മഹാസമുദ്രത്തിന്റെ സമയത്ത് നിര്‍മാതാവുമായി ലാലേട്ടന്‍ പിണക്കത്തിലായിരുന്നു, ഷൂട്ടില്‍ അദ്ദേഹം ബ്രേക്കെടുത്തില്ല: ബാബു രാജ്
Entertainment news
മഹാസമുദ്രത്തിന്റെ സമയത്ത് നിര്‍മാതാവുമായി ലാലേട്ടന്‍ പിണക്കത്തിലായിരുന്നു, ഷൂട്ടില്‍ അദ്ദേഹം ബ്രേക്കെടുത്തില്ല: ബാബു രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th August 2023, 2:22 pm

 

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബാബു രാജ്. ലാലേട്ടന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും എല്ലാവര്‍ക്കും അവരവരുടേതായ ഫ്രീഡം അദ്ദേഹം നല്‍കാറുണ്ടെന്നും ബാബു രാജ് പറഞ്ഞു. സ്വന്തം കാര്യം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാന്‍ ലാലേട്ടന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാബു രാജ്.

‘സ്വന്തം സഹോദരനെ പോലെയാണ് ലാലേട്ടന്‍. എല്ലാവര്‍ക്കും അവരവരുടേതായ ഫ്രീഡം തന്നുവിടുന്ന ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍, വളരെ പോസിറ്റീവായിട്ട് പ്രതികരിക്കുന്ന ആളാണ്. അല്ലാതെ എന്റെ കാര്യം നിന്നെ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം നോക്കില്ല. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴെല്ലാം ആ ഒരു ഫ്രീഡം നമുക്ക് ഫീല്‍ ചെയ്യും. ഒരുപാട് കാര്യങ്ങള്‍ കണ്ടുപഠിക്കാനുള്ള വ്യക്തിത്വമാണ് അദ്ദേഹം. ഞങ്ങള്‍ മഹാസമുദ്രം എന്ന പടം ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ ഫ്രണ്ട് തന്നെയാണ് അതിന്റെ പ്രൊഡ്യൂസര്‍, സുരേഷേട്ടന്‍. ആ സമയത്ത് ഇവര്‍ തമ്മില്‍ എന്തോ പിണക്കും ഉണ്ടായിരുന്നു. ഇദ്ദേഹത്തോടുള്ള ദേഷ്യം കാരണം ലാലേട്ടന്‍ ബ്രേക്കെടുക്കില്ലായിരുന്നു. ഇന്ന് ബ്രേക്കെടുക്കാതെ പോകാമെന്ന് പുള്ളി ഞങ്ങളോട് പറയും. എന്താ കാര്യമെന്ന് വെച്ചാല്‍ സുഹൃത്തിനോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് ബ്രേക്കെടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്നത്. അത്രയും വര്‍ക്കില്‍ ഡെഡിക്കേറ്റഡ് ആണ് അദ്ദേഹം, അത് നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ്,’ ബാബു രാജ് പറഞ്ഞു.

മമ്മൂട്ടിയുടെ സിനിമയോടുള്ള അഭിനിവേശം കണ്ടുപഠിക്കേണ്ടതാണെന്നും ബാബു രാജ് പറഞ്ഞു. കൂടെയുള്ള ആര്‍ട്ടിസ്റ്റുകളെ എല്ലാം പഠിച്ചെടുക്കുന്നത് വരെ മമ്മൂട്ടി സപ്പോര്‍ട്ട് ചെയ്യുമെന്നും താരം പറഞ്ഞു.

‘മമ്മൂക്കയുടെ പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന്റെ സിനിമയോടുള്ള അഭിനിവേശം കണ്ടുപഠിക്കേണ്ടതാണ്. ഈ ഒരു സമയത്തും അദ്ദേഹം കറക്ടായി ശരീരം നോക്കും, വ്യായാമം ചെയ്യും, ഭക്ഷണം കറക്ടായി കഴിക്കും. അതൊക്കെ സിനിമയോടുള്ള ഭ്രാന്തുകൊണ്ടാണ്. അദ്ദേഹം ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്യും ഒരു പരിധി വരെ. അതായത് സ്വന്തം ചിറകിലാകുന്നത് വരെ തള്ളക്കൊഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ ഏതൊരു ആര്‍ട്ടിസ്റ്റിനെയും അദ്ദേഹം കൊണ്ടുനടക്കും. സ്വന്തമായി ഓക്കെയായാല്‍ പിന്നെ ആവശ്യമില്ലലോ. അദ്ദേഹത്തെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതി. അങ്ങനെ അദ്ദേഹം കൊണ്ട് നടന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്‌നേഹവുമുണ്ട്. അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എങ്ങനെയാകണം സിനിമ, എത്രത്തോളം വേണം, എല്ലാ കാര്യങ്ങളും അദ്ദേഹത്തെ കണ്ടുപഠിക്കാനുണ്ട്. സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയില്‍ സ്‌നേഹം വേണം, എവിടെ വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയെ കണ്ട് പഠിക്കണം,’ ബാബു രാജ് പറഞ്ഞു.

Content Highlights: Babu raj talks about mohanlal and mammootty