| Thursday, 21st March 2024, 6:23 pm

മണിച്ചിത്രത്താഴ് ചാത്തനേറിന്റെ കഥയായിരുന്നു; ആദ്യം പറഞ്ഞ കഥ മറ്റൊന്ന്: പ്രൊഡ്യൂസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറെ ആരാധകരുള്ള മലയാള ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ മലയാള സിനിമയിലോ ഇന്ത്യന്‍ സിനിമയിലോ കണ്ടിട്ടില്ലാത്ത ഒരു അസാധാരണ പ്രമേയമായിരുന്നു ഈ ചിത്രം കൈകാര്യം ചെയ്തത്. നാഗവല്ലിയും തെക്കിനിയും നാഗവല്ലിയെ പൂട്ടിയിട്ട മണിച്ചിത്രത്താഴും ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ്.

1993ലായിരുന്നു മധു മുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്ത സിനിമ റിലീസാകുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകരായ സിബി മലയില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ എന്നിവരും ആ സിനിമയുടെ ഭാഗമായിരുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.എ.സി ലളിത, തിലകന്‍, ശ്രീധര്‍, വിനയ പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ് തുടങ്ങിയ വന്‍താരനിരയായിരുന്നു അണിനിരന്നത്.

ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് പറയുകയാണ് പ്രൊഡ്യൂസര്‍ ബാബു ഷാഹിര്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍ മണിച്ചിത്രത്താഴിന്റെ ആദ്യത്തെ കഥ ചാത്തനേറിന്റേതായിരുന്നു. വലിയ ഒരു തറവാടിന്റെ അകത്ത് രാത്രി ആരൊക്കെയോ വന്ന് കല്ലെറിയുന്നുണ്ട്. അതുകൊണ്ട് ആ വീടിന്റെ പരിസരത്ത് കൂടെ ആരും പോകാന്‍ പാടില്ലെന്നാണ്. അവിടെ പ്രേതമുണ്ട് പിശാചുണ്ട് എന്നൊക്കെയാണ്.

രാത്രി പ്രേതം വന്ന് കല്ലെറിയുന്നു എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ചാത്തനേറിന്റെ ഒരു കഥയായിരുന്നു ആ സിനിമയുടെ തുടക്കം. എന്നാല്‍ അതിന്റെ പിന്നിലെ മറ്റൊന്ന് ഉണ്ടായിരുന്നു. ആ തറവാട്ടിലെ വില കൂടിയ ഉത്പന്നങ്ങള്‍ നെടുമുടി വേണുവിന്റെ ആ കഥാപാത്രം വില്‍പന നടത്താന്‍ കൊണ്ടുപോകുന്നതാണ്. അതിനായി രാത്രി വണ്ടികള്‍ വരും.

രാത്രി ചാത്തനേറുണ്ടെങ്കില്‍ ആരും ആ വഴി വരില്ലല്ലോ. അയാള്‍ അതിന് വേണ്ടി എല്ലാവരെയും പേടിപ്പിച്ചതാണ്. ആ വ്യക്തി തന്നെയാണ് കല്ലെറിയാന്‍ ആളെ ഏല്‍പ്പിച്ചത്. അതായിരുന്നു മണിച്ചിത്രത്തായിന്റെ കഥ. ഇത് രണ്ടോ മൂന്നോ വര്‍ഷം ഡിസ്‌കസ് ചെയ്തിരുന്നു. ഫാസില്‍ സാറും ഞങ്ങളും ക്യാമറാമാനും ആര്‍ട്ട് ഡയറക്ടറും എല്ലാവരും ചേര്‍ന്നാണ് ആ ഡിസ്‌ക്കഷന്‍. ആദ്യം പറഞ്ഞ കഥ മറ്റൊന്നായിരുന്നു. പിന്നെ മാറി മാറി വന്ന കഥയാണ് സിനിമയായി നിങ്ങള്‍ കണ്ടത്,’ ബാബു ഷാഹിര്‍ പറഞ്ഞു.


Content Highlight: Babu Shahir Talks About Manichithrathazhu

We use cookies to give you the best possible experience. Learn more