ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ തുടങ്ങിയ നടനാണ് ബാബുരാജ്. പിന്നീട് മലയാളത്തിൽ സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടനായി ബാബുരാജ് മാറിയിരുന്നു. നെഗറ്റീവ് കഥാപാത്രത്തിൽ നിന്ന് ബാബു രാജിന് ഒരു മോചനം നൽകിയത് ആഷിഖ് അബു ഒരുക്കിയ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രമായിരുന്നു.
ആഷിഖ് അബുവിന്റെ തന്നെ ആദ്യത്തെ ചിത്രമായ ഡാഡി കൂൾ എന്ന സിനിമയിലും പതിവിൽനിന്ന് വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രത്തെയായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. ബാബുരാജിന് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സാൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രം താരത്തിന് നിരവധി പ്രശംസകൾ നേടികൊടുത്തിരുന്നു.
എന്നാൽ ചിത്രത്തിൽ തനിക്ക് പകരം ആദ്യം മറ്റൊരു കോമഡി നടനെയായിരുന്നു വിചാരിച്ചിരുന്നതെന്ന് ബാബുരാജ് പറയുന്നു. ഡാഡികൂളിലെ തന്റെ പ്രകടനം കണ്ട് സംവിധായകൻ ആഷിഖ് അബുവാണ് തനിക്ക് കോമഡി വഴങ്ങുമെന്ന് ആദ്യമായി പറയുന്നതെന്നും ബാബുരാജ് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘സോൾട്ട് ആൻഡ് പെപ്പറിന് മുമ്പ് ഞാൻ ആഷിഖ് അബുവിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്, ഡാഡികൂൾ. ആ പടത്തിൽ ഞാൻ മമ്മൂക്കയുടെ കൂടെ ഒരു പൊലീസ് ഓഫീസറാണ്. എന്നാൽ ഞാൻ ഈ കഥാപാത്രം ചെയ്ത് വന്നപ്പോൾ അത് ഹ്യൂമറായി പോയി. അപ്പോൾ ആഷിഖ് അബു എന്നെ പ്രോത്സാഹിപ്പിച്ചു.
ചേട്ടാ അങ്ങനെ തന്നെ പറഞ്ഞോ നന്നാവുമെന്ന് ആഷിഖ് അബു പറഞ്ഞു. എന്റെ ഡയലോഗുകൾക്ക് തിയേറ്ററിൽ നല്ല ചിരി വരുന്നുണ്ടെന്ന് ആഷിഖ് എന്നെ വിളിച്ച് പറഞ്ഞിരുന്നു. ഞാനന്ന് പടം കണ്ടിട്ടില്ലായിരുന്നു. ആഷിഖ് എന്നെ വിളിച്ചിട്ട് ഒന്ന് ചെന്ന് ആ പടം കാണണം എന്ന് പറഞ്ഞിരുന്നു. എന്നോട് കോമഡി ട്രൈ ചെയ്യണമെന്നും ആഷിഖ് പറഞ്ഞു.
ഞാൻ കരുതിയത് എനിക്ക് കോമഡി ചെയ്യാൻ കഴിയില്ല എന്നാണ്. ഇടി കൊള്ളുക ഓടുക ഇതൊക്കെ തന്നെയല്ലേ പരിപാടി. അങ്ങനെ ഇരിക്കുമ്പോഴാണ് സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമ ആഷിഖ് അബു പ്ലാൻ ചെയ്യുന്നത്.
അതിൽ ഞാൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടത് വേറൊരു കോമഡി ആർട്ടിസ്റ്റായിരുന്നു. എന്നാൽ അത് മാറ്റി റീപ്ലേസ് ചെയ്തിട്ടാണ് എന്നെ അതിൽ ഫിക്സ് ചെയ്യുന്നത്. ആഷിഖ് കഥ പറയാൻ വന്നപ്പോൾ തന്നെ ഞാൻ കുക്കിങ് ആയിരുന്നു. എനിക്ക് അറിയില്ലായിരുന്നു കുക്ക് ആയിട്ടാണ് അഭിനയിക്കുന്നതെന്ന്. അതൊക്കെ നിമിത്തമാണെന്ന് പറയാം,’ബാബുരാജ് പറയുന്നു.
Content Highlight: Babu Raj Talk About His Charcter In Salt And Peppar