ഞു. അങ്ങനെയാണ് മുരളിക്ക് പകരം പപ്പയുടെ സ്വന്തം അപ്പൂസില്‍ സുരേഷ് വന്നുകയറിയത്. സുരേഷിനും ഇക്കാര്യം അറിയാം,” ബാബു ഷാഹിര്‍ പറഞ്ഞു.

Content Highlight: Babu Shahir talks about Pappayude Swantham Appoos movie, Suresh Gopi and Murali

We use cookies to give you the best possible experience. Learn more