| Saturday, 14th December 2024, 10:29 pm

വല്ലാത്തൊരു കഥയുടെ വഖഫ് എപ്പിസോഡിന് താഴെ കണ്ടത് സംഘികളുടെ രോദനം: ബാബു രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുന്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ബാബു രാമചന്ദ്രന്‍.

വഖഫ് വിഷയത്തെ സംബന്ധിച്ച് താന്‍ ചെയ്ത ‘വല്ലാത്തൊരു കഥ’യുടെ എപ്പിസോഡിന്റെ കമന്റ് ബോക്‌സില്‍ സംഘികളെന്ന് വിളിക്കുന്നവരുടെ രോദനമാണെന്നും ബാബു രാമചന്ദ്രന്‍ പറഞ്ഞു.

കമന്റുകള്‍ മാത്രം വായിച്ചാണ് ഇവര്‍ പ്രതികരിക്കുന്നതെന്നും എപ്പിസോഡ് മുഴുവനായി കണ്ടിട്ടല്ലെന്നും ബാബു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് വിട്ടതിന് പിന്നാലെ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇങ്ങനെ വഖഫിനെ ന്യായീകരിക്കുന്നതിലും ഭേദം കമ്പി പാര എടുത്ത് കക്കാന്‍ പോവുന്നതാണ് ബാബു രാമചന്ദ്രന്‍ നല്ലത്. അതിന് ഇതിലും അന്തസുണ്ട്, 1921ലെ ഹിന്ദു വംശഹത്യയെ വെള്ള പൂശിയ ബാബു ഏട്ടന് ഇതൊക്കെ പൂ പറിക്കുന്നത് പോലെ നിസാരം, മീഡിയ വണ്ണില്‍ ഒഴിവ് ഉണ്ടെന്ന് തോന്നുന്നു… ബാബുചേട്ടന്‍ മിക്കവാറും അങ്ങോട്ട് ചാടും തുടങ്ങിയ പ്രതികരണങ്ങളാണ് വഖഫ് എപ്പിസോഡിനെതിരെ ഉയര്‍ന്നത്.

എന്നാൽ താൻ  ചരിത്ര വസ്തുതയാണ് വഖഫ് വിഷയത്തില്‍ ചൂണ്ടിക്കാട്ടിയതെന്ന് ബാബു രാമചന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞു. കോടതി മൂല്യമുള്ള രേഖകളാണ് എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുന്നത് തന്നെ ആര്‍ക്കും വീട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് പറഞ്ഞുകൊണ്ടാണെന്നും ബാബു രാമചന്ദ്രന്‍ പറഞ്ഞു.

പ്രശ്നങ്ങൾ ഒന്നുമില്ലാതെ പരിഹാരമുണ്ടാകട്ടേയെന്നും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷം പിടിക്കാതെ എപ്പിസോഡ് ചെയ്യാനാകില്ല. അന്ധമായ പക്ഷം പിടിക്കലല്ല. വസ്തുതയോട് ചേര്‍ന്ന് നില്‍ക്കുന്ന പക്ഷം കണ്ടെത്തി പറയുക എന്നതാണെന്നും ബാബു രാമചന്ദ്രന്‍ പറഞ്ഞു.

വല്ലാത്തൊരു കഥ എപ്പിസോഡ് 220 വരെ തന്റെ ഉള്ളടക്കങ്ങളില്‍ ഏഷ്യാനെറ്റ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടേതായ ഒരു ധാരണയുണ്ടാകുമെന്നും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സെന്‍സര്‍ഷിപ്പ് നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Babu Ramachandran said that we cannot escape from the fact that Munambam is Waqf land

We use cookies to give you the best possible experience. Learn more