| Friday, 6th August 2021, 10:00 am

അന്ന് ഓണത്തിന് അദ്ദേഹത്തിന്റെ അഞ്ച് പടങ്ങളാണ് ഇറങ്ങിയത്; മമ്മൂക്കയെ എതിര്‍ക്കാന്‍ മമ്മൂക്ക മാത്രം എന്ന അവസ്ഥ: ഓര്‍മ്മകള്‍ പങ്കുവെച്ച് ബാബു ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാ ജീവിതത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയ്ക്ക് ആശംസാപ്രവാഹവുമായി നിരവധി പേരാണ് എത്തുന്നത്.

അക്കൂട്ടത്തില്‍ മമ്മൂക്കയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിര്‍മാതാവ് ബാബു ഷാഹിര്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂക്കയുമൊന്നിച്ചുള്ള ഓര്‍മ്മകള്‍ ബാബു ഷാഹിര്‍ പങ്കുവെച്ചത്.

‘മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് കൊച്ചിയില്‍ വെച്ചാണ്. അദ്ദേഹം ഒരു ലാംബി സ്‌കൂട്ടറിലാണ് അന്ന് സഞ്ചരിച്ചിരുന്നത്. പെട്ടിക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് കാണാം.

അപ്പോള്‍ ആളുകള്‍ പിറുപിറുക്കും, ദേ… ഇയാള്‍ മേളയിലെ നടനാണ്. പിന്നീട് ഫാസില്‍ സാറിന്റെ ഈറ്റില്ലം എന്ന ചിത്രത്തിലാണ് ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി ജോലി ചെയ്യുന്നത്.

1982-ലായിരുന്നു സിനിമയുടെ ചിത്രീകരണം, 1983-ല്‍ റിലീസായി. എന്റെ ആദ്യ ചിത്രമായിരുന്നു അത്. മമ്മൂക്കയുടെ അഞ്ചാമത്തെ ചിത്രമായിരുന്നുവെന്ന് തോന്നുന്നു. കലാരഞ്ജിനിയുടെ സഹോദരന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഒരു പാല്‍ക്കാരന്റെ വേഷം. അന്ന് മമ്മൂക്ക സ്റ്റാറായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശിവലോകം എന്ന ഒരു ബംഗ്ലാവിലായിരുന്നു ഞങ്ങള്‍ എല്ലാവരും താമസിച്ചിരുന്നത്.

ഒരു മുറിയുടെ മൂലയില്‍ സാധനങ്ങളെല്ലാം അടുക്കി വെച്ച് മമ്മൂക്ക വാക്ക്മാനില്‍ പാട്ട് കേട്ടുകൊണ്ടു കിടക്കുന്ന ആ രംഗം എനിക്കിപ്പോഴും ഓര്‍മയുണ്ട്,’ ബാബു ഷാഹിര്‍ പറഞ്ഞു.

പിന്നീട് പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലാണ് മമ്മൂക്കയ്‌ക്കൊപ്പം ജോലി ചെയ്യുന്നതെന്നും അദ്ദേഹം അപ്പോഴേക്കും വലിയ സ്റ്റാറായി കഴിഞ്ഞിരുന്നുവെന്നും ബാബു ഷാഹിര്‍ ഓര്‍ക്കുന്നു.

‘എനിക്കിപ്പോഴും ഓര്‍മയുണ്ട്. ആ ഓണത്തിന് മമ്മൂക്കയുടെ അഞ്ച് പടങ്ങളാണ് റിലീസായത്. മമ്മൂക്കയെ എതിര്‍ക്കാന്‍ മമ്മൂക്ക മാത്രം എന്ന അവസ്ഥയായിരുന്നു അത്.

അതില്‍ ഞങ്ങളുടെ ‘പൂവിന് പുതിയ പൂന്തെന്നല്‍’ പരാജയപ്പെട്ടു. ജോഷിയുടെ ‘ന്യൂഡല്‍ഹി’ ഇറങ്ങിയതോടെ മമ്മൂക്കയുടെ ജൈത്രയാത്ര ആരംഭിച്ചു.

പിന്നീട് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഫാസില്‍ സാര്‍ തമിഴില്‍ സംവിധാനം ചെയ്ത കിളിപ്പേച്ച് കേട്ക്കവാ, ഹരികൃഷ്ണന്‍സ്, കൈയ്യെത്തും ദൂരത്ത്, സിദ്ദീഖിന്റെ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രങ്ങളിലും മമ്മൂക്കയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്,’ ബാബു ഷാഹിര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Babu Shahir Remembers Experience With Mammootty

We use cookies to give you the best possible experience. Learn more